“ സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവൻ കൊണ്ടും
സ്നേഹിക്കും ലോകം തിരിച്ചെന്നെയു-
മേന്നെ നണ്ണി;
മറി ച്ചാണെങ്കിൽ സ്നേഹിച്ചീടുവാൻ
സേവിക്കാനും
ധരിച്ചിട്ടില്ലെങ്കി, ലീ ലോക-
മെന്തിനു കൊള്ളാം?”
(അക്കിത്തം)
കാവ്യസാമ്രാജ്യത്തിലെ ഋഷിതുല്യനായ ചക്രവർത്തിയായിരുന്നു മഹാകവി അക്കിത്തം. കാവ്യകുലപതിമാരെ ദൂരെ നിന്ന് അത്ഭുതം നിറഞ്ഞ മിഴികളോടെ, സ്നേഹാദരങ്ങളോടെ കണ്ട് നിന്നിരുന്ന കാലമായിരുന്നു അത്. എഴുത്തിൻ്റെ ലോകത്തിലേയ്ക്ക് വളരെ വൈകി എത്തിച്ചേർന്ന, ആദ്യക്ഷരങ്ങൾ പഠിക്കുന്ന ഒരു സാഹിത്യാന്വേഷി ആയിരുന്നു അന്ന് ഞാൻ.
കാവ്യകുലപതിമാരുടെ ലോകത്തേയ്ക്ക് നടന്ന് ചെല്ലാനുള്ള അറിവോ, ജഞാനമോ തീരെയില്ലാതിരുന്ന ഒരാളുടെ മനസ്സായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ ഹൃദയവിശാലത അറിയാനായിരുന്നെങ്കിൽ അങ്ങനെയൊരു ആശങ്ക വേണ്ടിയിരുന്നില്ലെന്ന് പിന്നീടുള്ള അനുഭവങ്ങൾ സാക്ഷ്യമേകി.
ആദ്യ കവിതാസമാഹാരം ‘നക്ഷത്രങ്ങളുടെ കവിത’ പ്രസിദ്ധീകരിച്ചപ്പോൾ ഒരു നിയോഗം പോലെ അത് മഹാകവിയുടെ ദേവായനത്തിലേയ്ക്ക് തപാലിലയച്ചു. അൽകെമിസ്റ്റിലേതെന്ന പോലെ സമസ്തഗോളങ്ങളും, ആകാശനക്ഷത്രങ്ങളും കൂടെ നിന്ന് പ്രപഞ്ചം അതിഗൂഢമായി ആലോചനായോഗം കൂടി ജഞാനപീഠം നൽകിയാദരിച്ച മഹാകവിയുടെ കൈപ്പടയിൽ ഒരു മറുപടി വന്ന ദിവസം മനസ്സിലാക്കാനായി പറയും പോലെ പ്രവർത്തിക്കുന്ന മഹത് വ്യക്തിത്വമാണ് മഹാകവിയെന്ന്. ഒരു പുഞ്ചിരിയാൽ നിത്യനിർമ്മലപൗർണ്ണമിയുടെ ശോഭ മഹാകവിയുടെ മറുപടിയിലൂടെ അനുഗ്രമായി എൻ്റെ കവിതയിൽ നിറഞ്ഞു.
മഹാകവിയുടെ മറുപടിക്കത്ത് വിലപ്പെട്ട വസ്തുക്കൾ വയ്ക്കുന്ന പ്രെഷ്യസ് ഗിഫ്റ്റ് കളക്ഷൻ എന്ന പ്രത്യേക ശേഖരത്തിലേയ്ക്ക് ഭദ്രമായി വച്ചു. വിലപ്പെട്ട വസ്തുക്കൾ എന്നാൽ വിലകൂടിയ വസ്തുക്കളല്ല എന്ന് പ്രത്യേകം പറയാനാഗ്രഹിക്കുന്നു. രാമേശ്വരം കടൽത്തീരത്ത് നിന്ന് അമ്മ തീർഥയാത്ര കഴിഞ്ഞ് കൊണ്ട് വന്ന അമ്മയുടെ പേരെഴുതിയ ശംഖ്, സുഗതകുമാരി ടീച്ചർ കൈയൊപ്പിട്ട് തന്ന കവിതാ സമാഹാരം മുത്തുച്ചിപ്പി, ഓ എൻ വി സാർ കൈയൊപ്പിട്ട പേന, ചോക്ളേറ്റ് പ്രിയയായിരുന്ന അമ്മ അവസാനം കഴിച്ച ചോക്ളേറ്റിൻ്റെ തിളങ്ങുന്ന റാപ്പർ, ഇന്ത്യ കാണാൻ പോയി വന്ന എൻ്റെ ചേച്ചി പ്രത്യേകമായി വാങ്ങി തന്ന lucky to have a sister like you എന്നെഴുതിയ കീ ചെയിൻ അമേരിക്കൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്ത് നൽകിയ ഫ്രീഡം ഓഫ് ലിബർട്ടിയുടെ ഒരു ചെറിയ പ്രതിമ, ബാല്യത്തിൽ വാസു അമ്മാവൻ ഗുരുവായിരിൽ നിന്ന് വാങ്ങിത്തന്ന ഒരു വശം പച്ചയും, മറുവശം ചോന്നുമിരിക്കുന്ന ഗുരുവായൂരപ്പൻ്റെ പ്ളാസ്റ്റിക് ലോക്കറ്റ്, തറവാട്ടിലെ വീട്ടിൽ ചിതറിക്കിടന്നിരുന്ന പദ്മനാഭൻ്റെ ചക്ക്രക്കാശ്, യൂറോപ്പിലെ പതിനൊന്നോളം രാജ്യങ്ങളിലൂടെ ഒഴുകുന്ന ഡാന്യുബ് നദിയിൽ നിന്ന് വിയന്നയിലുള്ള എൻ്റെ ഏറ്റവും പ്രിയപ്പെട്ട ക്ളാസ്മേറ്റ് ഷൈനി കൊണ്ട് വന്ന് തന്ന കല്ലുകൾ (pebbles) (ഇതിൽ നിന്ന് രണ്ട് കല്ലുകൾ ഞാൻ ഓ എൻ വി സാറിന് അയച്ച് കൊടുത്തിരുന്നു) ഗംഗയുടെ ഉദ്ഭവമൂലത്തിലെ വെള്ളാരം കല്ലുകൾ. സുകുമാരൻ സാർ, പി വി മധുസൂദനൻ സാർ എന്നിവരുടെ കത്തുകൾ എൻ്റെ കവിത വായിച്ച് ആത്മാർഥതയോടെ കുറിക്കുന്ന വായനക്കാരുടെ സന്ദേശങ്ങൾ. മാനവികതയുടെ മുദ്ര പതിഞ്ഞ ആത്മാർഥതയുടെ സവിശേഷമായ മുദ്രകളുള്ള വിശേഷപ്പെട്ട വസ്തുക്കളാണിവയെല്ലാം.
മഹാകവിയെ ഒരിക്കലെങ്കിലും കാണാനാകും എന്നൊരു വിദൂരസ്വപ്നം പോലും. അന്ന് എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം . അതിൻ്റെ കാരണം അദ്ദേഹം വളരെ ഉയർന്ന പീഠത്തിലിരിക്കുന്ന ഒരു വിശിഷ്ട വ്യക്തി എന്നതും സാധാരണക്കാരിയായ എനിയ്ക്ക് പോയി കാണാനുള്ള ഒരു അർഹതയും ഇ ല്ല എന്ന സ്വയമേയുള്ള വിശ്വാസവുമായിരുന്നു. മഹാകവി എത്രയോ ഉയരത്തിലിരിക്കുന്ന കവികുലപതി. ഞാനോ ദൂരെയിരുന്ന് ഇവരെയൊക്കെ അത്ഭുതാദരത്തോടെ നോക്കിക്കാണുന്ന ഒരു പാവം പ്രജ, ഇതേ പോലെയായിരുന്നു എൻ്റെ മഹാകവിയെ കുറിച്ചുള്ള വലിയ,ചെറിയ ചിന്തകൾ.
