വിദ്യാഭ്യാസം : ഉയരുന്ന എ പ്ലസുകളും താഴുന്ന നിലവാരവും
ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ
2006 ൽ ഇടതുപക്ഷ സർക്കാർ അധികാരമേറിയ ഉടനെ നാം കേട്ടുകൊണ്ടിരിക്കുന്ന ഏറ്റവും മനോഹരമായ പദ്ധതിയാണ് സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ആദ്യം ഓരോ നിയോജകമണ്ഡലത്തിലും ഒരോ സ്കൂൾ വീതം അതിനായി തെരഞ്ഞെടുക്കുമെന്നതും. വലിയ വലിയ കെട്ടിടങ്ങളും സ്മാർട്ട് റൂമുകളും ഒരുക്കി, തിളക്കമുള്ള ടൈലുകൾ പാകി, വൃത്തിയുള്ള ശൗചാലയങ്ങളുണ്ടാക്കി, മേത്തരം യാത്ര സൗകര്യവും വാഹന സൗകര്യവും ഏർപ്പെടുത്തി ഏതാനും സ്കൂളുകളിൽ സർക്കാർ ഭൗതിക സൗകര്യങ്ങളൊരുക്കിയിട്ടുമുണ്ട്. എന്നാൽ പഠന സമ്പ്രദായങ്ങൾ, രീതികൾ, കരിക്കുലം, ഫാക്ക്വൽറ്റി, സിലബസ്, പാഠപുസ്തകം, പരീക്ഷ, തുടർ പഠനം എന്നിവയിലെ കാലോചിത പരിഷ്ക്കരണം മുഖേന അക്കാദമിക നിലവാരം ഉയർത്തലല്ലേ വിദ്യാഭ്യാസത്തെ സംബന്ധിച്ച് പരമപ്രധാനം എന്ന വിവേകമതികളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും സംശയത്തിന് ഇനിയും ഉത്തരം കണ്ടെത്തിയിട്ട് വേണം. കാര്യക്ഷമമായ അത്തരം നീക്കങ്ങളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവാതിരിക്കുകയും മറിച്ച് സർക്കാറുകൾക്ക് കയ്യടി നേടാനും മുഖം മിനുക്കാനുമുള്ള ചെപ്പടിവിദ്യകളും കുറുക്കുവഴികളുമുണ്ടാവുകയും ചെയ്യുമ്പോൾ വിശേഷിച്ചും. ലോകത്തെങ്ങുമുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം പരിശോധിക്കാനായി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ് നടത്തുന്ന ‘പിസ’ ടെസ്റ്റിൽ (പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡൻസ് അസസ്മെന്റ്) നിന്നും 2009 ൽ ഇന്ത്യ പിൻമാറിക്കളഞ്ഞു. മറ്റുകുട്ടികളിൽ നിന്നും സാമൂഹിക സാംസ്കാരിക കാര്യങ്ങളിൽ ഇന്ത്യ വ്യത്യസ്തമാണെന്ന വിചിത്ര കാരണം പറഞ്ഞാണ് 15 വയസ്സുള്ള വിദ്യാർഥികളുടെ ഗണിതം, സയൻസ്, വായന എന്നിവയിലെ നിലവാരം പരിശോധിക്കുന്ന അന്തരാഷ്ട്ര സംവിധാനത്തിൽ നിന്നും മാറിക്കളഞ്ഞത്. മിക്ക വിദേശ രാജ്യങ്ങളിലും പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ അക്കാദമിക നിലവാരവും നൈപുണ്യവും മികച്ചതാണെന്ന അനുഭവങ്ങളുള്ളപ്പോഴാണിതെന്നതത്രെ ഏറ്റവും വിരോധാഭാസം. 2015 ൽ നടന്ന ‘പിസ’ ടെസ്റ്റിൽ 72 രാജ്യങ്ങളിലെ 2.8 കോടി കുട്ടികളിൽ നിന്നുള്ള അരലക്ഷത്തിൽപ്പരം കുട്ടികൾ പങ്കെടുത്തു. ഈ ടെസ്റ്റിൽ ഒന്നാം സ്ഥാനത് സിങ്കപ്പൂരും ഹോങ്കോങ്ങും ജപ്പാനും രണ്ടാം സ്ഥാനത്തും അമേരിക്ക നാല്പതാം സ്ഥാനത്തുമാണ്. ഇതാണ് അന്താരാഷ്ട്രനിലവാരം.
