ഒരു പക്ഷെ, ഭാരതത്തിൽ ജനിച്ച ഏതൊരുവനും അറിവുള്ള ഒരു മന്ത്രം ആയിരിക്കും ‘തത്വമസി’ എന്നത്. ഒരു സനാതന ധർമ്മ വിശ്വസിയോട് എന്താണ് ഈശ്വരൻ എന്ന് ചോദിച്ചാൽ പറയുന്ന ഏറ്റവും ലളിതവും എന്നാൽ അതിശക്തമായ ആശയം ഉൾക്കൊള്ളുന്നതുമായ ഉത്തരം ഏറിയ പക്ഷവും ഇത് തന്നെയാകും. സത്യാന്വേഷണ മാർഗത്തിൽ ചലിക്കുന്ന ആളെ സംബന്ധിച്ചും ഉത്തരം ഇത് തന്നെയാകാനാണ് സാധ്യത.
വേദാന്ത പഠനം ആരംഭിച്ച ആളായാലും, വേദാന്തി ആയാലും, ബ്രഹ്മജ്ഞാനി ആയാലും എന്താണ് അസ്തിത്വം, അല്ലെങ്കിലെന്താണ് ഈ പഠനത്തിലൂടെയോ, അനുഭവത്തിലൂടെയോ അറിഞ്ഞത് എന്ന് ചോദിച്ചാലും ഉത്തരം തത്വമസി എന്ന മഹാവാക്യമായിരിക്കും.
ഇത്രമാത്രം അർഥത്തെ പണ്ഡിതനും, പാമരനും, ജ്ഞാനിക്കും, അജ്ഞാനിക്കും ഒരേപോലെ മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞതിനാലാവും വിവേകമതികളായ നമ്മുടെ ആചാര്യന്മാർ തത്വമസി എന്ന പ്രയോഗത്തെ മഹാവാക്യങ്ങളിൽ ഒന്നായി പരിഗണിച്ചത്.
സ്ഥൂലതലത്തിൽ നോക്കിയാൽ, ഈ വാക്യത്തിന്റെ അർഥം, “അത് നീ ആകുന്നു” എന്നാണെന്ന് ഏതൊരു കുട്ടിക്കും വശമുള്ളതായി കാണാൻ സാധിക്കും. അതായത്, എന്തിനുവേണ്ടി നീ അന്വേഷിക്കുന്നുവോ അത് ‘നീ തന്നെ’ അഥവാ നിന്റെ ഉള്ളിലാണ് അതെന്ന് സാരം. പൗലകോലോയുടെ ദി ആൽക്കമിസ്റ്റ് എന്ന കഥയിലെ പോലെ, അന്വേഷിച്ച നിധിയിരുന്നത് ഉത്ഭവത്തിലെന്നപോലെ; നിന്റെ ആത്മാന്വേഷണത്തിൽ നീ അറിയാൻ പോകുന്നത് ‘നിന്റെ ഉള്ളിൽ തന്നെ’ എന്ന് പറയുകയാണ് ഈ മഹാവാക്യത്തിലൂടെ.
പക്ഷെ, പലപ്പോഴും ഈ വാക്യം നാം ഉപയോഗിക്കുന്നുവെങ്കിലും അതിന്റെ അർഥ തലങ്ങൾ മനസ്സിലാക്കാറുണ്ടോ എന്നുള്ളത് ഇപ്പോഴും ഒരു തർക്ക വിഷയം തന്നെയാണ്.
അറിവിന്റെ ആമാടപ്പെട്ടി തുറക്കുന്ന ഏതൊരാളോടും തത്വമസി മഹവാക്യംകൊണ്ട് എന്ത് അർഥമാക്കുന്നു എന്ന് ചോദിച്ചാൽ “അത് ബ്രഹ്മജ്ഞാനമാണ്, ആ ജ്ഞാനം അനുസരിച്ച് ‘അത് ഞാൻ’ തന്നെയാണ്; ശബരിമലയിൽ പോലും എഴുതിയിരിക്കുന്നു, പിന്നെ എന്തെ നിനക്ക് മാത്രം മനസ്സിലാകുന്നില്ല!” എന്ന പഴകി പുളിച്ച ഉത്തരം പലതവണ ലഭിച്ചതിനാൽ, ഈ മഹാവാക്യത്തെ സ്ഥൂലാർഥതലത്തിൽ മാത്രമേ സാധാരണ വിശ്വാസികൾ മനസ്സിലാക്കുന്നുള്ളൂ എന്ന ചിന്തയിൽ നിന്നാണ് ഇത് എഴുതുന്നത്.
