ദ്രാവിഡൻ ചാനൽ

ഇൻഡോ-പസഫിക്ക് സുരക്ഷ ചൈനയ്ക്കും ‘സിപിഎമ്മിനും’ ഭീഷണിയോ?

By ദ്രാവിഡൻ

October 30, 2020

ഇൻഡോ-പസഫിക്ക് സുരക്ഷ ചൈനയ്ക്കും ‘സിപിഎമ്മിനും’ ഭീഷണിയോ? ഭാരതവും ജപ്പാനും ആസ്ട്രേലിയയും അമേരിക്കയും ചേർന്ന് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗുമായി (‘ക്വാഡ്’) ഇൻഡോ പസഫിക്ക് മേഖലാ സുരക്ഷയ്ക്ക് നീക്കം. ഭീഷണി മുഴക്കുന്ന ചൈനക്കൊപ്പം കാരാട്ടും കമ്യൂണിസ്റ്റുകാരും

ഇൻഡോ-പസഫിക്ക് മേഖലയിൽ ശാന്തിയും നാവികപാതാ സുരക്ഷയും ഉറപ്പാക്കുവാൻ ഭാരതത്തിനും ജപ്പാനും ആസ്ട്രേലിയക്കും അമേരിക്കക്കും കൂട്ടായ പങ്കാളിത്തമുള്ള ഒരുചതുഷ്കോണ സുരക്ഷാ സംരംഭമാണ് ‘ക്വാഡ്’ എന്നു വിളിക്കപ്പെടുന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. അങ്ങനെയൊരു കൂട്ടായ്മയിൽ ഭാരതം സക്രിയ പങ്കാളിത്തം വഹിക്കുന്നതിനെതിരെയാണ് പ്രകാശ് കാരാട്ട് ‘അമേരിക്കയുടെ സാമന്ത രാജ്യമാകണോ’ എന്ന ലേഖനം (ദേശാഭിമാനി ഒക്ടോബർ 15) എഴുതി ചോദ്യചിഹ്നം ഇട്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെയും മുതലാളിത്ത ചൂഷണത്തിന്റെയും അപകടകരമായ കയ്യൂക്കിന്റെയും ബലത്തിൽ ലോകത്തിനു നേരെ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ ഭീഷണി മുഴക്കുന്ന ചൈനയോട് പൂർണ്ണ വിധേയത്വമുള്ള കമ്യൂണിസ്റ്റു മാക്സിസ്റ്റു കക്ഷിയുടെ പക്ഷത്തുനിന്നുള്ള കാഴ്ചപ്പാടുകളാണ്, ആ ലേഖനത്തിലൂടെ, കാരാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

കമ്യൂണിസ്റ്റു ചൈന രൂപം കൊള്ളുന്നതിനും ഭാരതം സ്വതന്ത്രയാകുന്നതിനും വളരെ മുമ്പ് 1930ൽ തന്നെ കാൾ ഹൗഷോഫർ എന്ന ജർമ്മൻ രണതന്ത്രജ്ഞൻ പോലും യൂറേഷ്യൻ രണതന്ത്ര കാഴ്ചപ്പാടിന് അനുസൃതമായിട്ട് നോക്കിക്കണ്ടിരുന്ന ഇടമായിരുന്നു ഇൻഡോ പസഫിക്ക് മേഖല. തന്ത്ര പ്രധാനമായ നാവിക പാത ഉൾക്കൊള്ളുന്ന ഈ മേഖല തടസ്സങ്ങളില്ലാത്ത സമാധാന മേഖലയായി തുടരണമെന്നതിൽ ആഗോളസമൂഹത്തിനുള്ള താത്പര്യത്തിനുള്ള കാരണത്തിലേക്ക് ചരിത്രം നൽകുന്ന സൂചനയാണത്. ജനസംഖ്യകൊണ്ടും