എഡിറ്റോറിയൽ

മാർകിസ്റ്റ് പാർട്ടിക്കൊരു ബിഗ് സല്യൂട്ട്

By രാമദാസ് കതിരൂർ

May 19, 2021

മാർകിസ്റ്റ് പാർട്ടിക്കൊരു ബിഗ് സല്യൂട്ട്

അപ്രതീക്ഷിത നീക്കങ്ങളിലൂടെ സിപിഎം വീണ്ടും ശ്രദ്ധേയമാവുന്നു . മുഖ്യമന്ത്രി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാറിലെ സിപിഎം മന്ത്രിസഭ വരുന്നത് .വീണ്ടും മന്ത്രിയാവുമെന്ന് ഉറച്ച് പ്രതീക്ഷിച്ച ഷൈലജ ടീച്ചറെപ്പോലും മാറ്റി നിർത്തി പുതിയവർക്ക് അവസരം നൽകിയ പാർട്ടി തീരുമാനത്തിന് ബിഗ് സല്യൂട്ട് .

പാർട്ടിയും ,നയവുമാണ് വലുതെന്ന് പാർട്ടി ഉറപ്പിച്ചു പറയുകയാണ് ഇതിലൂടെ ചെയ്യുന്നത് .നിപ്പ ,കോ വിഡ് തുടങ്ങിയ പ്രതിസന്ധി കാലങ്ങളിലെല്ലാം ടീച്ചർ മികച്ച രീതിയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തു എന്നത് ശരിയാണ് .

പാർട്ടിക്കാരിൽ നിന്നപ്പുറം പൊതു സ്വീകാര്യതയും ,സഹകരണവും ഇതിലൂടെ ടീച്ചർക്ക് ലഭിച്ചു .അതുകൊണ്ട് തന്നെ ടീച്ചർ ഇത്തവണയും മന്ത്രിയാവുമെന്ന് ഭൂരിപക്ഷം പേരും ഉറപ്പിച്ചിരുന്നു .

ഇടത് തുടർ വിജയത്തിലും ടീച്ചറുടെ പ്രവർത്തന പങ്ക് വലിയതായിരുന്നു . എന്നാൽ പാർട്ടി തീരുമാനം മറിച്ചായിരുന്നു .പുതിയവർ വരട്ടെ .അവരുടെ അറിവും , പ്രവർത്തനവും ,ചിന്തയും സമൂഹത്തിനും പാർട്ടിക്കും ഗുണപ്രദമാവട്ടെ എന്നതായിരുന്നു പാർട്ടി നയം .

പുതിയതായി വന്നവർ താരതമ്യേന ചെറുപ്പക്കാരാണ് .ഇവരെ മത്സരിപ്പിക്കുവാനും മന്ത്രിയാക്കുവാനും സിപിഎം കാണിച്ച ചങ്കൂറ്റം തന്നെയാണ് പാർട്ടിയുടെ ബലം .തലമുറ മാറ്റത്തിലേക്ക് ഉള്ള കൃത്യമായ സൂചന തന്നെയാണിത് .

ഒപ്പം ഇത്തവണ മൂന്ന് വനിതകൾ ആണ് മന്ത്രിസഭയിൽ ഉള്ളത് .സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാണ് .കഴിഞ്ഞ തവണ രണ്ട് പേർ ഉണ്ടായിരുന്നു .കൂടുതൽ വനിതകൾക്കും , ചെറുപ്പക്കാർക്കും (അതിലെറെയും പുതുമുഖങ്ങൾ) അവസരം നൽകിയ പാർട്ടി സിപിഎം തന്നെയാണ് .

അത് തദ്ദേശ തെരഞ്ഞെടുപ്പിൽ തുടങ്ങി ഈ തെരഞ്ഞെടുപ്പിലും തുടരുകയാണ് . സിപിഐ ഈ നയത്തിനൊപ്പമാണ് .ആദ്യമായി അവർ ഒരു വനിതയെ മന്ത്രിയാക്കി ചരിത്രം സൃഷ്ടിച്ചു .മറ്റുള്ള മന്ത്രിമാരും രാഷ്ട്രീയ യുവത്വത്തിലുള്ളവർ തന്നെയാണ് . .ഒരു സല്യൂട്ട് സിപിഐക്കും .

ഇനി കോൺഗ്രസിലേക്ക് വരാം അവിടെ വയസ്സന്മാരുടെ എ ഗ്രൂപ്പും ,വയസ്സന്മാരിലേക്കെത്തിത്തുടങ്ങിയ ഐ ഗ്രൂപ്പും തമ്മിൽ ഇപ്പോഴും വിലപേശൽ നടക്കുകയാണ് .പ്രതിപക്ഷനേതാവ് ഞാൻ വയസ്സൻ പാർട്ടി പ്രസിഡൻറ് നീ വയസ്സൻ .

ജനങ്ങൾ തിരസ്കരിച്ചതൊന്നും പ്രശ്നമല്ല ഈ ഗ്രൂപ്പന്മാർക്ക് .അൻപതും ,അറുപതും കൊല്ലം സ്ഥിരമായി ഒരാൾക്ക് തന്നെ മത്സരിക്കുവാൻ സീറ്റ് കൂടെ കുറച്ച് സീറ്റുകൾ അയാളുടെ കൂടെയുള്ള മറ്റു വയസ്സന്മാർക്കും വേണം . ഇതാണ് അവസ്ഥ .ഇത്തവണ രാഹുൽ വെട്ടിമാറ്റിയത് കൊണ്ട് കുറെ വയസ്സന്മാർക്ക് സീറ്റ് കിട്ടിയില്ല .

പകരം യുവാക്കളും ,വനിതകളും വന്നു .ഏറെ ആശ്വാസം .എങ്ങാനും ഭരണത്തിൽ വന്നാലോ ഒരു വയസ്സൻ മന്ത്രിസഭ കാണാമായിരുന്നു .സ്ഥിരം മന്ത്രിമാരാവാൻ കുടെ കുറെ പേരും ഉണ്ട് .

ഒന്ന് കണ്ടു പഠിക്കൂ കോൺഗ്രസ്സെ ഈ സിപിഎംനെ….,പ്ലീസ് …

രാമദാസ് കതിരൂർ