ഇനി ലയനകാലം .
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരള രാഷ്ട്രീയത്തിലിപ്പോൾ നിലനിൽപ്പിന്റെയും ,ശക്തിപ്പെടുത്തലിന്റെയും കാലമാണ് .ഒറ്റൊക്ക് നിക്ക് മുന്നോട്ട് പോക്ക് അസാധ്യമാവുകയും ,വിലപേശലുകളുടെ കാലം മാറി എന്ന തിരിച്ചറിവും ആണ് പുതിയ നീക്കത്തിന് ചെറു പാർട്ടികളെ പ്രേരിപ്പിക്കുന്ന ഘടകം . ഇടതിൽ രണ്ട് ദള്ളുകളും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരിക്കെ സിപിഎം അവരോട് എത്രയും വേഗം ഒന്നിച്ചു ചേരുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് .നേരത്തെയും ഈ ആവശ്യം സിപിഎം ഉന്നയിച്ചിരുന്നു .പക്ഷെ തങ്ങൾ ആര് ആരിൽ ലയിക്കും ,പുതിയ സംസ്ഥാന പ്രസിഡന്റ് ആര് എന്നതിൽ ചൊല്ലിയാണ് ലയനം നടക്കാതെ പോയത് .രണ്ടു പേരും ശക്തരാണെന്നായിരുന്നു അവരുടെ വാദം .ഇപ്പോൾ ശക്തിയുടെ കാര്യങ്ങൾ രണ്ടു കൂട്ടർക്കും വ്യക്തമായി .ഒപ്പം ദളളിന് ഒരു മന്ത്രിസ്ഥാനം മാത്രമെ ഉള്ളൂ എന്ന് സിപിഎം ഉറപ്പിച്ചു കഴിഞ്ഞു .ഇതോടെ ലയന സാധ്യത വീണ്ടും സജീവതയിലേക്കെത്തിയിരിക്കുന്നു .ലയിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രി ആര് എന്നതിനെ ചൊല്ലിയാവും പുതിയ പ്രശ്നം അവിടെ .മാത്യു ടി തോമസ് ,കൃഷ്ണൻകുട്ടി ,കെ .പി മോഹനൻ .മൂന്നും പേരും ശക്തർ ,മന്ത്രിമാരായി ഇരുന്നവർ .എന്തായാലും ലയനത്തിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത് .കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പാർട്ടി ശക്തിപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് .തെരഞ്ഞടുപ്പിന് മുൻപ് പി.സി തോമസിനെയും ,ആപ്പാഞ്ചിറ പൊന്നപ്പന്റെ കേരള ജനത പാർട്ടിയെയും തങ്ങളിൽ ലയിപ്പിച്ചിരുന്നു ജോസഫ് .ഇപ്പോൾ മാണി സി കാപ്പൻ ,അനൂപ് ജേക്കബ്ബ് ഇവരെ കൂടെ കൂട്ടി ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ്സാണ് ലക്ഷ്യം .സംസ്ഥാന പാർട്ടി പദവി ലഭ്യമാകണമെങ്കിൽ നാല് എംഎൽഎ മാർ ആവശ്യമാണ് എന്നതാണ് ലയനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം .ജോസഫും ,മോൻസും മാത്രമാണിപ്പോൾ എംഎൽഎമാർ .പാർട്ടിയിൽ വർക്കിംഗ്, വൈസ് ,ഡെപ്യൂട്ടി, എക്സിക്യുട്ടീവ് തുടങ്ങി വിവിധ ചെയർമാൻ പദവികൾ ഉള്ളതുകൊണ്ട് കാര്യങ്ങൾ കുഴപ്പമില്ലാതെ നീങ്ങും .മുൻപും ലയന നീക്കം നടന്നെങ്കിലും മുന്നണി ഭരണത്തിൽ വന്നാൽ ഒറ്റക്ക് നിന്ന് മന്ത്രിയാവാമെന്ന കാപ്പന്റെയും ,അനൂപിന്റെയും മനസ്സിലിരുപ്പ് .അത് ഇല്ലാതായതോടെ ലയന മനസ്സിലേക്ക് ഇരുവരും എത്തിത്തുടങ്ങിയെന്നറിയുന്നു . വലതു പക്ഷത്തെ ഇടതുപക്ഷക്കാരും ഒന്നിപ്പിന്റെ പാതയിലാണ് .സിപിഎംൽ നിന്ന് വ്യത്യസ്ത കാലങ്ങളായി മാറി വന്ന സിഎംപിയും ,ആർഎംപിയും ഒന്നിച്ച് സഞ്ചരിക്കുവാനുള്ള തീരുമാനത്തിലാണിപ്പോൾ .നേരത്തെ വി.ബി ചെറിയാന്റെ എം സിപിഐ ,മറ്റു ചെറിയ ഇടതു ഘടകങ്ങൾ ഇവയെല്ലാം ആർഎംപിയിൽ ചേർന്നിരുന്നു .ദേശീയ തലത്തിലുള്ള ദേവരാജന്റെ ഫോർവേഡ് ബ്ലോക്കും ഈ കൂട്ടായ്മയിലേക്ക് എത്തുന്നു എന്നറിയുന്നു .ഒരു പക്ഷെ ഭാവിയിൽ ആർഎസ്പിയെയും പ്രതീക്ഷിക്കാം .ഇവയെല്ലാം ചേർന്നാൽ യഥാർത്ഥ ഇടതുപക്ഷം ആരെന്ന ചോദ്യം പ്രസക്തമാവും .ഇടതിലെ മറ്റു കേരള കോൺഗ്രസ്സ് ഗ്രൂപ്പുകൾ ,കടന്നപ്പള്ളിയുടെ പാർട്ടി, പി സി ജോർജ്ജിന്റെ ജനപക്ഷം ,ഐഎൻഎൽ ഇവയൊക്കെ തങ്ങളുടെ അതിശക്തി തിരിച്ചറിഞ്ഞ് പരസ്പരമോ ,മറ്റു പാർട്ടികളിലോ ഒക്കെ ലയിച്ച് ഒന്നാകുന്ന കാലം അതി വിദൂരത്തല്ല .