പൊതു വിവരം

ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം; – ഉറഞ്ഞ് തുള്ളുന്നവരോട്

By രാമദാസ് കതിരൂർ

June 07, 2021

ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം;

ഉറഞ്ഞ് തുള്ളുന്നവരോട്

1960 ൽ ഉറച്ച ശബ്ദവും ,ഉയരവും , ധീരതയും ഉള്ള ഒരു ചെറുപ്പക്കാരൻ കേരള നിയമസഭയിലേക്ക് കടന്നു വരുന്നു . പ്രായം ഇരുപത്തിയഞ്ച് മാത്രം . സഭയുടെ അകത്തളം കാണുവാൻ അല്ല വന്നത് . പത്തനാപുരത്തുകാർ വലിയ വിജയം നൽകി , തങ്ങളുടെ ആവശ്യങ്ങളും ,അവകാശങ്ങളും നേടിയെടുക്കുവാൻ അയച്ചതാണ് അദ്ദേഹത്തെ . അവരുടെ പ്രിയപ്പെട്ട നിയമസഭാംഗം . ഈ ചെറുപ്പക്കാരൻ ഇവിടെ എന്തു ചെയ്യുമെന്ന് ആകാംഷയോടും ,അൽപ്പം അസൂയയോടും നോക്കിയിരുന്ന അന്നത്തെ പ്രമാണി നേതാക്കന്മാരെയൊക്കെ വിസ്മയിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആ ചെറുപ്പക്കാരൻ നടത്തിയത് . അതാണ് ആർ .ബാലകൃഷ്ണപ്പിള്ള . എങ്ങനെയാണ് ഭരിക്കേണ്ടതെന്നും , എങ്ങനെയാണ് ഭരിക്കുന്നവരിൽ നിന്ന് ആവശ്യങ്ങളും ,അവകാശങ്ങളും വാങ്ങിയെടുക്കേണ്ടതെന്നും കാണിച്ചു തന്ന ആൾ . വാളകം എം ടി സ്കൂളിൽ ഫോർത്ത് ഫോറം വിദ്യാർത്ഥിയായിരിക്കെ തിരുവിതാംകൂർ സ്റ്റുഡൻസ് യൂണിയനിൽ അംഗമായി പൊതു പ്രവർത്തനം തുടങ്ങി . പിന്നീട് തിരുകൊച്ചി വിദ്യാർത്ഥി ഫെഡറേഷനിലും ,കേരള സ്റ്റുഡന്റ് ഫെഡറേഷനിലും സജീവമായി പ്രവർത്തിച്ചിട്ടു തന്നെയാണ് കോൺഗ്രസ്സിലേക്ക് വന്നത് .കെ പി സി സി എക്സിക്യൂട്ടീവ് അംഗം ,എ ഐ സി സി അംഗം എന്നീ നിലകളിലെ സുത്യർഹമായ പ്രവർത്തന കാലം . കേരള വികസനം എന്ന പ്രാദേശിക ചിന്തയും സമുദായ ആചാര്യൻ മന്നത്തിന്റെ നിർദ്ദേശവും കേരള കോൺഗ്രസ്സിന്റെ സ്ഥാപക നേതാക്കളിലൊരാളായി മാറ്റി . യു.ഡി എഫ്‌ എന്ന കൂട്ടായ്മ ഒരുക്കിയെടുത്തു. പിന്നാലെ പലരും ഇതെല്ലാം തങ്ങളുടെ താണ് എന്നും പറഞ്ഞപ്പോഴും അതിനെ ചിരിച്ചു നേരിട്ട ഒരാൾ .u

കൃത്യമായ നിലപാടുകൾ അത് കാർക്കശ്യത്തോടെയും ,ആർജ്ജവത്തോടെയും നടപ്പാക്കുന്ന ഭരണാധികാരി . അതായിരുന്നു എന്നും ആർ ബാലകൃഷ്ണപിള്ള എന്ന ജനനേതാവ് . അതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. പഞ്ചാബ് മോഡൽ പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രതിസന്ധിക്കാലം ആണ് സൃഷ്ടിച്ചത് . പക്ഷെ ആ പ്രസംഗത്തിലെ അന്ത:സത്തയെ തിരിച്ചറിഞ്ഞില്ല ആരും . നമ്മുടെ നാട്ടിലും വികസനം വേണം ,വിഭവ വീതം വെപ്പിൽ നമ്മളെയും മാന്യമായി പരിഗണിക്കണം എന്നല്ലെ പറഞ്ഞത് . അത് സ്വന്തം ദേശത്തോടുള്ള സ്നേഹവും, കൂറും തന്നെയല്ലെ . പക്ഷെ അതു കാണാതെ ക്രൂശിക്കപ്പെടുകയായിരുന്നു . എതിരാളികൾ മാത്രമല്ല ,ഒപ്പം നിന്ന പലരും അതിലുണ്ടായിരുന്നു . വൈദ്യുതി ഉൽപ്പാദന മേഖലയുടെ ശക്തിപ്പെടുത്തിന്റെ പ്രവർത്തനത്തിനിടെയാണ് ഇടമലയാറിന്റെ പേരിൽ മറ്റൊരു ക്രൂശിക്കൽ . ഏറെ കാലം പലരും വേദനിപ്പിച്ചു കൊണ്ടേയിരുന്നു . ഒടുവിൽ ഹിതമല്ലാത്തതൊന്നും ഇല്ലെന്ന് തെളിഞ്ഞു . നീണ്ട കാലം ഇടമുളയ്ക്കൽ ,കൊട്ടാരക്കര തുടങ്ങിയ പഞ്ചായത്തുകളുടെ പ്രസിഡന്റ് , പത്തനാപുരത്തിന്റെയും കൊട്ടാരക്കരയുടെയും ജനകീയ എം എൽ എ , ഗതാഗതം വൈദ്യുതി എക്സ്സൈസ് എന്നീ വകുപ്പുകളുടെ മന്ത്രി , മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ അധികാരത്തിന്റെ പല മേഖലകളെയും കണ്ടറിഞ്ഞ ഈ നേതാവിന് ഒരു അവിഹിതത്തിന്റെയും ആവശ്യമേയില്ല വാരി കൊടുത്ത് മാത്രം ശീലമുള്ള കീഴൂട്ട് തറവാട്ടിലെ കരുത്തന് . ആർ .ബാലകൃഷ്ണപ്പിള്ള ആർ ബാലകൃഷ്ണപ്പിള്ളയാണ് അതിനോളം ആവില്ല ഒരാളും . ആവാൻ കഴിയുകയുമില്ല അതാണ് ആർ ബാലകൃഷ്പ്പിള്ള .

രാമദാസ് കതിരൂർ