kinav

കവിതകൾ

ചെറുകവിതകൾ

By വൈഷ്ണവ് സതീഷ്

September 20, 2020

kinav

Typing…

കീബോർഡിലെ അക്ഷരത്തെല്ലുകളിൽനിന്നവൾ അടർത്തി മാറ്റിക്കൊണ്ടിരുന്ന വാക്കുകൾക്കായി ആകാംക്ഷയോടെ അവൻ മറുപുറം കാത്തിരുന്നു.

നിമിഷങ്ങൾക്ക് ദശാബ്ദങ്ങളുടെ ദൈർഘ്യം..

പ്രതീക്ഷയുടെ അനന്തമായ കടലിരമ്പം അപ്പോഴും അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു..

മൗനം

പിരിയുംമുൻപ് ഒരിക്കൽക്കൂടി അവർ തമ്മിൽ കണ്ടു..

പതിവുപോലെ കണ്ണുകൾ കഥ പറഞ്ഞില്ല..കളിചിരികളുയർന്നില്ല..ശബ്ദം നേർത്തൊരു പാടയായി തൊണ്ടയിൽ കുരുങ്ങിക്കിടന്നു..

മനസ്സിന്റെ മടിത്തട്ടിൽ മാലാഖച്ചിറകുകളുമായി ഒരു രാജകുമാരനും രാജകുമാരിയും പിറവികൊണ്ടു..

അവർ അനശ്വരരായിത്തീർന്നു.

കിനാവ്

വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരൊത്തുചേരൽ..

ചില്ലിട്ടുവെച്ച പ്രണയത്തിന്റെ ഫോസിൽ മനസ്സിന്റെ ചുവരിൽത്തൂങ്ങിയിരുന്ന് അയാളെ നോക്കി വെളുക്കെ ചിരിച്ചു..

ജീർണിച്ച നാളുകൾക്ക്മേൽ പ്രതീക്ഷയുടെ പൊൻവെളിച്ചം.

ഒരു ചിരി മാത്രം സമ്മാനിച്ച്, ഒന്നും പറയാതയാൾ തിരിഞ്ഞുനടന്നു..

ഒരു മനോഹര സ്വപ്നം!

 

വൈഷ്ണവ് സതീഷ് ഇ-മെയിൽ : vaishnavsatheesh01@gmail.com