കണ്ണുപൊത്തിക്കളി
കളികളൊക്കെയും കാട്ടുമുല്ല പൂത്തകാവിനടുത്തായിരുന്നു കളിക്കൂട്ടുകാരൻ അച്ഛനായിരുന്നു കണ്ണു പൊത്തിക്കളിയിൽ ഞാൻ കാക്കയായിരുന്നു
ഒന്ന്, രണ്ട്, മൂന്ന്…..പത്തെണ്ണി ഒളിച്ച,യച്ഛനെ തിരയാൻ പോകും കള്ളിമുള്ളിനുള്ളിൽവരെ കാക്കതിരയും കണ്ടു കിട്ടില്ല ഒരിക്കലും, സാറ്റ് പറഞ്ഞ് – അടുത്തുള്ള സീറ്റിലിരിപ്പാകും അച്ഛൻ.
അന്നുമാദ്യം നറുക്ക് വീണതെനിക്ക് കാക്കയായ് കണ്ണുപൊത്തി കാക്കച്ചിറകു വീശി, കാക്കക്കണ്ണാൽ നോക്കി കണ്ടില്ലയെങ്ങും സാറ്റ് വിളിയുയർന്നില്ല നേരം പോയി നിഴലു ചാഞ്ഞു
കരഞ്ഞു വിളിച്ചു , വീട്ടുകാർ കൂടി കാവിനകത്ത് കാട്ടു മുല്ലയ്ക്കരികിൽ കണ്ണുപൊത്തിചാഞ്ഞു കിടക്കുന്നുവച്ഛൻ അച്ഛന് ശംഖുപുഷപത്തിൻ്റെ നിറം
ഇന്ന്, കാവില്ല കാവിനടുത്ത് കാട്ടാറില്ല കാട്ടുമുല്ലയതിരിട്ടു നിൽക്കുന്നില്ല ഒരു ശംഖുവരയനെങ്കിലുമെന്നെയൊന്നു തീണ്ടിയെങ്കിൽ…..!
….
രാജു.കാഞ്ഞിരങ്ങാട്
ഫോൺ – 9495458138