സാമ്പത്തികവളർച്ചകൊണ്ടും പുതിയ ലോകക്രമത്തിലാകെ അവഗണിക്കാനാകാത്ത ശക്തിയായി വളരുന്ന രാജ്യമെന്ന നിലയിൽ ഭാരതത്തിനും ഇൻഡോ പസഫിക് മേഖലയിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് 2007 ൽ (കമ്യൃണിസ്റ്റു പിന്തുണയോടെ) ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷും ഉൾപ്പടെയുളള രാജ്യത്തലവന്മാർ ഇൻഡ്യാ-ജപ്പാൻ-ആസ്ട്രേലിയാ-അമേരിക്കൻ ചതുഷ്കോണ അച്ചുതണ്ടിനെ കൂറിച്ചുള്ള ചിന്ത ഗൗരവപൂർവ്വം തുടങ്ങിയത്. ചൈനാ സർക്കാരിനോടും ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയോടും രാജീവ് ഗാന്ധി ഫൗണ്ടേഷനിലൂടെയും മറ്റും പണം വാങ്ങി കടപ്പെട്ടുപോയ സോണിയയുടെ നിയന്ത്രണത്തിലായിരുന്ന ഡോ മൻമോഹൻ സിംഗ് ആ ചർച്ചയിൽ നിന്നും പിന്നോട്ടു പോയി. ജപ്പാനിലും ആസ്ട്രേലിയയിലും പിന്നീട് വന്ന ഭരണാധികാരികളും ചൈനയുടെ നീരസം ഒഴിവാക്കൂന്നതിന് പ്രാധാന്യം നൽകിയതുകൊണ്ട് ആ ചർച്ചകളെ വേണ്ടുംവിധം മുന്നോട്ടു കൊണ്ടു പോയില്ല. പക്ഷേ 2014ൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ വരവും മറ്റു രാജ്യങ്ങളിൽ വന്ന രാഷ്ട്രീയ മാറ്റങ്ങളും അത്തരം ചർച്ചകൾ വീണ്ടും സജീവമാക്കി. 2007ൽ ആരംഭിച്ച ക്വാഡ് ആലോചനകൾക്ക് ഒരു ദശാബ്ദ ശേഷം വീണ്ടും ഗൗരവം വർദ്ധിക്കൂന്നതായാണ് പിന്നീട് കണ്ടത്.. 2017ൽ അസിയാൻ (ASEAN) ഉച്ച കോടിയിയുടെയിടയിൽ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ചർച്ചകളിലൂടെ ക്വാഡിനെ വീണ്ടും സജീവമാക്കുവാൻ സാധിച്ചുയെങ്കിൽ അത് ഭാരത്തിനു ഗുണകരം. കമ്യൂണിസ്റ്റു ചൈന സാമ്രാജ്യത്വ സാമ്പത്തിക മേഖലയിലുൾപ്പടെ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കുന്ന ലോക രാജ്യങ്ങൾക്കെല്ലാം ഗുണകരം. തെക്കൻ ചൈനാ സമുദ്ര മേഖല കേന്ദ്രമാക്കി കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചൈന കാട്ടുന്ന കടന്നാക്രമണങ്ങളിൽ പൊറുതി മുട്ടിയ കമ്യൂണിസ്റ്റു വിയറ്റ്നാം, മുസ്ലീം ഭൂരിപക്ഷ ഇൻഡോനേഷ്യ, ഫിലിപ്പയിൻസ്, തുടങ്ങിയ നിരവധി ഏഷ്യൻ രാജ്യങ്ങൾക്ക് ഏറെ ഗുണകരം.

അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ് ഇതൊരു സൈനിക സഖ്യമോ ശാക്തികച്ചേരിയോ അല്ലായെന്നുള്ളത്. നാലു രാജ്യങ്ങളുടെ തന്ത്രപരമായ ഒരു അനൗപചാരിക കൂട്ടായ്മ മാത്രമാണ് ക്വാഡ്. കൂടിയാലോചനകളും തന്ത്രപ്രധാനമായ വിവരങ്ങളുടെ കൈമാറ്റങ്ങളും അംഗരാജ്യങ്ങൾ തമ്മിൽ സഹകരിച്ചുള്ള സൈനിക പ്രദർശന പരിശീലനങ്ങളും മറ്റുമാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾക്കു വേണ്ടിയൂള്ള ആ കൂട്ടായ്മയൂടെ ചൂവടുവെപ്പുകൾ. വസ്തുതകൾ ഇങ്ങനെയായിരിക്കെ, ഇതിനെ ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്ത സൈനിക ചേരികളോടോ പിന്നീടുയർന്ന അമേരിക്കയുടെയും സോവിയറ്റു യൂണിയന്റെയും ചേരികളോടോ ചൈനയുടെയും പാക്കിസ്ഥാന്റെയൂം സഖ്യത്തോടോ തുല്യമായി കരുതേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. കൃത്യമായി പറഞ്ഞാൽ അത് ഒരു അമേരിക്കൻ സുരക്ഷാ സഖ്യമല്ല. കൂടുതൽ സ്പഷ്ടമായി പറഞ്ഞാൽ (1) മറ്റേതെങ്കിലും രാജ്യത്തെയോ രാജ്യങ്ങളെയോ സൈനികമായി ആക്രമിക്കുവാനുള്ള ഒരു കൂട്ടൂകെട്ടല്ല ക്വാഡ് (2) ഈ കൂട്ടായ്മയിലെ ഏതെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും ഒരു രാജ്യം സൈനികമായി ആക്രമിച്ചാൽ (ഉദാഹരണത്തിന് ചൈനയോ പാക്കിസ്ഥാനോ ഭാരതത്തെ ആക്രമിച്ചാൽ) സൈനിക സഹായം നൽകി പ്രതിരോധിക്കുവാനുള്ള ബാദ്ധ്യത ക്വാഡിനില്ല. അതുകൊണ്ടു തന്നെ ‘അമേരിക്കൻ സുരക്ഷാ സഖ്യത്തിൽ’ ഭാരതം ചേർന്നുയെന്നും സെപ്റ്റംബറിൽ നൽകിയ ഉറപ്പുപാലിച്ചില്ലെന്നും മറ്റുമുള്ള കാരാട്ടിന്റെ വാദങ്ങളുടെ മുനയൊടിയുന്നു. 2007ൽ ക്വാഡ് സംബന്ധമായ ആലോചനകളിൽ പങ്കാളിയായിരുന്ന ഭാരതം അങ്ങോട്ട് ചെന്നു ‘അമേരിക്കൻ സുരക്ഷാ സഖ്യത്തിൽചേർന്നു’ എന്നൊക്കെ വരുത്തി തീർക്കുവാനായി അദ്ദേഹം ‘തലചുറ്റിവന്ന് മൂക്കേൽ പിടിക്കാൻ’ നടത്തുന്ന ശ്രമങ്ങളും ആദ്യ വായനയിൽ തന്നെ പൊളിച്ചടുക്കപ്പെടുന്നു. പിന്നെ, ഇത് ചൈനയ്ക്കെതിരെയുള്ള കൂട്ടായ്മയാണെന്ന് പറയുന്നതിലൂടെയാണെങ്കിൽ സ്വന്തം പക്ഷമായ ചൈനയെ പ്രതിക്കൂട്ടിലിടുന്ന കുറ്റ സമ്മതമാണ് പ്രകാശ് കാരാട്ട് ചെയ്തിരിക്കുന്നത്. കാരണം അപകടഭീഷണിയ്ക്കും അപായ സാദ്ധ്യതയ്ക്കും എതിരെയാണ് സുരക്ഷയ്ക്കുവേണ്ടി കൂട്ടായ്മ അനിവാര്യമാകുന്നത്. ഇൻഡോ പസഫിക്ക് മേഖലയിലെ സുരക്ഷയ്ക്കുള്ള ഭീഷണിയെ പ്രതിരോധിക്കുവാനുള്ള കൂട്ടായ്മയെന്നു പറയുമ്പോൾ പ്രതിരോധം ചൈനയ്ക്കെതിരെയാണെന്ന് കരഞ്ഞുപറയാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ അപകടകരമായ ആ ഭീഷണി ഉയരുന്നത് കമ്യൂണിസ്റ്റ് ചൈനയിൽ നിന്നാണെന്ന് അവരും അംഗീകരിക്കുന്നൂയെന്നല്ലേ മനസ്സിലാക്കേണ്ടത്?

