ഇനി കോൺഗ്രസ് (ഐ) ആവുമോ ?
സംസ്ഥാന കോൺഗ്രസ് ഗ്രൂപ്പുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു ഏറെക്കാലം .കരുണാകരൻ -ആന്റണി കാലത്ത് ഐ, എ ഗ്രൂപ്പുകളായിരുന്നു ഉണ്ടായതെങ്കിൽ പിന്നീട് കാർത്തികേയൻ ,ചെന്നിത്തല തുടങ്ങിയ തിരുത്തൽ വാദികൾ മൂന്നാം ഗ്രൂപ്പുമായി എത്തി .പിന്നാലെ വയലാർ രവിയുടെ നാലാം ഗ്രൂപ്പും .കരുണാകരന്റെ വിടവാങ്ങലിനു ശേഷം കാലക്രമത്തിൽ ഐ ,മൂന്നാം ഗ്രൂപ്പ് എന്നിവ ചേർന്ന് വിശാല ഐ ആയി മാറി .ചെന്നിത്തലയായിരുന്നു നേതാവ് .നാലാം ഗ്രൂപ്പ് എയിലും ഐ യിലും അലിഞ്ഞു ചേർന്നില്ലാതയായി . പാർട്ടി സ്ഥാനമാനങ്ങളും ,നിയമസഭ സീറ്റുകളും ,മന്ത്രി സ്ഥാനങ്ങളും എല്ലാം ഗ്രൂപ്പുകൾ പങ്കിട്ടെടുത്തു .ഗ്രൂപ്പില്ലാത്തവർ പെരുവഴിയിൽ .ദേശീയ നേതൃത്വം മിക്കപ്പോഴും ഗ്രൂപ്പ് താൽപ്പര്യങ്ങൾക്ക് വഴങ്ങിക്കൊണ്ടേയിരുന്നു .എന്നാൽ തിരച്ചടികൾ തുടർച്ചയായി കിട്ടിയപ്പോൾ ദേശീയ നേതൃത്വം പ്രത്യേകിച്ച് രാഹുൽ ഗാന്ധി മറിച്ചു ചിന്തിച്ചു തുടങ്ങി .ഗ്രൂപ്പുകൾ പറയുന്നത് കേൾക്കാതെ പ്രതിപക്ഷ നേതാവ് ,പ്രദേശ് കമ്മിറ്റി പ്രസിഡൻറ് എന്നിവരെ നിയമിച്ചു കഴിഞ്ഞിരിക്കുന്നു .രണ്ടു ഗ്രൂപ്പും ഇതിനെ ശക്തമായി എതിർത്തിരുന്നു.ഗ്രൂപ്പുകൾ സമ്മർദ്ദം നടത്തിയെങ്കിലും ചെന്നിത്തലയുടെയും ,ഉമ്മൻ ചാണ്ടിയുടെയും ഗ്രൂപ്പ് വാക്കുകൾക്ക് ഒരു വിലയും ഇല്ലാതായി .ഒപ്പം കൂടെ നിന്ന പലരും മാറി തുടങ്ങി .എ ,ഐ ഗ്രൂപ്പുകൾ പിളർന്നു .പാർട്ടി നന്നാവണം എന്ന ചിന്ത മിക്കവരിലും വന്നു .ഗ്രൂപ്പ് കളിച്ചു നടന്നാൽ ഇനി ഭരണത്തിന്റെ ഏഴയലത്ത് എത്തില്ലെന്ന തിരിച്ചറിവ് വന്നു ഇവർക്ക് .ഗ്രൂപ്പുകളിൽ കൊഴിഞ്ഞുപോക്ക് തുടരുകയാണ് .പ്രധാന ഗ്രൂപ്പ് മാനേജർമാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു ,ചിലർക്ക് സീറ്റ് ലഭിച്ചില്ല .
സുധാകരൻ ഇനി ഗ്രൂപ്പ് വീതം വെപ്പ് നിർത്തിച്ച് പ്രവർത്തിക്കന്നവർക്കൊപ്പം നിന്നാലേ പാർട്ടി രക്ഷപ്പെടുകയുള്ളൂ .അത്തരം ഒരു നീക്കമായിരിക്കും തന്റെതെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട് .ആ നീക്കം ഫലം കണ്ടാൽ കേരളത്തിൽ കോൺഗ്രസ് (ഐ) ഉണ്ടാവും .