അങ്ങനെയിരിക്കെയാണ് എൻ്റെ ആദ്യകവിതാസമാഹരത്തിൻ്റെ പ്രകാശനത്തിന് വന്നിരുന്ന കേന്ദ്രസംഗീതനാടക അക്കാദമി അവാർഡ് നേടിയ നേടിയ കഥകളി മദ്ദളം കലാകാരൻ കലാനിലയം ബാബുച്ചേട്ടൻ മഹാകവിയെ കണ്ട് അനുഗ്രഹം വാങ്ങണമെന്ന് ഉപദേശിക്കുകയുണ്ടായത്. ബാബുച്ചേട്ടൻ അച്ഛൻ്റെ വളരെ പ്രിയപ്പെട്ട സഹോദരതുല്യനായ കലാകാരനാണ്. അപ്പോഴും മഹാകവിയെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ബാബുച്ചേട്ടൻ്റെ സ്നേഹപൂർവ്വമായ നിർബന്ധത്താൽ അർദ്ധനാരീശരം എന്ന കവിത മഹാകവിയുടെ സമക്ഷം സമർപ്പിക്കപ്പെട്ടു. പൂർവ്വപുണ്യമോ, സുകൃതമോ, അദ്ദേഹം ആ സമാഹാരത്തെ അനുഗ്രഹിച്ചു
പൂനെയിലെ സാഹിത്യോൽസവത്തിലേയ്ക്ക് യാത്ര തിരിക്കാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ആ സാഹിത്യപരിപാടി മാറ്റിവയ്ക്കപ്പെട്ടു എന്നറിയാനായത്. കാലത്തിൻ്റെ ആവശ്യമതായിരു ന്നു എന്ന പോലെ അങ്ങനെയാണ് മഹാകവിയെ കാണാനായി യാത്ര തിരിക്കുന്നത്.
ദേവായനത്തിലെ കാവ്യസൂര്യൻ്റെ പ്രകാശം കണ്ട് നമസ്ക്കരിച്ച് അർദ്ധനാരീശ്വരം എന്ന കവിതാസമാഹാരത്തിന് മഹാകവിയുടെ കൈപ്പടയിൽ ലഭിച്ച അനുഗ്രഹം കൈകൊണ്ടു. പ്രപഞ്ചം എനിയ്ക്ക് വേണ്ടിയും നക്ഷത്രങ്ങളുടെ രാശികൾ മാറ്റിത്തിരിച്ച പോലൊരു അനുഭവമായിരുന്നു അത്. ചെറിയ ആഗ്രഹങ്ങളുടെ അക്ഷരങ്ങളിലേയ്ക്ക് കാവ്യചക്രവർത്തിയുടെ അനുഗ്രഹം.
