പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് പിന്തുണയുമായി ടൂറിസം വകുപ്പ്
കൊച്ചി: മേയ് 1-ന് നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് തീരുമാനിച്ചു. കേരള പോലീസ്, കെഎംആര്‍എല്‍, കോസ്റ്റ് ഗാര്‍ഡ്, ഇന്‍ഫോപാര്‍ക്ക് കൊച്ചി, സ്മാര്‍ട്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മെഡ്‌സിറ്റി, ഐഎംഎ തുടങ്ങിയവയും ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കുന്നുണ്ട്. 42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടക്കുക.
സംസ്ഥാന ടൂറിസം വകുപ്പിന്റെ പങ്കാളിത്തം മാരത്തണിന് കൂടുതല്‍ ജനപിന്തുണ ഉറപ്പാക്കുമെന്ന് ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ശബരി നായര്‍, ബൈജു പോള്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു. കൊച്ചിയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരമായിരിക്കും ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
മാരത്തണില്‍ ടൂറിസം വകുപ്പിന്റെ പങ്കാളിത്തം കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഡെസ്റ്റിനേഷനാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ബിസിനസ് കണ്‍സള്‍ട്ടന്റ് വിപിന്‍ നമ്പ്യാര്‍ പറഞ്ഞു. മാരത്തണില്‍ പങ്കെടുക്കുന്നതിന് മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരെയും വിദേശികളെയും ആകര്‍ഷിക്കുന്നതിന് ഈ പങ്കാളിത്തം സഹായകമാകും. പ്രാദേശിക സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ഇത് ഉത്തേജനം പകരുമെന്നും വിപിന്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.kochimarathon.in സന്ദര്‍ശിക്കുക.