മുകളിൽ പറഞ്ഞ ഉത്തരങ്ങൾ എല്ലാം ശരിതന്നെയാണ്. എന്നിരുന്നാലും ഈ ഉത്തരങ്ങൾ പറയുന്ന നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടത്, “അത് നീ തന്നെയാണ്. പക്ഷെ, അതെന്താണ്??” ഒന്ന് മറ്റൊന്നിനോട് സമം എന്ന് പറയുമ്പോൾ ‘എന്ത്? എന്തിനോട്? എന്ത്കൊണ്ട്? സമം’ എന്ന് ചിന്തിക്കേണ്ടത് ആവശ്യമല്ലേ??
എന്താണ് സമം എന്ന് ചോദിച്ചാൽ ഞാൻ സമം എന്ന് ഉത്തരം പറയാം. എന്തിനോട് ആണ് സമം? എന്ന് ചോദിച്ചാൽ ഏറ്റവും പ്രശസ്തവും, പൊതുവായതുമായ ഉത്തരം ബ്രഹ്മത്തോട് അല്ലെങ്കിൽ പരമാത്മവിനോട് സമം എന്നും കേൾക്കാം. പക്ഷെ, എന്ത്കൊണ്ട് സമം ആകണം എന്ന് ചോദിച്ചാൽ പലപ്പോഴും ലഭിക്കുന്ന ഉത്തരം ‘ഞാനും അതും’ സമമായത്കൊണ്ട് അല്ലെങ്കിൽ ‘അത് ഞാനായതുകൊണ്ട്’ എന്ന അഴകൊഴമ്പൻ മറുപടിയായിരിക്കും.
ഒന്നും ഇല്ലാത്തത്തിലും നന്നല്ലേ അല്പമെങ്കിലും ഉള്ളതെന്ന ആശയം പരിഗണിച്ചാൽ, ഒരറിവും ഇല്ലാത്തതിനെ അപേക്ഷിച്ച് മഹത്തരം തന്നെയാണ് മുകളിൽ പറഞ്ഞ ഭാഗികമായ അറിവ്. സമൂഹത്തിൽ സമഭാവന വളർത്തുവാൻ അത് ഉതകിയേക്കും. എന്നിരുന്നാലും, ആത്മാന്വേഷണത്തിൽ ചിലപ്പോൾ ഭാഗികമായ അറിവുകൾ വിലങ്ങുതടിയാകാൻ സാധ്യത ഉള്ളതിനാൽ ഈ ഒരു മഹാവാക്യത്തെ വേണ്ടയിടത്തും വേണ്ടാത്തിടത്തും തിരുകി, ആത്മാന്വേഷണ പാതയിൽ നിന്നും സ്വയം നിപതിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഈ മഹാവാക്യത്തെ സൂക്ഷ്മ തലത്തിൽ മനസ്സിലാക്കി ഉത്തരം പറയണമെങ്കിൽ ഇതിന്റെ രണ്ട് സ്ഥൂല അർഥങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. തത്വമസി മഹാവാക്യത്തിന്റെ പ്രത്യക്ഷത്തിലുള്ള രണ്ട് സ്ഥൂലാർത്ഥങ്ങൾ
1) അത് നീ ആകുന്നു
2) നീ അതാകുന്നു
ഈ രണ്ട് സ്ഥൂലാർത്ഥങ്ങൾ പരിഗണിച്ചാൽ ഇവ ഓരോന്നും എന്ത് ചോദ്യമാണ് മുന്നോട്ട് വെക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഒന്നാമത്തെ സ്ഥൂലാർത്ഥം മുന്നോട്ട് വെക്കുന്ന ചോദ്യം “അത് നീ ആകുന്നു, എങ്കിൽ അത് എന്താകുന്നു?” അതേ പോലെ രണ്ടാം സ്ഥൂലാർത്ഥത്തിൽ മുഴച്ചു നിൽക്കുന്ന ചോദ്യം, “അതാകുന്നു നീ എങ്കിൽ, നീ ആരാകുന്നു?” എന്നുമാണെന്ന് കാണാൻ കഴിയും.
