ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ കണ്ണൂർ പാർട്ടിയിൽ നിശബ്ദ പ്രതിഷേധം
തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിസഭ പ്രഖ്യാപനത്തിനെതിരെ അണികളില്‍ പ്രതിഷേധം പുകയുകയാണ്. കെ.കെ ശൈലജയെ മന്ത്രിസഭയില്‍ പരിഗണിക്കാത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടെ ‘കോപ്പ്’ എന്ന പ്രതികരണവുമായി സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയും രംഗത്തെത്തി.
സിപിഎം മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പേജില്‍ ഒരു പോസ്റ്റ് പോലുമില്ലെന്നതാണ് ശ്രദ്ധേയം. കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡയക്കകത്തും പുറത്തും ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയയായ കെ.കെ ശൈലജയെപ്പോലെ ഒരു നേതാവിനെ പാര്‍ട്ടി തഴഞ്ഞെന്ന വിമര്‍ശനമാണ് ഉയരുന്നത്.
അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പുതുമുഖങ്ങള്‍ വരട്ടെ എന്ന സിപിഎമ്മിന്റെ നയമാണ് ശൈലജയ്ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടച്ചത്. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. പാര്‍ട്ടി വിപ്പ് എന്ന പദവിയാണ് കെ.കെ. ശൈലജയുടെ പുതിയ ചുമതല.