ശോഭ സുരേന്ദ്രൻ അവഗണനയുടെ ഇര ബി ജെ പി നേതൃത്വം അടിയറവ് പറയേണ്ടി വരും
പുതിയ സംസ്ഥാന നേതൃത്വവുമായി നിസ്സഹകരണം തുടരുന്ന നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം പാലക്കാട് സീറ്റ് ഉറപ്പിക്കലെന്ന് അടക്കം പറച്ചിൽ .സംസ്ഥാന പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന ശോഭ സുരേന്ദ്രന് പകരം വന്ന സുരേന്ദ്രന്റ കമ്മറ്റിയിൽ വൈസ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചത് . ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉണ്ടായിരുന്ന കോർ കമ്മിറ്റി അംഗത്വം ഇല്ലാതാവുകയും ചെയ്തു . ഇതിൽ പ്രതിഷേധിച്ചു പാർട്ടി കമ്മിറ്റികളിലോ ,പ്രവർത്തനങ്ങളിലോ കുറച്ച് നാളായി അവർ സജീവമല്ലാതെ മാറി നിൽക്കുകയായിരുന്നു .ദേശീയ തലത്തിൽ ചില സ്ഥാനങ്ങൾ ലഭിക്കുമെന്ന് കേട്ടെങ്കിലും അതും ലഭ്യമായില്ല .എന്നാൽ ഈ വിട്ടു നിൽക്കലിലൂടെ പാലക്കാട് സീറ്റെങ്കിലും ഉറപ്പിക്കാനാകുമോ എന്നതാണ് നോട്ടമെന്ന് സംസാരം ഉണ്ട് . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായിരുന്നു പാലക്കാട്ടെ സ്ഥാനാർത്ഥി .ബി ജെ പി ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ അവർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു .പാർലമെന്റ് തെരഞ്ഞെടുപ്പിലും ഒരിക്കൽ അവർ പാലക്കാട്ടെ സ്ഥാനാർത്ഥിയായിരുന്നു .തെരഞ്ഞെടുപ്പിന് ശേഷവും അവർ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു .ബിജെപി ഭരിക്കുന്ന കേരളത്തിലെ ഏക മുൻസിപ്പാലിറ്റിയായ പാലക്കാട് നടപ്പാക്കിയ ഏറെ വികസന പ്രവർത്തനങ്ങൾ ഇത്തവണ വോട്ടായി മാറുമെന്നും അതുവഴി തന്റെ വിജയം ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ശോഭ .എന്നാൽ പാലക്കാട് സീറ്റ് നോട്ടം വെച്ച ഏറെ പേർ ബിജെപിയിൽ ഉണ്ട് .അതിൽ പ്രധാനി മുൻസിപ്പൽ വൈസ് ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി. കൃഷ്ണകുമാർ ആണ് .തദ്ദേശീയനും ,ജനകീയനുമായ കൃഷ്കുമാർ മത്സരിച്ചാൽ സീറ്റ് ഉറപ്പിക്കാമെന്ന് വിശ്വസിക്കുന്നവരാണ് ജില്ലയിലെ ബിജെപിക്കാർ .സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രന്റെ പിന്തുണയും കൃഷ്ണ കുമാറിനുണ്ട് .മുൻസിപ്പാലിറ്റി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ആൾ എന്നതും അദ്ദേഹത്തിന് ഗുണകരമാണ് .മുതിർന്ന നേതാവ് എൻ .ശിവരാജൻ ,ജില്ല പ്രസിഡന്റ് അഡ്വ.കൃഷ്ണദാസ് ഇവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട് .സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും , പ്രാദേശിക വാദം സ്ഥാനാർത്ഥി നിർണ്ണയത്തിൽ ശക്തമായാൽ ശോഭ സുരേന്ദ്രന് പുതിയ മണ്ഡലം തിരയേണ്ടിവരും .അതുകൊണ്ട് തന്നെ വിട്ടുനിൽക്കലിലൂടെ സമ്മർദ്ദം ചെലുത്തി പാലക്കാടിന്റെ കാര്യത്തിൽ ഉറപ്പുണ്ടാക്കുവാനാണ് ശ്രമം .