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് കഴിഞ്ഞ ആറുമാസത്തിനിടയിൽ അതിർത്തിയിൽ സ്ഥിതി മോശമാക്കിയ ചൈനയുടെ പ്രവർത്തിക്ക് ന്യായമെന്ന് അവിടത്തെ കമ്യൂണിസ്റ്റു ഫാസിസ്റ്റു ചൈനീസ് ഭരണകൂടത്തിന് ‘കാപ്സ്യൂൾ’ ന്യായീകരണവുമായി കാരാട്ട് പറഞ്ഞാലും സീ ജിൻ പിംഗ് ഭരണകൂടം അങ്ങനെ ഒരു ന്യായം മുന്നോട്ടുവെക്കില്ല. കാരണം ഒരു പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളുടെ പേരും പറഞ്ഞ് തങ്ങൾക്ക് കടന്നാക്രമിക്കാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് സാമ്രാജ്യത്വം പരസ്യമായി അവകാശപ്പെടാനിടയില്ല.

“ചൈനയുമായി നേരിട്ടുള്ള ചർച്ചകളിലൂടെ അതിർത്തി സംഘർഷം പരിഹരിക്കുകയാണ് വേണ്ടത്. ……നിലവിലെ പ്രശ്നങ്ങള്‍ നേരിടുവാനും പരിഹരിക്കുവാനുമാവശ്യമായ വിഭവവും ശക്തിയും ഇന്ത്യക്കുണ്ട്. അതു വിനിയോഗിക്കാൻ മോഡിസർക്കാർ തയ്യാറാകണം.” ഈ പ്രസ്താവനയിലൂടെ സഖാവ് കാരാട്ടിനും ബോദ്ധ്യപ്പെട്ട ഒരു വളരെ ശ്രദ്ധേയമായ വസ്തുത തുറന്നു പറഞ്ഞത് നന്നായി. ശരിയാണ്, ലാൽ ബഹദൂർ ശാസ്ത്രിയിൽ നിന്ന് നരേന്ദ്രമോദിയിലെത്തിയ ഭാരതത്തിന് അതിനുള്ള ശക്തിയുണ്ട്. ജവഹർലാൽ നെഹ്രുവിനോട് കൊടും ചതി ചെയ്ത ചൈനയ്ക്ക് പഠിക്കാനുള്ള പാഠങ്ങൾ പാക്കിസ്ഥാനു കൊടുത്ത മറുപടികളിലൂടെ ലാൽ ബഹദൂർ ശാസ്ത്രിയും ഇന്ദിരയും അടൽ ബിഹാരി വാജ്പേയിയും ചരിത്രത്തിൽ ബാക്കിവെച്ചിട്ടുണ്ട്. കാരാട്ട് ആവശ്യപ്പെടാതെ തന്നെ അതുപയോഗിച്ച് ചൈനയെ പ്രതിരോധിക്കുവാൻ രാഷ്ട്രത്തോട് പ്രതിബദ്ധതയുള്ള നരേന്ദ്രമോദി തയ്യാറാകും. എങ്കിലും അതോടോപ്പം കാരാട്ടിലെ കമ്യൂണിസ്റ്റുകാരനും സത്യം തിരിച്ചറിഞ്ഞ് സകാരാത്മക സമീപനത്തിലേക്കു വരണമെന്നും ചൈനാ-പാക്ക് പക്ഷത്തുനിന്നുകൊണ്ടുള്ള രാഷ്ട്ര വിരുദ്ധ സമീപനങ്ങളിൽ നിന്ന് മാറണമെന്നും ഭാരതജനത ആഗ്രഹിക്കും തീരെ കുറഞ്ഞത് കാരാട്ട് പുതിയ ഭാരതത്തിന്റെ കരുത്ത് ചൈനീസ് കമ്യണിസ്റ്റ് യജമാനന്മാരോട് പറഞ്ഞുകൊടുക്കുക. ലഡാക്കിൽ കൊല്ലാൻ വന്നവരുടെ കഴുത്തൊടിച്ചു വിട്ട ഭാരതീയ ജവാന്‍മാരുടെ കൈക്കരുത്ത് കണ്ടറിഞ്ഞ മഞ്ഞപ്പട്ടാളം കൊടുത്ത അനുഭവസാക്ഷ്യത്തോടൊപ്പം കമ്യൂണിസ്റ്റ് മാക്സിസ്റ്റ് പക്ഷത്തിന്റ റിപ്പോർട്ടും ചേർത്തു വായിച്ചിട്ട് ചർച്ചക്കായി ചൈനവരട്ടെ. ആരു പറയും വേണ്ടെന്ന്? ജവഹർലാൽ നെഹ്രുവും ലാൽ ബഹദൂർ ശാസ്ത്രിയും ….ഡോ മൻമോഹൻ സിംഗും നരേന്ദ്രമോദിയും ചൈനയോടാണെങ്കിലും പാക്കിസ്ഥാനോടാണെങ്കിലും ചർച്ചയ്ക്ക് പ്രാധാന്യം കൊടുത്തവരാണ്. രണദിവെയും ഈഎംഎസ്സും കാരാട്ടും യച്ചൂരിയും ചൈനയോട് ചാർച്ചയ്ക്ക് പ്രാധാന്യം കൊടുത്തവരും. ചൈനയോട് ചാർച്ചയുള്ള കമ്യൂണിസ്റ്റു മാക്സിസ്റ്റുകാർക്ക് തന്നെ ചർച്ചയ്ക്ക് മുൻകൈ എടുക്കാവുന്നതാണ്. പക്ഷേ ശത്രു തോക്കെടുത്ത് മുന്നിൽ നിൽക്കുമ്പോൾ സ്വയം കീഴ്പ്പെടുവാനുള്ള മാർഗ്ഗം ഇതാ എന്ന രീതിയിലുള്ള ഉപദേശവുമായി വന്നാൽ ആത്മാഭിമാനമുള്ള ജനതക്ക് അത് സ്വീകാര്യമാകില്ലെന്നു മറക്കേണ്ടെന്നു മാത്രം.

പ്രകാശ് കാരാട്ടിന്റെ ലേഖനത്തിന്റെ തലവാചകം ഉയർത്തുന്ന ചോദ്യമാണ് ഭാരതവിരുദ്ധ കമ്യൂണിസ്റ്റ് മാക്സിസ്റ്റ് സംവാദരീതികളുടെ നികൃഷ്ടബുദ്ധിക്ക് മകുടദോഹരണം. പത്ത് വോട്ടോ പഞ്ചായത്തു ഭരണമോ കിട്ടുമെങ്കിൽ പരമ നാറിയാണെങ്കിലും നികൃഷ്ട ജീവിയാണെങ്കിലും വർഗ ശത്രുവാണെങ്കിലും വർഗീയ വാദിയാണെങ്കിലും വാലും ചുരുട്ടി പിന്നാലെ കൂടുന്ന കമ്യൂണിസ്റ്റു മാക്സിസ്റ്റു പാർട്ടിയാണ് ആണവായുധവും ജൈവായുധങ്ങളും സംഭരിച്ച് ആക്രമണത്തിന് പതുങ്ങി കാത്തിരിക്കുന്ന കമ്യൂണിസ്റ്റ് സാമ്രാജ്യത്വ ചൈനയെ പ്രതിരോധിക്കുന്നതിനുതകുന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ സാദ്ധ്യതകൾ തേടുന്ന ഭാരതത്തിന്റ വഴിമുടക്കുന്നതിന് ചതിയൻ ചൈനയുടെ ചാരപ്പണി ചെയ്യുന്നത്. കമ്യൂണിസ്റ്റ് ചൈന ഇസ്ലാമിക വർഗീയരാഷ്ട്രമായ പാക്കിസ്ഥാനോട് സഖ്യം