പൊതു വിവരം

ലൈംഗിക വിദ്യാഭ്യാസവും പാഠ്യവിഷയമാക്കണം

By ദ്രാവിടൻ ഡസ്ക്

May 19, 2021

ലൈംഗിക വിദ്യാഭ്യാസവും പാഠ്യവിഷയമാക്കണം

അടിസ്ഥാനവിദ്യാഭ്യാസത്തോടൊപ്പം ലൈംഗികവിദ്യാഭ്യാസവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കണം എന്നത് അനിവാര്യമമാണ്. പ്രത്യേകിച്ചും ആൺകുട്ടികൾക്ക്.മാസമുറയും,ഗർഭധാരണവും മെനസ്ട്രൽ കപ്പും,പാഡും..ഗർഭനിരോധന മാർഗങ്ങളുമടക്കം പെൺകുട്ടികൾക്കായി നിരവധി വിവരങ്ങൾ നൽകുമ്പോൾ ആൺകുട്ടികളുടെ ലൈംഗികമായ പ്രശ്നങ്ങളെ ഏതൊ മൂലക്കൊതുക്കുന്നതു കൊണ്ട് കൂടിയാണ് പലരും പെണ്ണിൻറെ ലൈംഗീക അവയവത്തെ വെറും “മുലകൾ”ആയി മാത്രം കാണുന്നതും , ലൈംഗിക അവയവങ്ങൾ ലൈംഗീകച്ചുവയോടെ ഉച്ചരിച്ചു തെറിവാക്കുകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതും..

ഇത് ചില പുരുഷന്മാർക്കെങ്കിലും ആനന്ദത്തിന് ഇട നൽകുന്നു.ആൺകുട്ടികൾക്ക് പെൺകുട്ടികളുടേത് പോലെ അല്ല എങ്കിലും തൃഷ്ണ എന്ന അവസ്ഥ വലിയ വ്യത്യാസമില്ലാതെ നിലനിൽക്കുന്നല്ലോ..അവർക്ക് മാസമുറയില്ലല്ലോ പെൺകുട്ടികളുടേത് പോലെയല്ലല്ലോ എന്നെല്ലാം പറയുന്നവരോട് ഒന്നും പ്രത്യേകിച്ച് പറയാൻ താൽപര്യപ്പെടുന്നില്ല.

കൗമാരത്തിലേക്ക് കാലെടുത്ത് വക്കുന്ന ആൺകുട്ടികൾക്ക് വീട്ടിൽ നിന്നും,വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വേണ്ട തിരിച്ചറിവുകൾ നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ.സ്ത്രീകൾ ഉപഭോഗവസ്തു മാത്രം അല്ലെന്നും അവയവങ്ങൾ കാണുമ്പോൾ തോന്നുന്ന മൃദുവികാരങ്ങൾ എങ്ങനെ നിയന്ത്രിക്കണമെന്നും,ഭാഷാപ്രയോഗത്തിലൂടെ സംസ്കാരശുദ്ധി വരുത്തുന്നതെങ്ങനെയെന്നും ആൺകുട്ടികൾ പഠിക്കണം.

എനിക്കറിയാം ഇത് പറയുമ്പോൾ തന്നെ “ഇതൊക്കെ കാണിച്ച് നടന്നത് കൊണ്ടല്ലേ ഇതൊക്കെ പറയേണ്ട വരുന്നത്” എന്ന് ചൊല്ലുന്ന സദാചാര പാലകരുണ്ട് , അവരോട് ഒന്നേ ചോദിക്കുന്നുള്ളൂ..വീട്ടിൽ ഉള്ളവരുടെ സാരി അൽപം മാറിക്കിടന്നാലോ അല്ല എങ്കിൽ ഉടുപ്പിനിറക്കം കുറഞ്ഞാലോ ഇത് തന്നെയാകുമോ വികാരം.

ഇത് എൻറെ അമ്മയോ , പെങ്ങളോ ,ഭാര്യയോ അല്ലല്ലോ എന്നാണ് എങ്കിൽ നിങ്ങളുടെ അല്ലായിരിക്കും മറ്റാരുടെയോ ആണ് എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു. ഇതൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കൊണ്ടല്ലേ എന്നെങ്കിൽ നിങ്ങൾ എന്തിനാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത് എന്നാണ് ചോദിക്കാനാഗ്രഹിക്കുന്നത്.

