പൊതു വിവരം

ഇലമുളച്ചി

By ദ്രാവിടൻ ഡസ്ക്

June 19, 2021

ഇലമുളച്ചി

പണ്ടുകാലത്ത് പറമ്പുകളിൽ ധാരാളമുണ്ടായിരുന്ന ഇല മുളച്ചിയെന്ന ചെടിയും അന്യം നിന്നുപോകുന്നു. ഇലയില്‍നിന്ന് ചെടി മുളക്കുന്നതു കൊണ്ടാണ് ഇലമുളച്ചിയെന്ന് വിളിക്കുന്നത്‌.

ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാകാം ഇതിനെ ഇലമുളച്ചി എന്ന പേര് ലഭിച്ചത്.

ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധനവ് സാധാരണയായി ഇലകളുടെ അരികുകളിൽ പൊട്ടിമുളയ്ക്കുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്.

ഔഷധ ഗുണങ്ങൾ.

മനുഷ്യന് ഏറ്റവും പ്രയോജനമുള്ള ഔഷധസസ്യമാണിത്. മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലക്ക് കഴിവുണ്ട്. സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചുപുരട്ടുന്നത് നല്ലതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരട്ടുന്നത് നല്ലതാണ്. ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ച് മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും. ഇത് വീടിന് മുന്നിൽ കെട്ടിത്തൂക്കിയാൽ കൊതുകുശല്യം ഇല്ലാതാകും. ചില ദേശങ്ങളിൽ വൈദ്യന്മാർ വേദനക്കും വീക്കത്തിനും ഉപയോഗിക്കാറുണ്ട്. അതിസാരം, രക്തംപോക്ക്, ആർത്തവദോഷം എന്നിവക്ക് നല്ലതാണിത്. ചെവി വേദനക്ക് ഇല വാട്ടി പിഴിഞ്ഞ നീര് രണ്ട് തുള്ളി ഒഴിച്ചാൽ വേദന ശമിക്കും