ഉണ്ടാക്കിയതിൽ ചൈനയുടെ പക്ഷത്തുനിന്ന് വാദം നിരത്തുന്ന കാരാട്ട് സഖാവിനെന്താണ് ന്യായം പറയാനുള്ളത്. അമേരിക്കൻ പട്ടാളം ഇൻഡ്യയെ ആക്രമിച്ചിട്ടില്ല. 1962ൽ ചൈന ആക്രമിച്ചപ്പോൾ ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകയുടെ നേതൃത്വത്തിൽ ചേരിചേരാ രാഷ്ട്രങ്ങൾ ഇടപെട്ട് ചൈനയെ പിന്തിരിക്കാൻ ശ്രമിച്ചെങ്കിലും അവർക്കതിന് ശേഷിയില്ലായിരുന്നു. സോവിയറ്റു യൂണിയൻ സഹായിച്ചില്ല. സ്വന്തം അഭിമാനം പോലും പണയപ്പെടുത്തി നാണം കെട്ട് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു സഹായം തേടി പ്രസിഡൻറ് കെന്നഡിക്ക് ടെലഗ്രാമയച്ചതും ചോദിച്ച സഹായം നൽകിയില്ലെങ്കിലും കൂടുതൽ അതിക്രമങ്ങളിൽ നിന്ന് കമ്യൂണിസ്റ്റു ചൈനയെ വിലക്കുവാൻ അമേരിക്ക പരിമിതമായ ഇടപെടലുകളിലൂടെ വഴിയൊരുക്കി. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് അടിവാങ്ങി സഖ്യം പിരിഞ്ഞ സ്റ്റാലിന്റെ റഷ്യക്ക് അമേരിക്കയുമായി സഖ്യമാകാമായിരുന്നു. 1971 ലെ ബംഗ്ളാദേശ് വിമോചനയുദ്ധത്തിൽ പാക്കിസ്ഥാനെ സഹായിക്കാൻ ആന്തരിക പ്രശ്നങ്ങളുടെ പേരിൽ ബുദ്ധിമുട്ടിൽ പെട്ടുപോയിരുന്ന മാവോയുടെ ചൈനയ്ക്ക് കഴിയാത്ത അവസ്ഥയുണ്ടായി. ഏഴാം കപ്പൽ പടയുടെ ഭീഷണിയും മുഴക്കി പാക്കിസ്ഥാനെ സഹായിക്കാനെത്തിയത് അന്ന് ചൈനയോടും പാക്കിസ്ഥാനോടും ചങ്ങാത്തത്തിലായിരുന്ന അമേരിക്കയായിരുന്നു. ആ മൂക്കൂട്ടു മൂന്നണിയിൽ നിന്ന് അമേരിക്ക അടന്നുമാറി ഭാരതവുമായി നല്ല ഒരുബന്ധത്തിന് സാഹചര്യം തേടിയെങ്കിൽ കമ്യൂണിസ്റ്റു മാക്സിസ്റ്റൂ പാർട്ടിക്കും ചൈനയ്ക്കും ഉള്ളു പൊള്ളുന്നുവെങ്കിൽ വെന്തുരുകട്ടെയെന്നേ പറയാൻ കഴിയൂ,