പൊതുജനത്തെ ഭയന്ന് സ്ത്രീകൾ ഓടിയൊളിക്കേണ്ട കാലമൊക്കെ ഒരുപാട് പുറകിലാണ്.പുരുഷന്മാരുടെ അഭിപ്രായപ്രകടനത്തേയും, ഒരു ചിത്രം സോഷ്യൽ മീഡിയയിൽ എത്തപ്പെട്ടാൽ അവർക്കുണ്ടായേക്കാവുന്ന ലൈംഗിക കാഴ്ചപ്പാടിനേയും പേടിച്ച് എത്ര നാൾ ഒതുങ്ങേണ്ടി വരും.

വസ്ത്രധാരണത്തിൻറെ സ്വാതന്ത്ര്യത്തെക്കുറിച്ചൊന്നും ചർച്ച വലിച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല..അശ്ളീലപ്രയോഗങ്ങൾ വഴി സ്ത്രീകളെ ഒതുക്കുന്ന ” ഓറൽ റേപ്പ് ” തീർച്ചയായും ലൈംഗിക വിദ്യാഭ്യാസം കൊണ്ട് മാറ്റിയെടുക്കാനാവുമെന്ന് കരുതുന്നു.

ഗർഭിണിയെന്നോ,അമ്മയെന്നോ നോട്ടമില്ലാതെ മാറിടം കാണുന്ന മാത്രയിൽ ഉണർന്ന് പൊങ്ങുന്ന വികാരം,സാരിത്തലപ്പ് ഒന്ന് മാറിയാൽ, ഉടനെ തന്നെ കുടിച്ച രുചി മറക്കുന്ന നാക്കുകൾ.. ഇതെല്ലാം ലൈംഗിക അവബോധമില്ലായ്മയുടേയും സംസ്ക്കാര ശൂന്യതയുടേയും സൃഷ്ടികളാണ്.

തീർച്ചയായും ആൺമക്കൾക്ക് ലൈംഗിക തിരിച്ചറിവുകളെ മനസ്സിലാക്കി നൽകാൻ മാതാപിതാക്കളും അധ്യാപകരും തയ്യാറാകണം.ലൈംഗിക അവയവങ്ങളെക്കുറിച്ചുള്ള ബയോളജി ക്ളാസ്സുകൾ ഓടിയൊളിക്കാത്തവയാകണം..”ഇനി ബാക്കി തന്നെ വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ…ഇനി അടുത്ത പാഠത്തിലേക്ക് പോകാം എന്നൊക്കെ പറഞ്ഞു ഓടിയൊളിക്കുന്ന സമ്പ്രദായം മാറണം. പെൺകുട്ടികൾ മാത്രമല്ല ധാരാളം ആൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നൂ.കൃത്യമായ അറിവില്ലാത്തത് കൊണ്ട് നീലച്ചിത്രങ്ങളെയും,കൂട്ടുകെട്ടുകളേയും ആശ്രയിച്ചു വഴിതെറ്റുന്ന ഒരു തലമുറ ഇനി ഉണ്ടാകരുത്..ലൈംഗീകതയുടെ അനിവാര്യതയെക്കുറിച്ചവനറിയണം. കേവലം സുഖാനുഭൂതിക്കപ്പുറം ഒരവയവത്തിൻറെ പ്രാധാന്യവും,ചെയ്യുന്ന പ്രവൃത്തിയും, അതിൻറെ പവിത്രതയും ,വികാരത്തിൻറെ സ്വഭാവവും അവനറിയേണ്ടതുണ്ട്..സ്ത്രീ ശരീരത്തെ കാണേണ്ട കണ്ണിനെ കുറിച്ചവനറിയണം. തെറ്റായ അറിവുകളുണ്ടാക്കാവുന്ന വിപത്തിനേക്കുറിച്ചും ആപത്തിനേക്കുറിച്ചും അവനെ വിദ്യാഭ്യാസത്തിലൂടെ പഠിപ്പിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാകണം.കാഴ്ചയും,കാഴ്ച്ചപ്പാടുകളും മാറട്ടെ ! ലൈംഗിക വിദ്യാഭ്യാസം ഈ കാലഘട്ടത്തിൻറെ ആവശ്യമാണ്… നിങ്ങൾക്ക് യോജിക്കാനും,വിയോജിക്കാനും അവകാശമുണ്ട്…

മാറ്റങ്ങൾ ഉണ്ടാകട്ടെ!!

 

ലതികാശാലിനി