കോവിഡ് :അതിജീവന പ്രധിസന്ധിക്ക് പരിഹാരമായി കാർത്തുമ്പി കുടനിർമാണം
കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് തൊഴിൽ അവസരങ്ങൾ കുറഞ്ഞ അട്ടപ്പാടിയിൽ , ആദിവാസി കൂട്ടായ്മയായ `തമ്പ് ´ന്റെ നേതൃത്വത്തിൽ നടക്കുന്ന കാർത്തുമ്പി കുടനിർമ്മാണം അട്ടപ്പാ ടിയിലെ ആദിവാസി വനിതകൾക്ക് പുത്തൻ സ്വപ്നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുന്നു. വീട്ടിലിരുന്നോ കമ്മ്യൂണിറ്റി ഹാളിൽ ഇരുന്നോ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അട്ടപ്പാടിയിലെ പതിനാലോളം ഊരുകളിലെ ആദിവാസി വനിതകൾ കാർത്തുമ്പി കുട നെയ്യുന്നത് . വിവിധ നിറമുള്ള കുടകൾ ക്കൊപ്പം പുതിയ സ്വപ്നങ്ങൾ കൂടി നെയ്യുവാൻ അമ്മ മാർക്ക് വഴിയൊരുക്കുക കൂടിയാണ് ഈ കൂടനിർമാണം .
സ്വന്തം കുടിലിലിരുന്നു കുട നിർമ്മിക്കാം എന്നതിനാൽ ജോലിയ്ക്ക് പോകാനും വരാനുമുള്ള പണവും സമയവും ലഭിക്കാം എന്നത് അവർക്ക് വളരെ സഹായകമാണ് . ഒരു കുട നെയ്യുന്നതിനു മുപ്പത് രൂപയാണ് ഇപ്പോൾ കൂലിയായി നൽകുന്നത്. പത്തു മുതൽ പതിനഞ്ചു വരെ കുട ഒരാൾക്ക് ഒരു ദിവസം നെയ്യാനാകും. തൊഴിലുറപ്പിനു കിട്ടുന്ന വേതനത്തേക്കാൾ കൂടിയ വേതനം ഇത് വഴി ഉറപ്പിക്കാം. സമയ നിഷ്ഠയില്ലാതെ വീട്ടിലിരുന്നു ജോലി ചെയ്യാം എന്നതും ആദിവാസി കുടുംബിനി കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നുണ്ട്.
‘തമ്പ് ‘ കാർത്തുമ്പി കുട നിർമാണം ആരംഭിച്ചിട്ട് 6 വർഷം പിന്നിടുകയാണ്. വർദ്ധിച്ചു വരുന്ന ആദിവാസി ശിശു മരണത്തെ തുടർന്നാണ് അതിജീവന പദ്ധതി എന്നനിലയിൽ 2015 ൽ ‘തമ്പ് ‘കുടനിർമ്മാണം ആരംഭിക്കുന്നത്. രണ്ടു വർഷം ഉണ്ടായ പ്രളയവും രണ്ടു വർഷം തുടർച്ചയായി ഉണ്ടായ കോവിഡ് വ്യാപനവും കുടനിർമ്മാണത്തെ കാര്യമായി ബാധിച്ചതായി തമ്പ് പ്രവർത്തകൻ കെ എൻ രമേശ് പറഞ്ഞു. കുടനിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയൽ തമ്പ് പ്രവർത്തകർ ഊരുകളിൽ എത്തിച്ചു കൊടുക്കും. കുടനിർമിച്ചതിനു ശേഷം തിരിച്ചെടുക്കും. കോവിഡ് വ്യാപനത്തേ തുടർന്ന് സ്കൂളുകളും ഹോസ്റ്റലുകളും കടകളും തുറക്കാത്തത് കുട വിപണിയേ സാരമായി ബാധിച്ചതായി തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു. അത്തരം സാഹചര്യത്തെ മറി കടക്കുവാൻ സൊസൈറ്റികൾ വഴിയുള്ള ഓർഡറുകൾ നേരിട്ട്പിടിക്കുകയാണ്. ഇപ്പോൾ അട്ടപ്പാടിയിൽ നിർമിക്കുന്ന കുടകൾ ബി.പി.സി.എൽ ലെ ജീവനക്കാരുടെ സൊസൈറ്റി ക്ക് വേണ്ടിയാണ്.
കോവിഡ് രണ്ടാം തരംഗത്തി ന്റെ മുന്നോടിയായി ‘നബാർടു’ മായി ചേർന്ന് അൻപതു പേർക്ക് 15 ദിവസത്തെ കുടനിർമ്മാണം തമ്പ് നടത്തിയിരുന്നു. ഇതിനകം അട്ടപ്പാടിയിലെ 350ലതികം ആദിവാസി വനിതകൾക്ക് തമ്പ് കുട നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. പക്ഷെ അത്രയും പേർക്ക് തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്താൻ ഇപ്പോൾ കഴിയുന്നില്ലെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞു. തമ്പ് കൺവീനർ കെ ഏ രാമു, ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നിവരാണ് കുടനിർ മാണത്തിന് നേതൃത്വം നൽകുന്നത്.