“എല്ലാവർക്കും പഠിക്കാം, എല്ലാവർക്കും വളരാം” എന്ന മുദ്രാവാക്യവുമായി എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി 2000-’01 അധ്യയന വർഷത്തിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് സർവ ശിക്ഷാ അഭിയാൻ. പ്രാഥമിക വിദ്യാഭ്യാസത്തെ സാർവത്രികമാക്കുകയും ആഗോള നിലവാരത്തിലെത്തിക്കുകയും സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയ്ക്കനുസൃതമായി പ്രാഥമികവിദ്യാഭ്യാസത്തെ മാറ്റുകയും ഇതിന്റെ ലക്ഷ്യങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസത്തെ 2010 ആകുമ്പോഴേക്കും 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനം, സൗജന്യ പുസ്തക വിതരണം, കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന് പ്രോത്സാഹനം, അധ്യാപക പരിശീലനം എന്നിവയൊക്കെയും സർവ ശിക്ഷാ അഭിയാൻ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നെങ്കിലും രാഷ്ട്രീയ അസ്ഥിരതയും കാര്യക്ഷമതയില്ലായ്മയും സാമൂഹിക ചുറ്റുപാടുകളും വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും മുന്ഗണനാക്രമങ്ങളിലെ താളപ്പിഴകളും ദീർഘ വീക്ഷണമില്ലായ്മയുമൊക്കെകാരണം എസ്. എസ്. എ പദ്ധതി വേണ്ടത്ര വിജയകരമായില്ലെന്നതാണ് യാഥാർത്ഥ്യം.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച വിളിച്ചോതുന്നതാണ് 2016ലെ അസറും (ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട്) നാഷണൽ അച്ചീവ്മെന്റ് സർവ്വേയും. രണ്ടാം ക്ലാസ് പാഠപുസ്തകം പോലും വായിക്കാനുള്ള ത്രാണി അഞ്ച്, എട്ട് ക്ലാസ്സുകളിലെ കുട്ടികൾക്കില്ലത്രേ! മാത്രമല്ല മൂന്നാം ക്ലാസിലെ കുട്ടികളുടെ ഭാഷാശേഷിയിലും ഗണിതത്തിലും തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ പുതുച്ചേരിക്കും തമിഴ്നാടിനും താഴേയാണ് കേരളത്തിന്റെ സ്ഥാനം. ഐ.എ.എസ് / ഐ.പി.എസ് തുടങ്ങി ഉന്നത മേഖലകളിൽ ബീഹാറുകാരും ഉത്തരപ്രദേശുകാരും നമ്മെ ഭരിക്കുന്നതിൽ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലകളിലും നമ്മുടെ പ്രാതിനിധ്യം തുലോം കുറവാണെന്ന വസ്തുതയാണല്ലോ നമുക്ക് ബോധ്യപ്പെടുന്നത്.
