കരപ്പുറം കഥകൾ.. …………………………………………….. എഴുതപ്പെട്ട കാലത്തു നിന്ന് മറ്റൊരു കാലത്തിലേക്കും സംവേദന പരിസരങ്ങളിലേക്കും പുനർവിന്യസിക്കപ്പെടുമ്പോൾ എത്രമാത്രം വായനക്കാരനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കഥകളുടെ ഗരിമയും മേൻമയും അതിജീവന ക്ഷമതയും വിലയിരുത്തപ്പെടുക. കഥയുടെ വർത്തമാനകാലം പക്ഷേ അത്തരത്തിൽ കാലാതിജീവന ശേഷിയുള്ള കഥകളെ അത്രയൊന്നും ഉൽപ്പാദിപ്പിക്കുന്നില്ല. വാർത്തകളോടു സമരസപ്പെടുന്നവയോ വാർത്തകളിൽ നിന്നുള്ള തദ്ഭവങ്ങളോ ആയി പരിണമിക്കപ്പെട്ട മലയാള കഥകൾ മിക്കപ്പോഴും യാഥാർഥ്യത്തിന്റെ നേർ പരിഛേദങ്ങൾ മാത്രമായി പരിമിതപ്പെടുന്നു. യഥാർഥ്യങ്ങളെ അതിലംഘിക്കാനുള്ള ശേഷി കഥാകൃത്തുക്കൾക്കില്ലാത്തതോ ഭാവനയെ മറികടക്കാൻ യാഥാർഥ്യങ്ങൾക്കു വേണ്ട സമയം കുറഞ്ഞു പോയതോ ആവാം ഇങ്ങനെയൊരു പ്രതിസന്ധിയുടെ കാരണം. കാരണം എന്തു തന്നെയായാലും മലയാളത്തിലെ ആഘോഷിക്കപ്പെടുന്ന കഥകളൊക്കെയും അല്പായുസുകളാണ് എന്നത് സത്യമാണ്. കേവലം ഒരാഴ്ചയാണ് മിക്ക കഥകളുടെയും ജീവിതകാലം. ഒരു വർഷത്തിലപ്പുറം നിലനിൽക്കാൻ ശേഷിയുള്ള കഥകൾ പോലും ദുർലഭമായിരിക്കുന്ന സാഹചര്യത്തിലാണ് പതിനഞ്ച് വർഷം പഴക്കമുള്ള കഥകളുമായി കെ.വി. മോഹൻകുമാറിന്റെ കഥാ സമാഹാരം – കരപ്പുറം കഥകൾ – പുറത്തിറങ്ങുന്നത്. കഥാകൃത്ത് സ്വയം പറയുന്നതുപോലെ ഇത് കരപ്പുറത്തിന്റെ കഥകളാണ്.. കരപ്പുറം എന്ന ദേശത്തിന്റെ ജീവിതവും ചരിത്രവും മിത്തുകളും മറ്റും മറ്റും ഇഴുകിച്ചേർന്നു രൂപപ്പെട്ട കഥകൾ പക്ഷേ ദേശാതിർത്തികൾക്കു പുറത്തേക്ക് വ്യാപിക്കുകയും ദേശാന്തരങ്ങളിലെ മനുഷ്യനെക്കുറിച്ചുള്ള ആഖ്യാനങ്ങളായിത്തീരുകയും ചെയ്യുന്നു. നാലു നാവികരും ഒരു യുവതിയും ചരിത്രത്തിൽ ഇടപെടുമ്പോൾ എന്ന കഥ ഇപ്രകാരം കാലദേശങ്ങളുടെ സങ്കുചിതാതിരുകളെ ഉല്ലംഘിക്കുകയും മറ്റൊരു സംവേദന തലത്തിലേക്ക് കഥാ വായനയെ നവീകരിക്കുകയും ചെയ്യുന്നു. ചരിത്രത്തെ വായിക്കേണ്ട വിധമെന്തെന്ന് മിക്കപ്പോഴും നമുക്കറിഞ്ഞുകൂടാ. എന്നു മാത്രമല്ല ചിലപ്പോഴെങ്കിലും നാം ചരിത്രത്തെ വർത്തമാനവുമായി കൂട്ടിക്കുഴക്കുന്നുമുണ്ട്. അല്ലെങ്കിൽ തന്നെ ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി എന്താണ് വർത്തമാനത്തിൽ ഉള്ളത് എന്നും