മഹാകവിയുടെ ജഞാനപീഠപുരസ്ക്കാരലബ്ധി ഒരു അതിയമല്ല. . ലഭിക്കേണ്ട ഒരു അംഗീകാരം അല്പം വൈകിയെങ്കിലും അദ്ദേഹത്തിന് ലഭിച്ചതിൽ സാഹിത്യലോകത്തോടൊപ്പം സന്തോഷിച്ചു,
ഞാൻ വായിച്ചു തുടങ്ങിയ നാളിലെ അക്കിത്തം ഒരു യോഗിവര്യനെ പോലെയായിരുന്നു. മഹാകവിയെ കുറിച്ചുള്ള എൻ്റെ അറിവും പരിമിതമായിരുന്നു. ഞങ്ങളുടെ ഒരു സാഹിത്യപരിപാടിയിൽ മെമെൻ്റോയ്ക്കും, പൂച്ചെണ്ടുകൾക്കും പകരം അക്കിത്തത്തിൻ്റെ ‘ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം’ എന്ന കൃതി സ്മരണികയായി നൽകാൻ തീരുമാനിച്ചു. അന്ന് ആ പുസ്തകം ലഭ്യമായില്ല. അങ്ങനെയാണ് ‘അക്കിത്തം ആത്മഭാഷണങ്ങൾ’ എന്ന ഡോക്ടർ എൻ പി വിജയകൃഷ്ണൻ രചിച്ച പുസ്തകം വായിക്കാനിടയായത്. മഹാകവിയെ കവിത കൈപിടിച്ച് നടത്തിയ സുവർണ്ണവഴികൾ അറിയാനായത് ആ പുസ്തകത്തിൽ നിന്നാണ്. ചരിത്രം കൈയൊപ്പിട്ട് പോയ ഇതിഹാസത്തിൽ കവി ശാന്തനും, ദയാലുവും, മാനവികതയുടെ വക്താവുമായിരുന്നു.
മാർച്ചിൽ അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ദേവായനത്തിൽ വച്ച് ഭാഷാപോഷിണിയുടെ നേതൃത്വത്തിൽ ഒരു കവിയരങ്ങ് നടത്തുന്നുവെന്നറിഞ്ഞ് അതിൽ പങ്കെടുക്കാനായി യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയായിരുന്നു. കോവിഡിൻ്റെ തീക്ഷ്ണതയിൽ ആ കവിയരങ്ങ് മാറ്റിവയ്ക്കപ്പെട്ടു. മഹാകവിയോടൊപ്പം ഒരു കവിയരങ്ങിലിരുന്ന് കവിത ചൊല്ലാനായില്ല എന്ന സങ്കടം ബാക്കിയുണ്ട്.
മഞ്ചാടിമണികൾ പൊഴിഞ്ഞ് കിടക്കുന്ന കവിതയുടെ ഇലയനക്കങ്ങളുള്ള ദേവായനത്തിൽ ഇനി മഹാകവിയെ ഒരിക്കൽ കൂടി പ്രത്യക്ഷത്തിൽ കാണാനാവില്ല എങ്കിലും മഹാകവിയുടെ മുദ്രയുള്ള അനേകം കവിതകൾ നറും നിലാവിൻ്റെ പുഞ്ചിരിയുമായ് വിനയാന്വിതനായി നിൽക്കുന്ന മഹാകവിയെ ദേവായനത്തിലെ കാവ്യസിംഹാസനം അനശ്വരമായ ഓർമ്മകളാൽ അഭിഷേകം ചെയ്ത് നമുക്ക് മുന്നിലേയ്ക്ക് കൊണ്ടുവരും
കവിതയ്ക്ക് മരണമില്ല. കവിയ്ക്കും..
ദേവായനത്തിൽ നിന്ന് തിരികെ പോരുമ്പോൾ പൊഴിഞ്ഞു കിടന്ന രണ്ട് മഞ്ചാടിമണികൾ കൈയിലെടുത്തിരുന്നു. കവിതയുടെ ഗന്ധമുള്ള പ്രപഞ്ചത്തിൻ്റെ ഓർമ്മയ്ക്ക് രണ്ട് ചെറിയകല്ലുകളും. ഒരു കണ്ണുനീർക്കണത്തിൽ സൂര്യമണ്ഡലത്തിൻ്റെ പ്രകാശം ചൊരിയുന്ന കവിതകളെ ഓർമ്മിപ്പിക്കുന്നു ആ വിശിഷ്ടവസ്തുക്കൾ. മഹാകവി അനശ്വരതയുടെ മഹാപ്രസ്ഥാനത്തിലേയ്ക്ക് നടന്ന് പോയിരിക്കുന്നു.
പ്രണാമം പ്രിയമഹാകവേ!