യഥാർഥത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്നു കേരളം. എട്ടുവയസ്സ് പൂർത്തിയായ ഒരാളും എഴുത്തും വായനയും അറിയാത്തതായി രാജ്യത്തുണ്ടാകരുത് എന്ന തിരുവിതാംകൂർ രാജാവ് സ്വാതിതിരുനാളിന്റെ 1930 കളിലെ പ്രഖ്യാപനമാണതിന് കാരണം. 1994 ഡിസംബർ 22-ന് അമേരിക്കയിലെ കൊളംബിയയിൽ കേരളസർക്കാരും ലോകബാങ്കും തമ്മിലൊപ്പിട്ട കരാറനുസരിച്ചു ലോകബാങ്കിന്റെ കൺസൾട്ടൻസിയായ ‘എഡ്സിൽ’ കേരളത്തിലെ കരിക്കുലത്തിൽ ഇടപെട്ട് ഡി.പി.ഇ.പി. നടപ്പാക്കിയതോടെയാണ് വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം ദൃശ്യമായത്. കുട്ടികൾ ആദ്യം അക്ഷരം പഠിക്കേണ്ടതില്ല, അക്ഷരം എഴുതുമ്പോൾ തെറ്റിയാൽ തിരുത്തേണ്ടതില്ല, ഗുണനപ്പട്ടിക പഠിക്കേണ്ടതില്ല, കവിതകൾ കാണാപ്പാഠമാക്കേണ്ടതില്ല, കോപ്പിയെഴുത്ത്, ഗൃഹപാഠം, പ്രബന്ധ രചന തുടങ്ങിയവയൊന്നും വേണ്ടതില്ല, അധ്യാപകർ പഠിപ്പിക്കേണ്ടതില്ല, കുട്ടികൾ സ്വയം അറിവ് നിർമിക്കുമ്പോൾ ഒരു ഫെസിലിറ്റേറ്റർ ആയാൽ മതി തുടങ്ങി, വിദ്യാർത്ഥികൾക്ക് ശിക്ഷാ-ശിക്ഷണങ്ങൾ പാടില്ലെന്നും അവരോടൊപ്പം കളിക്കണമെന്നും തോൽപിക്കാൻ പാടില്ലെന്നുമുള്ള നിർദ്ദേശങ്ങളടക്കം ‘എഡ്സിലി’ന്റേതാണ്. ചുരുക്കത്തിൽ കുട്ടികൾക്ക് പ്രയാസമാകും എന്ന കണ്ടുപിടിത്തത്തിലൂടെ പഠനപ്രക്രിയയെ പ്രഹസനമാക്കിയതിന്റെ ഫലമാണ് ഇന്നത്തെ നിലവാരത്തകർച്ച. സ്കൂളുകൾ മാത്രമല്ല, സംസ്ഥാനത്തെ അധ്യാപക പരിശീലന സമ്പ്രദായവും ഗുരുതരമായ നിലവാരത്തകർച്ചയിലാണെന്നാണ് ഡൽഹി സർവകലാശാലയിലെ ഭാഷാ വിഭാഗം മുന്മേധാവി പ്രൊഫ. രമാകാന്ത് അഗ്നിഹോത്രയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ പഠന സംഘത്തിന്റെ വിലയിരുത്തൽ. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്ക് ലഭിക്കുന്നത് നിലവാരമില്ലാത്ത പരിശീലനമാണെന്നും അധ്യാപകരില് ഭൂരിഭാഗത്തിന്റെയും ഭാഷാ പരിജ്ഞാനം മോശമാണെന്നും എസ് സി ഇ ആർ ടി നല്കുന്ന പരിശീലനത്തിന്റെ ഫലങ്ങൾ വിദ്യാര്ഥികളിലെത്തുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. പഠിതാക്കളെ യോഗ്യരായി വളര്ത്തിക്കൊണ്ടു വരുന്നതിലും അവർക്കാവശ്യമായ ശിക്ഷണ നിർദേശങ്ങൾ നൽകുന്നതിലും അധ്യാപകര്ക്കുള്ള അക്കാദമിക് യോഗ്യതയും അധ്യാപനത്തിനുള്ള കഴിവും പരമ പ്രധാനമാണ്.