‘തത്’ എന്നാൽ അത് എന്ന് അർഥം, അതേപോലെ ‘ത്വം’ എന്നാൽ നീ എന്ന് അർഥം; അങ്ങനെ നോക്കുമ്പോൾ അത് സമം നീ (അത്=നീ) എന്ന് കാണാം. പക്ഷെ, ഒന്നിനെ മറ്റൊന്നിനോട് സമപ്പെടുത്തി ഓരോന്നും എന്താണന്ന് വിവേചിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അങ്ങനെ അറിയുന്നില്ല എങ്കിലോ, ഏതെങ്കിലും ഒന്നിനെ മാത്രമേ ശരിയായ അർത്ഥത്തിൽ അറിഞ്ഞിട്ടുള്ളു എന്നുണ്ടെങ്കിലോ, അറിഞ്ഞ അർത്ഥം ‘അർദ്ധമായി’ നിൽക്കും. പൂർണമാകാത്ത അറിവ് പ്രയോഗിക്കാൻ പാടില്ല എന്ന ഗുരു ഉപദേശം പരിഗണിച്ചാൽ ഞാൻ എന്തെന്നോ, അതെന്തെന്നോ മനസ്സിലാക്കാത്ത ഒരാളുപോലും തത്വമസി എന്ന വാക്ക് ഉപയോഗിക്കാൻ യോഗ്യൻ ആകുന്നില്ല.
സർവത്രികമായി നാം ഉപയോഗിച്ചിരുന്ന ഈ പ്രയോഗം, അത്ര ലളിതമല്ലായെന്ന് മനസ്സിലാക്കിയാൽ തന്നെ ആത്മാവിചാരത്തിന്റെ അല്ലെങ്കിൽ അന്വേഷണത്തിന്റെ പാതയിലേക്ക് ഏവരും തിരിച്ചെത്തും. അന്വേഷണ പാതയിൽ, പഠിക്കുന്നതിനായി ഈ മഹാവാക്യം എത്ര ഉപയോഗിച്ചാലും അത് കർമ്മഫലത്തിലേക്ക് പതിക്കുകയില്ല. എന്നാൽ, ഞാൻ തന്നെ ബ്രഹ്മം എന്ന് ഭ്രമിച്ചുകൊണ്ട് ഈ വാക്യം ഉപയോഗിച്ചുകൊണ്ടേയിരുന്നാൽ കർമ്മങ്ങൾ ചങ്ങലയായി വീണുകൊണ്ടേയിരിക്കും.
ഒരുപക്ഷെ, ആത്മാന്വേഷണത്തിന്റെ ഭാഗമായി, നാം ഓരോരുത്തരും സ്ഥിരം ഉപയോഗിക്കുന്ന വാക്യത്തെ, ശരിയായ അർത്ഥത്തിൽ ക്രമപ്പെടുത്തി നിരത്തിയാൽ ചിലപ്പോൾ ഇതിന്റെ സൂക്ഷ്മാർത്ഥം അല്പമെങ്കിലും മനസ്സിലാക്കാൻ സാധിച്ചേക്കും. ആത്മാന്വേഷികൾ പറയുന്നത് പോലെ; എന്താണ് ഈ അന്വേഷണത്തിൽ നിന്നും ലഭിക്കുന്നത് എന്ന് വിചാരം ചെയ്‌താൽ ഒരുത്തരമേ ഉണ്ടാകാൻ തരമുള്ളൂ
‘സത്ചിതാനന്ദം’
ഈ അവസ്ഥയേ “സത്-ചിത്-ആനന്ദം” എന്ന് പിരിച്ചെഴുതാം. സത് എന്ന വാക്കിന്, സത്യമായത്, അഥവാ എന്നെന്നും നിലനിൽക്കുന്നത് അല്ലെങ്കിൽ ജനിമരണങ്ങൾ ഇല്ലാത്തത് എന്ന് അർഥമാക്കാം. എന്തെന്നാൽ, സത്യമായത് മാത്രമാണ് ജനി-മരണങ്ങൾ ഇല്ലാതെ, നിത്യമായി നിലനിൽക്കു.
