പള്ളിയെയും , പട്ടക്കാരെയും തള്ളി പറയാൻ പറയാനൊരു ഇ എം എസ് ഇല്ലാതെ പോയല്ലോ
അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തിൻ്റെ ഉപഞ്ജാതാവ് കെ എം മാണിയെ പാർട്ടി പ്ലീനത്തിൽ പങ്കെടുപ്പിച്ച് ദാർശിനക ചർച്ചക്കായ് മൈക്ക് നൽകിയത് 2014 ൽ പാലക്കാട് നടന്ന പ്ലീനത്തിൽ വെച്ചാണ്. അതേ പ്ലീനത്തിൽ വെച്ചായിരുന്നു പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് മദ്യ കുപ്പി കൊണ്ട് എറിഞ്ഞതും സംസ്ഥാന സെക്രട്ടറി പ്രവർത്തകരെ ഉഷാ ഉതുപ്പിനോട് ഉപമിച്ചതും.
കേരള കോൺഗ്രസിൻ്റെ പൊതു രാഷ്ടീയ നിലപാട് എക്കാലത്തും അടിസ്ഥാന വർഗ്ഗത്തോട് നീതി പുലർത്തുകയോ അവർക്ക് ന്യായമായത് നൽകുകയോ ചെയ്യുന്നതായിരുന്നില്ല എക്കാലത്തും കർഷകരുടെ അതായത് മധ്യവർഗ്ഗ ജനവിഭാഗങ്ങൾക്കായ് നിലകൊള്ളുക എന്നത് തന്നെയായിരുന്നു . കേരളത്തിലെ അടിസ്ഥാന വർഗ്ഗം നടത്തിയ എണ്ണമറ്റ സമരങ്ങളിലൊന്നും അദ്ധ്വാന വർഗ്ഗ സിദ്ധാന്തം നിഴലിച്ചതായി കണ്ടിരിന്നുമില്ല.
കേരളീയ സമൂഹത്തിൻ്റെ പൊതുബോധത്തെ വക്രീകരിച്ച് കൊണ്ടാണ് എ കെ ജി സെൻ്ററിൻ്റെ വാതിൽക്കൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസ് കെ മാണിയെന്ന രാഷ്ട്രീയ കോമാളിയെ തൊഴുകൈയോടെ സ്വീകരിക്കുന്ന ചിത്രം നമ്മുക്ക് മുന്നിൽ കാട്ടി തന്നത്
ആധുനികവും, പുരോഗമനപരവുമായ കേരള നിർമ്മിതിക്ക് എന്ത് സംഭാവനയാണ് കേരള കോൺഗ്രസ്സ് പാർട്ടികൾ നൽകിയതെന്ന് ഇക്കൂട്ടരോട് ചോദിക്കാൻ പോലും ആരും അവശേഷിക്കാത്ത തരത്തിൽ കേരളം ചുരുങ്ങി പോയിരിക്കുന്നു.
സി പി എം ൻ്റെ ഈ മാ റ്റം പുതിയതല്ല 1960 കളിൽ മുതൽ തന്നെ ഈ രീതിയിലുള്ള പിന്നാമ്പുറ രാഷ്ട്രീയത്തിൽ മിടുക്ക് കാണിച്ചിരുന്നു അവർ മതവും മതത്തെ പിൻപറ്റി പ്രവർത്തിക്കുന്ന പാർട്ടികളും, ജാത്യാധി പാർട്ടികളെയും കൂടെ കൂട്ടുന്നതിൽ യാതൊരു ജാള്യതയും അവർക്കുണ്ടായിരുന്നില്ല.
1964 ൽ കേരള കോൺ ഗ്രസ്സ് രൂപീകൃതമായതിന് ശേഷം 56 വർഷത്തിനിപ്പുറം പന്ത്രണ്ടാമത്തെ പിളർപ്പാണിത് ഇനിയും പിളരാൻ ഒരുപാട് ബാക്കിയുണ്ടെങ്കിലും ഈ കച്ചവടത്തിൽ നഷ്ടം സി പി എം ന് തന്നെയായിരിക്കും. കാരണം പള്ളിയും, പട്ടക്കാരും ഇപ്പോഴും അപ്പുറത്ത് നിൽക്കുകയാണ് .കേരള കോൺഗ്രസ്സുകളെ എക്കാലത്തും നയിച്ചിരുന്നത് പള്ളിയും പട്ടക്കാരും തന്നെയാണ് ബാലകൃഷ്ണപിള്ളയുടെ ചെറു ഗ്രൂപ്പിനെ മാത്രമാണ് ചങ്ങനാശ്ശേരി നായർ ബിഷപ്പ് നയിച്ചത് കത്തോലിക്ക സഭ എക്കാലത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധ പക്ഷത്താണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല .അത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പിലെ വോട്ടാണ് ലക്ഷ്യമെങ്കിൽ സി പി എം ൻ്റെ പെട്ടിയിൽ ഏറെ വോട്ടൊന്നും വീഴുകയില്ലന്ന് മാത്രമല്ല പാർട്ടിയുടെ പ്രത്യയ ശാസ്ത്ര അപചയത്തിൽ വിയോജിപ്പുള്ളവരുടെ വോട്ടുകൾ കിട്ടാതിരിക്കുകയും ചെയ്യും. അത് സിപിഎമ്മിൽ ഒരു തിരുത്തൽ ശക്തിയെ രൂപ പെടുത്തുകയും തിരഞ്ഞെടുപ്പ് രാഷ്ടീയത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്ത നേതൃത്വത്തെ തിരുത്തി പുറത്ത് കളയുന്ന കാലവും ഏറെ ദൂരെയല്ല 1957 ആദ്യത്തെ ഇ എം എസ് മന്ത്രിസഭയെ തകർക്കാൻ വിമോചന സമരം നടത്തിയതിൻ്റെ ചരിത്രത്തിൻ്റെ തിരക്കട്ടലുകൾ പിണറായി കോടിയേരി യാധി പ്രഭുതകൾക്കില്ലെങ്കിലും കാലം ബാക്കി വെച്ച് പോകുന്ന ചിലതുണ്ട് ഭൂപരിഷ്കരണ ഭേദഗതിയും, വിദ്യാഭ്യാസ ബില്ലും എന്താണെന്ന് അറിയുമോ എന്ന് സമയം കിട്ടുമ്പോൾ ജോസിനോട് ചോദിക്കുന്നത് നല്ലതായിരിക്കും മറുപടിക്കല്ല ജനങ്ങൾ അത് മറന്ന് കാണില്ലന്ന് ഓർമ്മിപ്പിക്കാനെങ്കിലും കാരണം നൂറ് വയസായെങ്കിലും ഗൗരിയമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓർമ്മിക്കണം പള്ളിയെയും പട്ടക്കാരെയും തള്ളി പറയണമെന്ന് പറയാൻ ഇ എം എസ് ഇല്ലാതെ പോയതോ ഓർമ്മകൾ ഉണ്ടെങ്കിലും നാവ് അറുത്ത് മാറ്റപ്പെട്ട വി എസ് അവശേഷിക്കുന്നതോ എന്താണ് ചെങ്കൊടി പുതപ്പിക്കുന്നത് സ്വപ്നം കാണുന്ന സഖാക്കൾ ചെയ്യേണ്ടത്.