കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലിയായി വൃക്ഷത്തൈകൾ നട്ടു
ന്യൂമാഹി: കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് പരിസ്ഥിതി ദിനത്തിൽ വീട്ട് മുറ്റത്ത് കുട്ടികൾ ഫലവൃക്ഷത്തെകൾ നട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചത്. ന്യൂമാഹി പത്താം വാർഡിൽ മാഹി പാലത്തിന് സമീപത്ത് കമ്മവീട്ടിലെ മൂന്ന് സഹോദരിമാരും ഒരു സഹോദരിയുടെ ഭർത്താവുമാണ് പത്ത് ദിവസത്തിനിടെ കോവിഡിൽ പൊലിഞ്ഞത്. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ കമ്മ വീട്ടിൽ നടത്തിയ ചടങ്ങിൽ മരിച്ചവരുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും സംബന്ധിച്ചു.
പുതുജീവിതത്തിൻ്റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകമായി ഫല വൃക്ഷത്തൈകൾ തറവാട്ടിലെ കൊച്ചു മക്കളാണ് വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചത്. ജസാ ജാഷിം, ഫസീൻ യാസഫ്, ആഹിൽ മഹമ്മൂദ്, ഫാത്തിമ മുജീബ് എന്നിവർ ചേർന്നാണ് തൈകൾ നട്ടത്. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഭാരവാഹികളായ രാമദാസ് കതിരൂർ, രാജ് നാരായണൻ, എൻ.വി.അജയകുമാർ, പരിസ്ഥിതി പ്രവർത്തകരായ സി.കെ.രാജലക്ഷ്മി, പള്ളിയൻ പ്രമോദ്, മരിച്ചവരുടെ ബന്ധുക്കളായ പി.കെ.വി.സാലിഹ്, പി.കെ.വി.ശാലു, പി.പി.സക്കരിയ, പി.കെ.വി.ഷഫീക്ക്, പി.കെ.വി.സാദിഖ് എന്നിവർ സംബന്ധിച്ചു.
This post has already been read 4345 times!