‘ചിത്’ എന്നാൽ, മനസ്സ് എന്നാണ് വാക്യാർത്ഥം. പക്ഷെ, ആത്മാബോധത്തിന്റെ തലത്തിൽ മനസ്സും ഇല്ലാതെയാകുന്നു. അപ്പോൾ പിന്നെ ബാക്കിയാകുന്നത് ശുദ്ധബോധം മാത്രമാണ്. അതായത്, ഞാൻ എന്ന ജീവാത്മാവ്, എല്ലാ പ്രവർത്തികളേയും, മനോരഥങ്ങളെയും അറിയുന്ന, ശുദ്ധമായ ബോധം എന്ന് ‘ചിത്’ എന്ന പദത്തിനർത്ഥമാക്കം (ആത്മോന്നതിയുടെ തലത്തിൽ).
അവസാനവാക്കായ ആനന്ദം എന്നത് സന്തോഷമെന്ന പ്രത്യക്ഷാർത്ഥത്തിൽ എടുത്താൽ തെറ്റാണ്. കാരണം, സന്തോഷം എന്നത് ഒരു അനുഭവമാണ്. ഒരനുഭവവും ഞാനല്ല. അപ്പോളേക്കും നിത്യമായ ബോധമായി മാറുമ്പോൾ എന്താണോ ഞാൻ ആ അവസ്ഥയാണ് ആനന്ദം എന്നതുകൊണ്ട് ചിന്തിക്കേണ്ടത്.
ഈ ഒരവസ്ഥ അറിഞ്ഞാൽ അറിവ് ഭാഗികമായി. മുൻപ് പറഞ്ഞപോലെ, ഭാഗികമായ ഒന്നിനെ തുല്യപ്പെടുത്താൻ ആകില്ലല്ലോ! അപ്പോൾ, അത് എന്താണെന്നും അറിയേണ്ടത് ആവശ്യമാണ്. അതിനെ സൂചിപ്പിക്കാൻ തല്ക്കാലം ബ്രഹ്മം എന്നവാക്ക് കടം കൊണ്ടുവേണം ആലോചിക്കാൻ.
ഇവിടെ ബ്രഹ്മത്തെ പറ്റി പറയുന്ന മറ്റ് വാക്യങ്ങൾ ഞാൻ പരിഗണിക്കുന്നു.
“സർവ്വം ഖൽവിദം ബ്രഹ്മ” – അതായത് എല്ലാം ബ്രഹ്മം ആണ്. അല്ലെങ്കിൽ ബ്രഹ്മം മാത്രമാണ് ഉള്ളത് എന്ന് അർഥം.
“ബ്രഹ്മ സത്യം, ജഗത് മിഥ്യ” – ബ്രഹ്മം മാത്രം സത്യം എന്ന് അർഥം.
പ്രജ്ഞാനം ബ്രഹ്മ- ബോധം ആണ് ബ്രഹ്‌മം
ജ്ഞാനിയായ ജഗത്ഗുരു പറയുന്നു ബ്രഹ്‌മം മാത്രമാണ് സത്യം എന്ന്. സത്യം എന്നത് ഒരിക്കലും നശിക്കാത്ത എന്നാൽ എന്നും നിലനിൽക്കുന്ന ഒരേയൊരു യഥാർത്ഥ്യം എന്ന് മുൻപ് പറഞ്ഞുവല്ലോ. അപ്പോൾ എല്ലാത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന സത്യത്തെ തിരിച്ചറിയണമെന്നത് ആവശ്യമാകുന്നു. എല്ലാം ബ്രഹ്മം എന്ന് വിചാരിച്ചാൽ അത് വിചാരം മാത്രമായിരിക്കും. സത്യമായി മാറിയാൽ മാത്രമേ സത്യത്തെ അറിയൂ.