പാഠ്യപദ്ധതി എത്ര മികച്ചതെങ്കിലും പകര്ന്നു കൊടുക്കുന്ന അധ്യാപകന്റെ യോഗ്യതയെയും നിലവാരത്തെയും ആശ്രയിച്ചാണ് വിദ്യാര്ഥികളില് അതിന്റെ ഫലം പ്രകടമാകുന്നത്. സ്കൂൾ വിദ്യാഭ്യാസമെന്നത് എഴുത്തും വായനയും പഠനവും മാത്രമല്ലാതായി മാറിയ ഇക്കാലത്ത് വിവരസാങ്കേതിക വിദ്യയുടെ വിശാലമായ മേഖലയില് നിന്നും ചുറ്റുപാടുകളില്നിന്നും ഉപഗ്രഹ സാങ്കേതിക സംവിധാനങ്ങളിൽ നിന്നും അറിവിന്റെ നൂതനപാഠങ്ങള് കുട്ടികള്ക്കു ലഭിക്കേണ്ടതുണ്ട്. കുട്ടികള് വളര്ന്നു വരുന്ന പുതിയ സാഹചര്യം മനസ്സിലാക്കി വിദ്യാഭ്യാസ – അധ്യയനരീതികൾ മാറ്റിപ്പണിതെങ്കിൽ മാത്രമേ അവരുടെ ശ്രദ്ധ ക്ലാസിലും അധ്യാപകനിലും കേന്ദ്രീകരിക്കുകയുള്ളു. പരിശീലന രംഗത്ത് ഇതിനനുസൃതമായ പരിഷ്കരണവും സമഗ്രതയും അനിവാര്യമാണ്. അധ്യാപകര് ചിന്താപരമായും സര്ഗാത്മകമായും ഉയരേണ്ടതും കര്മോത്സുകരുമാകേണ്ടതും പഠന നിലവാരത്തിന്റെ മികവിന് അത്യന്താപേക്ഷിതവുമാണ്. പഠന രീതികളും സമ്പ്രദായങ്ങളും മുച്ചൂടും മാറിക്കൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ വിശേഷിച്ചും. നെപ്പോളിയൻ ഹിൽ ‘തിങ്ക് ആൻഡ് ഗ്രോ റിച്ച്’ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൽ അമേരിക്കയിലെ പ്രമുഖനും അതിസമ്പന്നനുമായ ഹെൻറി ഫോർഡിനെ സംബന്ധിച്ചുള്ള രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഫോർഡ് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവനാണെന്ന് തെളിയിക്കാനായി കോടതിയിൽ വക്കീലന്മാർ നിരവധി ചോദ്യങ്ങൾ ചോദിച്ചു. “എനിക്ക് ആവശ്യമുള്ള വിവരങ്ങൾ നൽകാൻ എനിക്കു ചുറ്റും ആളുകൾ ഉള്ളപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വേണ്ടി മാത്രമായി ഞാനെന്റെ തല നിറയെ പൊതുവിജ്ഞാനം നിറക്കാനായി എന്തിന് പെടാപ്പാട് പെടണം?” എന്ന മറുചോദ്യം അഭിഭാഷകരെ നിലംപരിശാക്കി. തനിക്കാവശ്യമുള്ള വിജ്ഞാനം എവിടെനിന്നു ലഭിക്കുമെന്ന് അറിയാവുന്നവനും എങ്ങിനെ ആ വിജ്ഞാനത്തെ നിശ്ചിതമായ പ്രവർത്തന പദ്ധതിയാക്കി സംഘടിപ്പിക്കാമെന്ന് അറിയാവുന്നവനുമായ ഏതു മനുഷ്യനും വിദ്യാഭ്യാസമുള്ളവനാണ്. അറിവുകൾ വിവരങ്ങളായി വിരൽത്തുമ്പുകളിലുള്ളപ്പോൾ അവക്ക് അനാവശ്യമായി സമയം ചെലവഴിക്കേണ്ടതില്ലെന്നർത്ഥം. ജീവിത വിജയത്തിനും പുരോഗതിക്കും അനിവാര്യമായ അറിവുകളാണ് വിദ്യാഭ്യാസത്തിലൂടെ നൽകേണ്ടതെന്ന് ചുരുക്കം. സാക്ഷരതയിലും വിദ്യാഭ്യാസ മികവിലും ഒന്നാം സ്ഥാനം അവകാശപ്പെടുമ്പോഴും ആത്മഹത്യയിലും കുറ്റകൃത്യങ്ങളിലുമുള്ള ഒന്നാം സ്ഥാനവും നാം കാണാതിരുന്ന്കൂടാ. ഗണിത – ഊർജ്ജ – സാമ്പത്തിക ശാസ്ത്രങ്ങളോടൊപ്പം മാനവിക മൂല്യങ്ങളും സ്വഭാവ സംസ്കാരങ്ങളും പാഠ്യ ഭാഗങ്ങളിലുൾപ്പെടുത്തേണ്ടിയിരിക്കുന്നു. മാതാപിതാക്കൾക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമായ ഉത്തമ പൗരന്മാരാകാൻ അവ അനിവാര്യമാണെന്ന് അറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ habeebrahmank@gmail.com 9645006027