ചൈനയോടു ചർച്ചക്കും പാക്കിസ്ഥാനോട് മൈത്രിക്കും വേണ്ടി നിരന്തരം വാദിക്കുന്നവർ ചില കാര്യങ്ങൾ കൂടി ഓർത്തിരിക്കേണ്ടതുണ്ട്. 1947ൽ പാക്കിസ്ഥാന്‍ കവർന്നെടുത്ത പാക്കധീന കശ്മീരാണെങ്കിലും 1962ൽ ചൈന കവർന്നെടുത്ത ഭാരതത്തിന്റെ വളരെ വിപുലമായ ഭൂപ്രദേശമാണെങ്കിലും തിരിച്ചു പിടിക്കുവാനുള്ള അവകാശം ഭാരതത്തിനെന്നും ഉണ്ട്. അതിന് സാമഗ്രിയും ശക്തിയും കുറവുള്ള കാലത്ത് തന്ത്രപൂർവ്വം ഒതുങ്ങിയിരുന്ന് കരുത്താർജ്ജിക്കുവാനും ആത്മവിശ്വാസം വർദ്ധിക്കുമ്പോൾ കടന്നാക്രമിക്കുവാനും അതല്ലാ സമാധാനത്തിനുവേണ്ടി വിട്ടുവീഴ്ചയാകാമെന്ന് കരുതുവാനുമൊക്കെയുള്ള സ്വാതന്ത്ര്യവും അവകാശവും ഭാരതത്തിനുണ്ട്. അതുകൊണ്ട് ചൈനയെയും പാക്കിസ്ഥാനെയും ശത്രുക്കളെന്നു കരുതി അവർക്കെതിരെ തന്ത്രപരമായ നിലപാടെടുകളെടുക്കുവാനും ഭാരതം മുതിർന്നെന്നു വരും. അതല്ലാ സ്ഥിരം സൗഹൃദം വേണമെന്ന് കാരാട്ടിന് അഭിപ്രായമുണ്ടെങ്കിൽ അതിനും വഴിയുണ്ട്. കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടി ചൈനയിലുള്ള അവരുടെ സ്വന്തക്കാരോട് പറഞ്ഞ് ചൈനയും പാക്കിസ്ഥാനും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു തരാൻ പറയണം. ടിബറ്റിൽ നിന്നും ചൈനയും ബലൂചിസ്ഥാനിൽ നിന്നും പാക്കിസ്ഥാനും പിന്മാറി കൊളോണിയലിസം ഉപേക്ഷിച്ച് പുതിയ സമാധാനപരമായ സഹവർത്തിത്വത്തിനുതകുന്ന ശക്തിസന്തുലനത്തിന് വഴിയൊരുക്കാൻ പറയുക. ഭാരതവും പാക്കിസ്ഥാനും ചൈനയും സ്വതന്ത്ര ടിബറ്റും സ്വതന്ത്ര ബലൂചിസ്ഥാനും പഞ്ചശീലതത്വങ്ങളെ മാനിച്ച് പരസ്പരം അംഗീകരീച്ചുകൊണ്ട് ഈ ഭൂഖണ്ഡത്തിൽ പുതിയ ഒരു രാഷ്ട്രീയ ആവാസവ്യവസ്ഥ സൃഷ്ടിക്കുവാൻ കഴിഞ്ഞാൽ അത് ലോകത്തിന് സകാരാത്മായ ഭാവി ഉറപ്പാക്കുവാനിടവരുത്തില്ലേ? അത്രയൊക്കെ ചെയ്യാൻ കഴിയുന്ന ഇടപെടൽ ശേഷി ഭാരതത്തിലെ കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടിക്കുണ്ടെന്ന മിഥ്യാ ധാരണ ഇതെഴുന്നയാളിനോ പൊതു സമൂഹത്തിനോ സ്വാഭാവികമായും ഇല്ല. പക്ഷേ അതാണ് ശരിയുടെ ദിശയെന്ന് അറിഞ്ഞ് ചെറിയ ഒരു കാൽവെപ്പെങ്കിലുമായിക്കൂടേ എന്നാണ് പ്രകാശ് കാരാട്ടിനോടും കൂട്ടരോടും ചോദിക്കുന്നത്.