കഥ കൗതുകപ്പെടുന്നു. ഖനനം ചെയ്തെടുത്ത ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വരുന്ന രാധികയും അവളുടെ സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരുമാണ് കഥയിലെ കഥാപാത്രങ്ങൾ. കപ്പലിന്റെ വിചാരിപ്പുകാരൻ ചരിത്രം പറയുമ്പോൾ രാധികക്ക് അതൊക്കെയും എവിടെ നിന്നോ ഓർമ വരുന്നുണ്ട്. അവളുടെ മാറിലെ ആ പതക്കം ഖനനം ചെയ്തെടുക്കപ്പെട്ട ഒരു പുരാവസ്തുവല്ലേ എന്ന് വിചാരിപ്പുകാരനും സംശയിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ ഏതൊരു ജീവിയും ജനിക്കുന്നത് മുമ്പേ തന്നെ തയ്യാറാക്കിയ ചില ചരിത്ര പാഠങ്ങളുടെ കോഡുകൾ ഓർമയിലെവിടെയോ സൂക്ഷിച്ചു വച്ചു കൊണ്ടാണ് എന്ന കഥാകൃത്തിന്റെ നിലപാട് അത്ര വിചിത്രമല്ല. ആഹാരം കഴിക്കുന്നതിനും വിസർജിക്കുന്നതിനും ഇണചേരുന്നതിനുമുള്ള ത്വര ജന്മസിദ്ധവും ജനിതകപരവുമാണ് എങ്കിൽ സ്വന്തം പെണ്ണവസ്ഥയെക്കുറിച്ചുള്ള ബോധ്യങ്ങളും ജന്മസിദ്ധമാവുന്നത് അസ്വാഭാവികമല്ല തന്നെ. അങ്ങനെയാണ് ചരിത്രം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്. വാസ്കോഡ ഗാമയുടെ കപ്പൽത്തട്ടിലിരുന്ന് മദ്യചഷകവുമുയർത്തിപ്പിടിച്ച് നിന്നെ ഞാൻ കീഴടക്കിയിരിക്കുന്നു എന്നുറക്കെച്ചിരിക്കുന്ന ആണധികാരപ്രകടനത്തിൽ നിന്ന് നാം ഒട്ടും മുന്നോട്ടു പോയിട്ടില്ല എന്ന് നിക്കോളാസ് എന്ന കപ്പിത്താനും റൊസാരിയോ എന്ന രാധികയുടെ സുഹൃത്തും ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു തലം കൂടിയുണ്ട് ഈ കഥക്ക്. സ്വതന്ത്രവും ലിംഗാതീതവുമായ സൗഹൃദങ്ങളെക്കുറിച്ച് സ്ത്രീ പുലർത്തുന്ന ഉന്നത നിലപാട് തിരിച്ചറിയാനുള്ള പക്വത സ്വന്തം കായിക ശേഷിയിൽ മാത്രം വിശ്വസിക്കുന്ന പുരുഷന് ഇന്നോളം മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണത്. മനുഷ്യൻ കേവല ശരീരത്തിന്റെ സങ്കുചിത സങ്കൽപങ്ങളെ നിരാകരിക്കുവാൻ പ്രാപ്തനാവും വരെ ഇതിങ്ങനെയൊക്കെയാവും എന്നു കൂടി കഥാകൃത്ത് പറഞ്ഞു വക്കുന്നു. സ്വാതന്ത്രത്തിന്റെ അമ്പതാം വർഷത്തിൽ നിന്ന് എഴുപത്തഞ്ചാം വർഷത്തിലെത്തുമ്പോഴും വായിക്കേണ്ട കഥയാണ് ആകാശവും ബനീഞ്ഞയും. ആൽവിൻ എങ്ങനെയാണ് മരിച്ചത്, ആൽവിനെ എന്തിനാണ് പോലീസ് പിടിച്ചു കൊണ്ടു പോയത് തുടങ്ങിയ ബനീഞ്ഞയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ തയ്യാറല്ലാത്ത അധികാരം അവന്റെ ശവം നേരത്തെ വിട്ടുനൽകുന്നതിനെക്കുറിച്ച് ഉറപ്പുകൾ നൽകുകയും അതിനു വേണ്ടി അവളുടെ മിന്നു വിറ്റ പണത്തിൽ നിന്ന് പങ്കു പറ്റുകയും ചെയ്യുന്ന വിചിത്രമായ സംഭവങ്ങൾ ഒരിക്കലും നമുക്ക് അപരിചിതമായിരുന്നില്ല. ദുർബലർക്കും അനാഥർക്കും അപ്രാപ്യമായതെന്തോ അതത്രേ നമുക്കു സ്വാതന്ത്ര്യമെന്നാൽ.. പോസ്റ്റ്മോർട്ടം ചെയ്ത ആൽവിന്റെ മുതദേഹം കൈവണ്ടിയിൽ വലിച്ച് സ്വാതന്ത്ര്യ ദിന ഘോഷയാത്രക്കു മുന്നിൽ 1999ൽ തദേവൂസ് പതറി നിന്നുവെങ്കിൽ ഇരുപത് വർഷത്തിനുശേഷവും കാര്യങ്ങൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. നമുക്കിടയിൽ ഇപ്പോഴുമുണ്ട് ആൽവിൻമാരും ബനീഞ്ഞമാരും. പരാതിപ്പെട്ടതോണ്ട് പോയ കൊച്ചൻ മടങ്ങി വരില്ലല്ലോ എന്ന് പറഞ്ഞ് നിശ്ശബ്ദത പാലിക്കുന്ന തദേവൂസുമാരും ആർക്കും പരാതിയില്ലല്ലോ എന്നാശ്വസിക്കുന്ന നിയമപാലകരുമുണ്ട്. ആകാശം മാത്രം സ്വന്തമായിത്തീരുന്ന ബനീഞ്ഞമാരുടെ വംശം അവസാനിക്കുന്നേയില്ലല്ലോ .. ആത്മീയമായും ഭൗതികമായും പല നിലകളിലുള്ള ബഹുമുഖ രൂപികളായ അധിനിവേശങ്ങൾക്കു വിധേയമാണ് ആധുനികോത്തര മാനവ ജീവിതം. ദൈവവും വിശ്വാസവും മതവും മുതലാളിത്തത്തിന്റെ ഉപകരണങ്ങൾ മാത്രമാണ്. പ്രകൃതിയോടോ മറ്റു ജീവികളോടോ ഉള്ള ഉത്തരവാദിത്തം ആരൊക്കെ മറന്നാലും ദൈവത്തിന്റെ പ്രാതിനിധ്യ സ്വഭാവമുള്ള മതം ഒരിക്കലും മറന്നു കൂടാ. പക്ഷേ മതവും മതസ്ഥാപനങ്ങളും തന്നെ മുതലാളിത്തത്തിന്റെ കാവൽക്കാരാവുമ്പോൾ പിന്നെ ആരാണ്, എന്താണ് നമുക്കാശ്രയിക്കാനായി ബാക്കിയുണ്ടാവുക എന്നൊരു വലിയ ആശങ്ക മോഹൻകുമാറിന്റെ കഥകളിൽ പൊതുവായി കാണാവുന്നതാണ്. സൂക്ഷ്മതലത്തിൽ മോഹൻകുമാറിന്റെ നിലപാടുകൾ എല്ലാതരം അധിനിവേശങ്ങളോടുമുള്ള പ്രതിരോധത്തിന്റെ ആഖ്യാനങ്ങളാണ്. നിസഹായരായ മനുഷ്യരുടെ നിസാര ജീവിതങ്ങൾ തട്ടിയെടുക്കുകയും അവരുടെ സ്വത്വബോധത്തേയും വ്യക്തിപരതയേയും അട്ടിമറിക്കുകയും ചെയ്യാനുള്ള ഉപരിവർഗത്തിന്റെ തന്ത്രങ്ങളെ പ്രശ്നവൽക്കരിക്കുന്ന കഥകളിൽ പ്രമുഖമാണ് കാഞ്ചനമാല എന്ന കഥ. വിക്ടറച്ചൻ തന്റെ അധികാര പ്രദേശത്തെ മുഴുവൻ ആളുകളേയും ഭീഷണി കൊണ്ടും പണം കൊടുത്തും മതം മാറ്റി തന്റെ ആധിപത്യമുറപ്പിച്ചിരിക്കുന്നു. മതം മാറ്റത്തിന് വിധേയരായവരൊക്കെയും പള്ളി വക പാടത്തു പണിയെടുക്കുന്നവരാണ്. കൊന്തയണിയാൻ കഴിയില്ലെങ്കിൽ നീ പണിക്കു വരേണ്ടതില്ല എന്നാണ് അച്ചന്റെ ഭീഷണി. ദാരിദ്ര്യവും നിസ്സഹായതയുമാണ് അച്ചന്റെ മൂലധനം. വിശക്കുന്നവന് ഏതു ദൈവമായാലെന്ത്? അതേ വിക്ടറച്ചൻ പാടത്തു മുഴുവൻ വിഷപ്രയോഗം നടത്തി മീനുകളേയം പക്ഷികളേയും കൊന്നൊടുക്കുന്നു. പുതുതായി വന്ന പോളച്ചനോട് സാവോ മരിയ എന്ന കാഞ്ചന മാല നഞ്ച് തിന്ന് ചിറകു കുഴഞ്ഞ് വീഴുന്ന കിളിയെ ചൂണ്ടി എന്തിനാണച്ചോ ഈ പാവങ്ങളോടിങ്ങനെ എന്നു ചോദിക്കുമ്പോൾ പോളച്ചൻ ഉത്തരമില്ലാതെ നിൽക്കുന്ന നിൽപ് നമ്മളോരോരുത്തരും നിൽക്കുന്ന നിസഹായതയുടെ സ്തംഭിതാവസ്ഥയാണ്. ഭൂമിയുടെ അവകാശികളാണ് സർവജീവജാലങ്ങളും എന്നത് ഒരു സോഷ്യലിസ്റ്റ് നിലപാടാണ്. ഭൂമി ശക്തന് അവകാശപ്പെട്ടതാണ് എന്ന കാഴ്ചപ്പാട് മുതലാളിത്തത്തിന്റെയും. ആഗോള മൂലധനശക്തികൾക്ക് മതവും ആത്മീയതയും ഉപകരണം മാത്രമാണ്. അത് ബോധ്യമുള്ളതു കൊണ്ടാണ് പോളച്ചൻ സാവോ മരിയയുടെ കഴുത്തിലെ വെന്തിങ്ങ പൊട്ടിച്ച് കളഞ്ഞ് നീയിപ്പോൾ സാവോ മരിയയല്ല എന്ന് പറഞ്ഞപ്പോൾ അവൾ പ്രതിഷേധിച്ചത്. തന്റെ സ്വത്വം നശിപ്പിച്ചത് വിക്ടറച്ചനല്ല തനിക്ക് ജന്മം തന്ന സായ്പാണ് എന്ന സാവോ മരിയയുടെ പ്രസ്താവന കേവല വാക്യങ്ങളുടെ അർഥപരിധികൾക്കപ്പുറത്തേക്ക് വലിയ ഒച്ചപ്പെടലുകളുണ്ടാക്കുന്നു. അധിനിവേശം അങ്ങനെയാണ്. അത് ഒരിക്കലും മോചനമില്ലാത്ത ആഴങ്ങളിലേക്ക് നമ്മെ വലിച്ചു കൊണ്ടു പോകും. നിസ്സഹായതയാണ് കടന്നു കയറ്റത്തിന്റെ ഏറ്റവും സൗകര്യപ്രദമായ വേലിപ്പഴുത്. ബലവാന് ദുർബ്ബലനെ ചൂഷണം ചെയ്യാവുന്നതാണ് എന്നതത്രേ അധിനിവേശത്തിന്റെ നീതിശാസ്ത്രം. അതാണ് ഔതവക്കീൽ പറയുന്ന വാക്യത്തിന്റെ പരമാർഥം. ഇതെന്തൊരു കുരിശ് എന്ന മാർത്തയുടെ വിലാപത്തിന് താനെന്ന കുരിശ് കൃപാവരത്തിന്റെ പ്രതീകമാണ് എന്ന് ഔത വക്കീൽ സ്വയം കണ്ടെത്തുന്നു. അതു കൊണ്ടാണ് തന്റെ സതീർഥ്യനായ കുഞ്ഞവിരായെ തൂക്കുമരത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഇരുപത്തയ്യായിരം രൂപ ഫീസ് വാങ്ങുന്ന ഔതക്ക് ഒരു രൂപ പോലും പ്രതിഫലം വേണ്ടാത്തത്. അയാൾക്ക് കുഞ്ഞവിരായുടെ മകൾ റോസിലിനെ മൂന്നു ദിവസത്തേക്ക് വിട്ടു