
സ്വപ്നങ്ങളുടെ ശേഷക്രിയ കഴിഞ്ഞ് തിരികെ നടക്കുമ്പോഴാണ് രാവണനും ഞാനും പരസ്പരം കണ്ടത് . അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ . ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി . തികഞ്ഞ ശാന്തത . കണ്ണുകളിലേക്ക് മാറി മാറി നോക്കി . തീർത്തും നിർവ്വികാരം . ചുവപ്പ് പടരാത്ത ഇടങ്ങൾ . ഇനി നീ എന്റെ ഹൃദയത്തിലേക്ക് നോക്കൂ – ഒരു ചെറു ചിരി കൊണ്ട് രാവണൻ പറഞ്ഞു . അവിടെ നഷ്ടബോധത്തിന്റെ തുടിപ്പുകൾ മാത്രം. രാവണൻ പറഞ്ഞു തുടങ്ങി : ആരും എന്നെ അറിയുന്നില്ല .ശ്രമിക്കുന്നില്ല എന്നതായിരിക്കാം സത്യം . ചിലതിനെ മറന്നു പോകുന്നു .അവ ശരിയുമായിരിക്കും .മന: പൂർവ്വമല്ല ,തിരിക്കുകൾ – എപ്പോഴുമുള്ള രണ്ടു വാക്കുകൾ ഞാനും പറഞ്ഞു . എനിക്കും ,രാവണനും ഒരു ആശ്വാസത്തിന് . ഞാൻ നിങ്ങളിൽപ്പെട്ടവനല്ലല്ലോ അല്ലെ – പതിഞ്ഞ സ്വരത്തിലാണ് രാവണനിത് പറഞ്ഞത് . എനിക്ക് വലിയ ചിരി വന്നു . ഒന്നും ,രണ്ടും ചിരി നന്നായി തന്നെ ചിരിച്ചു . ആ വ്യത്യാസങ്ങൾഞാൻ ഇല്ലാതായിവരുന്നു – മൂന്നാമത്തെ ചിരിക്കു മുൻപായിരുന്നു എന്റെ മറുപടി . കുറ്റപ്പെടുത്തലുകളും , പരിഹാസങ്ങളും എന്നെ തോൽപ്പിച്ചത് അവ മാത്രമാണ് .പിന്നെ ഏറെ നേരം അയാൾ ഒന്നും പറഞ്ഞില്ല . നോക്കൂ , ഒരിറ്റ് കണ്ണുനീർ ആ മുഖത്ത് കാണുന്നില്ലെ. ഇപ്പോഴത് പ്രവാഹമായി മാറുന്നു .ഇനി മഹാപ്രളയത്തിലേക്ക് . നിങ്ങൾക്കെങ്കിലും എന്നെയൊന്ന് സ്നേഹിച്ചുകൂടെ – തകർന്ന ഹൃദയത്തിൽ രണ്ടു കൈകളും അമർത്തി വച്ച് ,തല താഴ്ത്തി അയാൾ ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല . എനിക്കു ചുറ്റും വാക്കുകളെ ഒന്നും കാണുന്നില്ല എന്നതായിരുന്നു വലിയ സത്യം . മഹാപ്രളയം തുടങ്ങി. എല്ലാം കുത്തിയൊഴുകുന്നു. ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നു സുഹൃത്തെ – ആവുന്ന ശബ്ദത്തിൽ വിളിച്ചു പറഞ്ഞു . പക്ഷേ എന്റെ സംസാരശേഷിയും ,രാവണന്റെ കേൾവിശക്തിയും പ്രളത്തിൽ രണ്ടു ധ്രുവങ്ങളിലേക്കായി ഒഴുകി .