ബോധമാണ് ബ്രഹ്‌മം എന്ന് പറയുന്നു ആചാര്യന്മാർ. സത്- ചിത്- ആനന്ദം എന്ന് പരാമർശിച്ചപ്പോൾ, ശുദ്ധബോധമായി നിലനിൽക്കുന്ന അവസ്ഥയെപ്പറ്റി പറഞ്ഞിരുന്നവല്ലോ. ആ ഒരു പശ്ചാത്തലത്തിൽ നിന്ന്കൊണ്ട് വേണം ഇതിനെ വിചാരം ചെയ്യാൻ. ( ഈ സാഹസത്തിന് കാരണം വേദ-ഉപനിഷത്തുക്കളെ പറ്റിയുള്ള എന്റെ അറിവില്ലായ്മയാണ്)
ഇന്ദ്രിയ ബന്ധനസ്ഥനായ ഞാൻ, ശുദ്ധബോധത്തെ തിരിച്ചറിയാതെ പോകാൻ കാരണം ‘മായ’ എന്നതിൽ തർക്കമില്ല. മായയെ നീക്കി എല്ലാത്തിന്റെയും ആധാരമാകുന്ന സത്യത്തെ മനസ്സിലാക്കാൻ ആവശ്യം ‘വിദ്യ’ അല്ലെങ്കിൽ ജ്ഞാനമാണ്. മായയെമാറ്റി ശുദ്ധബോധത്തിൽ നമ്മളെക്കൊണ്ട് എത്തിക്കുന്നത് ‘അത്’ തന്നെയാണെന്ന് ‘ദൈവ ദശകത്തിൽ’ ശ്രീ നാരായണ ഗുരു പറയുന്നു. അതിനാൽ ‘ചിത്’ എന്ന തലത്തിലേക്ക് എത്തിക്കുന്ന ‘ജ്ഞാനം’ കൂടിയാണ് ബ്രഹ്‌മം എന്ന് മനസ്സിലാക്കാം.
‘സർവ്വം ഖൽവിദം ബ്രഹ്മ’ എന്ന് പറയുമ്പോൾ തന്നെ, ഈ അനന്തമായ പ്രപഞ്ചം എന്നത് ബ്രഹ്മം മാത്രമാണ് എന്ന് വരുന്നു. അപ്പോൾ ‘ബ്രഹ്മം’ അനന്തം ആണെന്ന് വരുന്നു. ഈ തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് മഹാഋഷിവര്യന്മാർ പറഞ്ഞത്
ബ്രഹ്മം എന്നത്
‘സത്യ ജ്ഞാന അനന്തം’ ആണെന്നും
ആത്മൻ എന്നാൽ
‘സത് ചിത് ആനന്ദം’ എന്നും
‘സത്ചിത്ആനന്ദം’ എന്നതാണ് എന്റെ (ത്വം) അല്ലെങ്കിൽ എല്ലാ ജീവരൂപത്തിന്റെയും യാഥാർഥ്യം.
അതേപോലെ, സത്യ ജ്ഞാന അനന്തം എന്ന യാഥാർഥ്യമാണ് ഞാൻ കൂടി ഉൾപ്പെടുന്ന ഈ അഖിലകോടി ബ്രഹ്‌മാണ്ഡത്തിന്റെയും അടിസ്ഥാനമാകുന്ന അത് (തത്). ഈ തത്വം ഉള്ളിലും പുറത്തും അനുഭവിക്കാൻ കഴിഞ്ഞാൽ അവിടെ പരിധികൾ അവസാനിക്കുന്നു.
‘സത്-ചിത്-ആനന്ദം’ എന്ന എന്റെ യഥാർത്ഥ്യം ‘സത്യ-ജ്ഞാന-അനന്തം’ എന്ന പരാമർത്ഥിക സത്യവും ആയുള്ള ബന്ധം ഉള്ളിലും പുറത്തും അനുഭവിക്കാൻ കഴിഞ്ഞാൽ ‘സത്-ചിത്- ആനന്ദം’ എന്നത്, ‘സത്-ചിത്-അനന്ത-ആനന്ദം’ ആയി മാറുമ്പോൾ അതും (തത് ) ഞാനും (ത്വം) സദൃശ്യം എന്ന് അറിയുമ്പോൾ തത്വമസി മഹാവാക്യത്തെ നാം അറിയുന്നു.
ഈ അറിവിലേക്ക് ഉള്ള യാത്രയാകട്ടെ, ഓരോ പ്രഭാതങ്ങളും എന്ന് പ്രാർഥിച്ചുകൊണ്ട്, എല്ലാവരുടെയും ആത്മാന്വേഷണം സഫലമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു
സ്‌നേഹത്തോടെ
മൂഷികൻ