കൊടുത്താൽ മാത്രം മതി. അയാൾ നിന്നെ കഷ്ടപ്പെടുത്തുകേലെടീ എന്നവളെ സ്റ്റെല്ലക്കൊച്ചമ്മ ആശ്വസിപ്പിക്കുന്നുണ്ട്. അവർ തന്നെയാണ് അവൾക്ക് സ്വകാര്യമായി കൊക്കോക ശാസ്ത്രം എത്തിച്ചു കൊടുത്തതും. അവൾ വന്നില്ലെങ്കിൽ ഞാനെന്റെ സ്റ്റെല്ലയെ തരും എന്ന് ജോസ് ഉറപ്പു പറയുമ്പോൾ അന്യന്റെ ഭാര്യയെ പ്രാപിക്കുന്നത് പാപമാണെടോ എന്ന് ഔത വക്കീൽ സദാചാരം പറയുന്നുമുണ്ട്. അല്ലെങ്കിൽ തന്നെ കുഞ്ഞവിരാ ജയിലിൽ പോയത് മകൾക്ക് വേണ്ടിയല്ലേ എന്നാണ് ഇതിനൊക്കെയുള്ള ന്യായം. റോസിലിനെ പിഴപ്പിക്കാൻ വന്ന എമ്പോക്കിയെ കശാപ്പു ചെയ്തതിനാണ് കുഞ്ഞവിര ജയിലിൽ പോയത്. അതു കൊണ്ട് അയാളെ മോചിപ്പിക്കേണ്ടത് അവളുടെ ഉത്തരവാദിത്തമാണ്. ഇതു തന്നെയാണ് ചൂഷക ശക്തികളുടെ പ്രവർത്തന പദ്ധതി. അവർ നമുക്കു വേണ്ടി ചെയ്യുന്ന സൗജന്യങ്ങൾക്ക് നാം അവർക്ക് കടപ്പെട്ടവരാവേണ്ടതുണ്ട്. നമുക്ക് ഏറ്റവും വിലപ്പെട്ടവ മൂലധന വിപണിയിൽ മൂല്യമേയില്ലാത്തവയത്രേ. വിപണിയുടെ മൂല്യനിർണയം പൊതു മൂല്യബോധത്തെ അതിക്രമിക്കുകയും ലാഭം എന്ന ഒരേ ഒരാശയത്തിലേക്ക് ജീവിതങ്ങൾ ചുരുക്കിക്കെട്ടപ്പെടുകയും ചെയ്യുന്നു എന്നതാണ് നവ ആഗോളീകൃത സമൂഹത്തിന്റെ പ്രത്യക്ഷ സ്വഭാവം. കൂടുതൽ നേടാനുള്ള അവസരം ലഭിക്കുന്ന പക്ഷം എല്ലാ മൃദു വികാരങ്ങളേയും ഉപേക്ഷിക്കുന്നതിനും എന്തിനേയും വിൽക്കുന്നതിനും തയ്യാറാവുക എന്നത് മനുഷ്യ പ്രകൃതിയാണ്. ജലയുദ്ധങ്ങൾ അസാധാരണമല്ലാത്ത ഒരു കാലത്ത് പെട്ടെന്ന് ഒരു കിണർ നിറയെ വെള്ളം കിട്ടിയാൽ എന്തു ചെയ്യും? ജലരാശി എന്ന കഥയിൽ കേശവൻ അത് അയൽക്കാർക്കെല്ലാം വിതരണം ചെയ്തു. എന്നാൽ നവ കാലത്തിന്റെ പ്രതിനിധിയായ അയാളുടെ മകളുടെ ഭർത്താവ് വാസവൻ കിണറ്റിലെ വെള്ളം അമ്പതായിരം രൂപക്ക് കുപ്പിവെള്ളക്കമ്പനിക്ക് വിൽക്കുകയാണ് ചെയ്തത്. വെള്ളവും വായുവും ഭക്ഷണവും എല്ലാമെല്ലാം വാണിജ്യവൽക്കരിച്ച് നാമെത്തിച്ചേരാൻ പോകുന്ന അനിവാര്യമായ പ്രതിസന്ധിയെക്കുറിച്ച് ഓർമിപ്പിക്കുന്ന ജലരാശിയും മൂലധനശക്തികൾ നമ്മെ അധിനിവേശിക്കുന്നതിനെ ചെറുക്കേണ്ടതുണ്ട് എന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. മോഹൻകുമാറിന്റെ കഥാലോകം മിസ്സിസിസത്തിന്റെയും റിയലിസത്തിന്റേയും അതി വിദഗ്ദമായ ചേരുവയാണ്. റിയലിസത്തിന്റെ അതി ലാളിത്യം തന്ത്രപരമായി പ്രയോജനപ്പെടുത്തി ഭാവനയെത്തന്നെ നിരാകരിക്കുന്ന വർത്തമാന മലയാള കഥയിൽ വേറിട്ട അടയാളപ്പെടുത്തലുകളാവാൻ അദ്ദേഹത്തിന്റെ കഥകൾക്ക് കഴിയുന്നു. പതിമൂന്നര വയസുള്ള കുട്ടി, ഒളിക്കോഴികൾ തുടങ്ങിയ കഥകൾ ഈ സമ്മിശ്ര സങ്കേതത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. നാം എന്തിനെയാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി സാധ്യമല്ല എന്നതിനർഥം ഭയഹേതുവായി യാതൊന്നുമില്ലെന്നല്ല. ഹേതുവിനെ ചികിത്സിക്കുക അസാധ്യമായതിനാൽ നാം മിക്കപ്പോഴും ഭയത്തെ ചികിത്സിക്കാൻ ശ്രമിക്കും. അപ്പോൾ അറിഞ്ഞിട്ടും അറിയാതെ പോകുന്ന സത്യങ്ങളും അങ്ങനെയല്ല എന്നറിഞ്ഞിട്ടും അങ്ങിനെ തന്നെ ചെയ്യേണ്ടി വരുന്ന കർമങ്ങളും നമ്മെ സങ്കീർണതയിലേക്കും ആശയക്കുഴപ്പങ്ങളിലേക്കും തള്ളിയിടുകയും ചെയ്യുന്നു. ബഹുസ്വര സംസ്കൃതിയുടെ നിലനിൽപ് സാധ്യമാകുന്നത് പ്രാദേശികമായ ഏകതാനതകളുടെ അതിജീവനത്തിലൂടെയാണ് എന്ന രാഷ്ട്രീയ നിലപാടാണ് മോഹൻകുമാറിന്റെ കഥകളുടെ പൊതു സ്വഭാവം. കരപ്പുറത്തിന്റെ മാത്രം സ്വന്തമായ ഭാഷയും പരിസരവും ബോധപൂർവം സന്നിവേശിപ്പിച്ച കഥകൾ അതേ സമയം തന്നെ അവയുടെ സാർവജനീനത പ്രകടമാക്കുകയും ചെയ്യുന്നുണ്ട്. തീർച്ചയായും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലും കഥാ പരിസരങ്ങളുടെ നിർമിതിയിലും പുലർത്തുന്ന ഈ ജാഗ്രത യാദൃഛികമല്ല. ഏതൊരു സമൂഹത്തെയും ഭൗതികമായും ബൗദ്ധികമായും കീഴടക്കുന്നതിന് ആദ്യം മറികടക്കേണ്ടത് അവരുടെ വൈരുദ്ധ്യങ്ങളെയാണ് എന്നാണ് ആഗോളീകരണത്തിന്റെ അടിസ്ഥാന പാഠം. ഏകശിലാരൂപത്തിലേക്ക് സംസ്കൃതികൾ പരിണമിക്കുന്നതോടെ സമൂഹത്തിൻമേലുള്ള നിയന്ത്രണം എളുപ്പമാകുന്നു. മത മുതലാളിത്ത പ്രത്യയശാസ്ത്രങ്ങൾ എല്ലായ്പ്പോഴും ഐകരൂപത്തെക്കുറിച്ച് വാചാലരാവുന്നത് അതു കൊണ്ടാണ്. കാഞ്ചനമാല പോലുള്ള കഥകളിലൂടെ ഈ ഏകീകരണ ശ്രമങ്ങളോട് കഥാകൃത്ത് പ്രതിഷേധിക്കുന്നു എന്നതാണ് കരപ്പുറം കഥകളെ കാലാതിവർത്തിയാക്കുന്ന പ്രധാന ഘടകം. വൈരുദ്ധ്യങ്ങളുടെ നിരാസം പാരതന്ത്ര്യത്തിലേക്കുള്ള എളുപ്പവഴിയാണ് എന്ന് ഈ കഥകൾ നമ്മോട് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
മനോജ് വീട്ടിക്കാട്
മണ്ണാര്‍ക്കാട്