Dhravidan

ചെറുകഥ

ഘടികാരങ്ങൾ നിലയ്കുമ്പോൾ.

By ബിന്ദു സീത

August 30, 2020

സമയം 3 മണി ആവാറായി അന്ത്രു പോക്കറ്റിൽ കയ്യിട്ടു. രാവിലെ പാലും ഒരു പാക്കറ്റ് ബിസ്കറ്റും വാങ്ങി ബാക്കി പത്തിന്റെയും അഞ്ചിന്റെയും ഓരോ നോട്ടും ഒരു രൂപ നാണയവും അങ്ങനെ 16 രൂപ. ഇതുകൊണ്ട് എന്താവാൻ? പൈസ തിരിച്ചു മറിച്ചും നോക്കി പോക്കറ്റിൽ തന്നെ ഇട്ടു.

കഴിഞ്ഞ ദിവസം രമേശൻ മാഷ് വിളിച്ചതോർത്തു. “ഇക്കാ…. വീട്ടിൽ ടിവി ഉണ്ടോ? ഉണ്ടല്ലൊ മാഷേ. കേബിൾ കണക്ഷനോ?….. അതും ഉണ്ട്‌. ഞാൻ ഒരു കണക്കെടുക്കുകയായിരുന്നു. ഇതുവരെ വിളിച്ചതിൽ അഞ്ചുപേർക്ക് ടി വി ഇല്ല. ഇക്കാന്റെ അറിവിൽ ഉപയോഗിക്കാത്ത ടി വി…….. അല്ലെങ്കിൽ സ്പോൺസർ ചെയ്യിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടാവുമോ?……. ”

അന്ത്രു ആലോചിച്ചു ” മാഷേ…. ഇപ്പോ മ്മടെ പുത്തില് ഒന്നും തെളിണ്ല്ല ഉണ്ടേല് വിളിച്ചു പറയാം ”

ഫോൺ വെച്ചു കഴിഞ്ഞപ്പോഴാണ് ഓർത്തത് ടിവി ക്ലിയർ ഇല്ലാഞ്ഞിട്ട് പൂട്ടിയിട്ട് രണ്ടാഴ്ചയായി. 600 രൂപ വേണം നന്നാക്കിയെടുക്കാൻ എന്ന് റിപ്പയർ രാജീവൻ പറഞ്ഞിരുന്നു.

60 രൂപ തികച്ചില്ലാത്ത ഇപ്പോൾ 600 രൂപ എങ്ങനെ ഉണ്ടാക്കാൻ……. അടുക്കള സാധനം സംഘടന വഴിയും സർക്കാർവഴിയും കിട്ടിയതുകൊണ്ട്അന്നം മുട്ടാതെ പോണു.

അന്ത്രുവിനു ചുമരിൽ തൂക്കിയിട്ട ഘടികാരങ്ങൾ തന്നെത്തന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി.

ചുമരിലുള്ളവ 10.10ൽ നിശ്ചലം. നല്ല സമയമോ ചിത്ത സമയമോ ആർക്കറിയാം. …….അല്ലെങ്കിൽ തന്നെ ക്ലോക്കും കലണ്ടറും വേണ്ടാതായിരിക്കുന്നു പലർക്കും ഇപ്പോൾ.

ലോക് ഡൗൺ ഇളവ് കിട്ടിയപ്പോൾ പതിവുപോലെ വന്നിരിക്കും എന്നല്ലാതെ ഒരു കുഞ്ഞുപോലും കടയിൽ കയറാറില്ല.

താഴെ കൂട്ടിയിട്ട ക്ലോക്ക്കളിൽ ചിലത് സമയം തെറ്റി ഓടുന്നു…… ചിലത് സമയമില്ലാത്തവർ …. മറ്റു ചിലത് നിന്നനിൽപ്പിൽവിറക്കുന്നു. ഞാനും ഘടികാരസൂചിയും ഒരുപോലെ. അന്ത്രു വിന്റെ നെടുവീർപ്പിനും സൂചികാലിന്റെ താളം തെറ്റിയ ശബ്‍ദം.

രാവിലെ കോണി ഇറങ്ങുമ്പോൾ സൈനു വിളിച്ചു പറഞ്ഞതാ….” ഉപ്പാ ഇന്ന് ഇംഗ്ലീഷ് ക്ലാസ്സുണ്ട്. മൊബൈൽ റീച്ചാർജ് ചെയ്യണേ……. ടിവി നന്നാക്കിയിട്ട് ഇല്ലല്ലോ…. ”

“എൻറെ സൈനു ഞാൻ ചെയ്തോളാം നീയൊന്നു തൊള്ളേം വിളീം കൊടുക്കാതിരിക്ക് .. ”

ആരെങ്കിലും ഒരു ബാറ്ററിഎങ്കിലും വാങ്ങാൻ വന്നിരുന്നെങ്കിൽ…….. അന്ത്രു വീണ്ടും പോക്കറ്റിൽ കയ്യിട്ടു . വിരലുകളിട്ട് ഒരു രൂപ നാണയം തൊട്ടു നോക്കി. ചാർജില്ലാത്ത ബാറ്ററി പോലെ വിയർപ്പിൽ പൊട്ടിയൊലിച്ചു വല്ലാതെ ചുട്ടുപൊള്ളുന്നു ണ്ടായിരുന്നു…..

🕜🕑🕝🕒📌

ബിന്ദു സീത