ബ്രേക്കിംഗ് ന്യൂസ്

ഒരു ജാനുവിൻ തിയറി അഥവാ ഒരു കുഴൽപണ രഹസ്യം

By ദ്രാവിടൻ ഡസ്ക്

June 03, 2021

ഒരു ജാനുവിൻ തിയറി അഥവാ

ഒരു കുഴൽപണ രഹസ്യം ………………..

പണം പണത്തെ നയിക്കുന്നു. ഒരു മനുഷ്യന്റെ വില അവന്റെ ആസ്തികളാകുന്നു. നിങ്ങൾ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ തെറ്റു മാത്രമാകുന്നു. പരമ്പരാഗതമായി ധനവാൻമാരായിരിക്കുന്നവരും സ്വയാർജിതമായി സമ്പന്നരായിരിക്കുന്നവരും നമ്മുടെയിടയിലുണ്ട്. ഗവൺമെന്റിനെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം നാം ഒരു മാഫിയയെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ചെറിയ തുകകൾ കുഴൽപണമായി അയക്കുന്ന ആധുനിക ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കാനറിയാത്ത നിർധന പ്രവാസികൾ ഇപ്പോഴുമുണ്ട്. നോട്ടു നിരോധനത്തിലൂടെ ‘flow of money ‘ നിലയ്ക്കുകയും അതുവഴി കേന്ദ്രീകൃതമല്ലാത്ത വ്യാപാരങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ ബി ജെ പിക്ക് ‘കേരളം പിടിക്കുക’ എന്ന ഹിമാലയൻ ടാസ്കിനായി ധാരാളം സൗകര്യങ്ങൾ കേന്ദ്രം അനുവദിക്കുന്നുണ്ട് എന്നത് അടുക്കള രഹസ്യം പോലുമല്ലാത്ത അങ്ങാടിപ്പാട്ടാണ്. ലോകം മുഴുവൻ കണ്ണികളുള്ള ഹിന്ദു രാഷ്ട്ര സിൻഡിക്കേറ്റ് വൻതുകകൾ ചിലവഴിച്ച് മുസ്ലീം രാഷ്ട്ര ഭീഷണിയെ നേരിടാൻ സർവ്വ സജ്ജവുമാണ്. കമ്യൂണിസ്റ്റുകാർ പ്രഛന്ന ഇസ്ലാമിസ്റ്റുകളാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവർ ഇത് സത്യമാണെന്ന് തെളിയിക്കാനായി സാംസ്കാരിക രംഗത്ത് ‘hard fight’ നടത്തുന്നുമുണ്ട്. ഒരു തുറന്ന യുദ്ധമായി ഇത് ആശയ തലത്തിൽ മാറിയിരിക്കെ രാജ്യത്തിന്റെ നിലവിലുള്ള സാമ്പത്തികനിയമങ്ങൾ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾക്ക് വിഘാതമാവുകയുള്ളൂ.

ഷെർലക്ക് ഹോംസിനെ പോലെയുള്ള ധീരരായ സ്വതന്ത സത്യാന്വേഷികളുടെ അഭാവത്തിൽ ഇത്തരം കേസുകൾ unsolved ആയി തുടരുക തന്നെ ചെയ്യും. കാരണം പണമാണ് മുന്നിൽ നടക്കുന്നത്. ജാതി-മത- രാഷ്ട്രീയ-നിയമ ഭേദമന്യെ എല്ലാവരും അതിനു പിന്നിൽ നടക്കുകയും അത്യധികം വിഷമാവസ്ഥയിലുള്ള പദപ്രശ്നങ്ങളും chess game pattern കളും നിർമ്മിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

മുത്തങ്ങാ സമരനായികയായ ജാനു തന്റെ ജനതയുടെ അവകാശങ്ങൾ Negotiation ലൂടെ നേടിയെടുക്കുന്നതിനായാണ് നിലവിലെ ശക്തി കൂടിയ മുന്നണിയിൽ ചേർന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. ഏതു ഭരണ വ്യവസ്ഥയിലും ആദിവാസികൾ show piece കളും throw piece കളും ആകുന്ന സാമൂഹ്യാന്തരീക്ഷമാണല്ലോ ഇവിടെയുള്ളത്. പക്ഷരഹിതമായിത്തന്നെ പറയട്ടെ രാഷ്ട്രീയം ഒരു ‘കാമധേനുപ്പശു’ തന്നെ! പണ്ട് ഈ ജാനുവിനും കൂട്ടർക്കും വേണ്ടി പോലീസിനെ തല്ലാനും ബസ്സിന് കല്ലെറിയാനും മറ്റും പോയ ‘സുന്ദരസുരഭിലധീരമനോഹരവിപ്ലവ’ കാലഘട്ടത്തെ സ്മരിച്ചു കൊണ്ട് നിർത്തട്ടെ!

– (പ്രബുദ്ധസന്ദേഹ)

( ഒരു മുൻ മുത്തങ്ങ ആക്ടിവിസ്റ്റ്)