ആദരാഞ്ജലികൾ…
മോഹനൻ വൈദ്യരുടെ ബാഗ്, അലസമായ വസ്ത്രധാരണം. ചീകിയൊതുക്കാത്ത മുടിയും താടിയും. തുറന്ന പൊട്ടിച്ചിരി. ശബ്ദം ഉയർത്തിയും താഴ്ത്തിയും സംസാരിക്കുമ്പോൾ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ. അപാരമായ ചങ്കൂറ്റം. ഇതും ഇതിലപ്പുറവുമായിരുന്നു മോഹനൻ വൈദ്യർ.
2009 മുതലാണ് അദ്ദേഹം കേരള സമൂഹത്തിലേക്കിറങ്ങിയത്. ഒരു ദിവസത്തെ ഫുൾ ക്ലാസ് . മേശപ്പുറത്തെ വലിയ തടിച്ച ബാഗിൽ നിന്ന് പേസ്റ്റും മഞ്ഞൾപ്പൊടി പാക്കറ്റും ഡാൽഡയും വെളിച്ചെണ്ണയുമൊക്കെ അദ്ദേഹം ഒരു മാജിക്കുക്കാരനെപ്പോലെ പുറത്തെടുക്കും. കോൾഗേറ്റിൽ അടങ്ങിയ ട്രിക്ലോസാൻ, സോഡിയം ലോറൽ സൾഫേറ്റ് വിഷങ്ങൾ അതിന്റെ ലേബലിൽ നിന്നും വായിച്ചു കേൾപ്പിക്കും. കാൻസർ വരുത്തുന്ന പാരഫിൻ ഓയിൽ കൊണ്ട് വെളിച്ചെണ്ണ മുതൽ ഏതെണ്ണയും നിർമ്മിച്ച് മാർക്കറ്റിലിറക്കുന്ന “വിദ്യ”കാട്ടിത്തരും. മെറ്റാലിൻ മഞ്ഞ പെയിന്റടിച്ച് വിപണിയിൽ എത്തുന്ന മഞ്ഞൾ പൊടി , സുഡാൻ റെഡ് ചേർത്ത് ചുവപ്പിച്ച മുളകുപൊടി എന്നിങ്ങനെ മലയാളി അകത്താക്കുന്ന വിഷങ്ങളെപ്പറ്റി പരസ്യമായി സധൈര്യം അത്യുച്ചത്തിൽ മോഹനൻ വൈദ്യർ പറഞ്ഞു.
ആയിരക്കണക്കിനു “ഭക്ഷണത്തിലെ മായം. ” ക്ലാസുകൾ കേരളത്തിലുടനീളം നടത്തിയ ആ മനുഷ്യൻ വിഷം തീറ്റിക്കുന്ന കമ്പനികളെയും അതിന് സർവ്വ പിന്തുണയും കൊടുക്കുന്ന സർക്കാരിനെയും യാതൊരു സങ്കോചവും കൂടാതെ തുറന്നു കാട്ടി. അതുകൊണ്ടു തന്നെ എല്ലാ കമ്പനികളും അവരുടെ സർക്കാർ സിൽബന്തികളും അയാളെ നോട്ടപ്പുള്ളിയാക്കി. വിഷവിമുക്തമായ ഭക്ഷണം ജനങ്ങൾക്ക് ഉറപ്പാക്കിയാൽ , രോഗങ്ങൾ ചാകര പോലെ, ആശുപത്രിക്കാർക്ക് കൊയ്ത്തായി മാറില്ലെന്ന് വൈദ്യർ പറഞ്ഞു. അലോപ്പതിയിലും ആയുർവേദത്തിലുമുള്ള പക്കാ ബിസിനസ്സുകളെ പൊളിച്ചടുക്കിയതിനാൽ അദ്ദേഹത്തിനെതിരെ കമ്പനികൾ, സർക്കാർ, ചികിത്സകർ എന്നിവരുടെ ത്രികക്ഷി സംഖ്യം വേഗത്തിൽ രൂപം കൊണ്ടു.
സയൻസിന്റെ അക്കാദമിക് ഭാഷയിലല്ല സാധാരണക്കാരന്റെ “വിവരം കെട്ടഭാഷ “യിലാണ് വൈദ്യർ സംസാരിച്ചത്. ആ മനുഷ്യന് ചികിത്സിച്ചു കൊല്ലാൻ ലൈസൻസ് ഇല്ലാതെ പോയതിനാൽ ജയിലിലടക്കപ്പെട്ടു.
നിലവിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾക്കു വഴങ്ങാത്തതും പിടികിട്ടാത്തതുമായ ഇത്തരം അപൂർവ്വ ജനുസുകളെ നിഗ്രഹിക്കാനല്ലാതെ മറ്റൊന്നും നമ്മുടെ നിയമങ്ങൾക്കോ കോടതിക്കോ സർക്കാരിനോ സമൂഹത്തിനോ മാധ്യമങ്ങൾക്കോ അറിയില്ല.
സംഗീത കോളേജിൽ നിന്ന് സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ പാട്ട് നാം ആസ്വദിക്കുന്നതു പോലെ, സ്ക്കൂൾ കായിക പരിശീലനം കിട്ടാത്ത യുവാവിനെ , അവന്റെ ഓട്ടത്തിലുള്ള കഴിവ് കണ്ട് സർക്കാർ ഏറ്റെടുക്കുന്നതു പോലെ മോഹനൻ വൈദ്യരുടെ ചികിത്സകളെ വൈദ്യ സമൂഹം പഠിക്കണമായിരുന്നു. അതിനു വേണ്ടി മനുഷ്യ സ്നേഹികളും പണ്ഡിതരുമായ ചികിത്സകരുടെ കമ്മറ്റി രൂപീകരിക്കണമായിരുന്നു. അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കണമായിരുന്നു. എങ്കിൽ തീർച്ചയായും അത് നാട്ടുവൈദ്യത്തിനും ആയുർവ്വേദത്തിനും അലോപ്പതിക്കും പോലും വലിയ മുതൽക്കൂട്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ ശരികളെ സർക്കാർ പ്രോത്സാഹിപ്പിച്ചില്ല. സാധാരണ മനുഷ്യന്റെ തികച്ചും സാധാരണമായ പിഴകളെ സഹിച്ചില്ല. ക്ഷമിച്ചില്ല. മണ്ടനും വ്യാജനുമായി മാറി മോഹനൻ വൈദ്യർ.
ഇന്നത്തെ ജനവിരുദ്ധ വിദഗ്ധന്മാരുടെയും അവർക്കും കമ്പനികൾക്കും വേണ്ടി അവർ തയ്യാറാക്കിയ നിയമങ്ങളുടെയും പിടിയിൽ നിന്ന് മോഹനൻ വൈദ്യർ രക്ഷപ്പെട്ടു. നമ്മൾ രക്ഷപ്പെട്ടിട്ടില്ല.