Dear Sir/ Ma’am,
Kindly publish this press release in your publication.
Press Release:
വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം:കരട് വിജ്ഞാപനം നേരെ വിപരീതം
കൊച്ചി (ജൂൺ 13,2023): വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന് എന്ന പേരിൽ ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനം വൈപ്പിൻ റൂട്ടിനെ ദേശസാത്കരിക്കാനുള്ളതാണെന്ന് സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) അറിയിച്ചു. 2023 മെയ് 17നാണ് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തിൽ എവിടെയും സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് ഒരു പരാമർശവുമില്ല, മറിച്ച് വൈപ്പിൻ പാത ദേശസാത്കരിക്കാനുള്ള വിജ്ഞാപനമാണ് ഇപ്പോൾ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അങ്ങനെ വന്നാൽ സ്വകാര്യ ബസുകൾക്ക് ആ റൂട്ടിൽ വിജ്ഞാപനത്തിനു വിരുദ്ധമായി സർവീസ് നടത്താൻ കഴിയാതെ വരും. നിലവിൽ പെർമിറ്റുള്ള ബസുകൾക്ക് കാലാവധി കഴിയും വരെ സർവീസ് നടത്താം. പുതിയ പെർമിറ്റുകൾക്ക് തടസ്സം നേരിടും.
കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 236നൊപ്പം മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 99ന് കീഴിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം, വൈപ്പിൻകരയ്ക്ക് മാത്രമായി ഒരു റോഡ് ഗതാഗത പദ്ധതി സർക്കാരിന് നിർദ്ദേശിക്കാം. മറ്റ് ഓപ്പറേറ്റർമാരെ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കിക്കൊണ്ട് ഒരു പ്രത്യേക പ്രദേശത്ത് സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾക്ക് (ഇവിടെ KSRTC)മാത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതാണ് ഈ നിയമം. അങ്ങനെ വരുമ്പോൾ കാലക്രമേണ സംസ്ഥാന ഗതാഗത സ്ഥാപനമായ കെ.എസ്.ആർ.ടിസിക്ക് മാത്രമാകും വൈപ്പിൻ പാതയിൽ സർവീസ് നടത്താൻ സാധിക്കുക.
പൊതുതാൽപര്യം ഉണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു വിജ്ഞാപനം സർക്കാരിന് പുറത്തിറക്കാൻ കഴിയു. എന്നാൽ ഇവിടെ പൊതുതാൽപര്യം എന്നത് സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണെന്നിരിക്കെ, ‘കാര്യക്ഷമവും പര്യാപ്തവുമായ ഗതാഗത സംവിധാനം’ ഉറപ്പാക്കാനുള്ളത് എന്ന് മാത്രമാണ് കരട് വിജ്ഞാപനത്തിൽ പറയുന്നത്. സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണ് ജനങ്ങളുടെ ആവശ്യം. ഈ ആവശ്യം വിജ്ഞാപനത്തിൽ എവിടെയും പരാമർശിക്കുന്നില്ല. പകരം വൈപ്പിൻ, ചെറായി മേഖല അടക്കമുള്ള രണ്ട് റൂട്ടുകൾ ദേശസാത്കരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാണ്.
ദേശസാത്കരിക്കുന്ന റൂട്ടുകൾ റൂട്ട് 1: പറവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് മുതൽ ചെറായി, ബോൾഗാട്ടി, ഹൈക്കോർട്ട് ജംഗ്ഷൻ, എറണാകുളം ജെട്ടി, കടവന്ത്ര വഴി വൈറ്റില ഹബ് വരെയുള്ള 36 കിലോമീറ്റർ. റൂട്ട് 2: പറവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് മുതൽ കൂനമ്മാവ്, ചേരാനെല്ലൂർ, കണ്ടെയ്നർ റോഡ്, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, പാലാരിവട്ടം വഴി കാക്കനാട് വരെയുള്ള 34 കിലോമീറ്റർ.
പറവൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനും വൈറ്റില ഹബ്ബിനുമിടയിലുള്ള റൂട്ട് ദേശസാത്കരിക്കുന്നത് എറണാകുളം നഗരത്തിലേക്കുള്ള ബസ് പ്രവേശനം സാധ്യമാക്കണമെന്ന വൈപ്പിൻ നിവാസികളുടെ ആവശ്യത്തിന് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ടി. വിജ്ഞാപനത്തിലെ റൂട്ടിൽ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സർവീസ് നടത്താനാകുന്ന പരമാവധി ദൈർഘ്യമെന്നത് 25 കിലോമീറ്ററാണ്. അങ്ങനെയെങ്കിൽ കരട് വിജ്ഞാപനത്തിലെ സ്കീം നിലവിൽ വന്നാൽ എറണാകുളം നഗരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്വകാര്യ ഓപ്പറേറ്റർമാർ തടയപ്പെടും. ചില ദേശസാത്കൃത റൂട്ടിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്വകാര്യ ഓപ്പറേറ്റർമാർക്ക് പൂർണ്ണമായ നിയന്ത്രണമില്ല. എന്നാൽ വൈപ്പിൻ വിഷയത്തിൽ, അനുവദനീയമായ 25 കിലോമീറ്റർ എന്നത് മുനമ്പം, ചെറായി, വൈപ്പിൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളെ ബാധിക്കും. കാരണം വൈറ്റില, കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിൽ എത്തണമെങ്കിൽ സ്വകാര്യ ബസുകൾ ദേശസാത്കൃത റൂട്ടിൽ 25 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരും. എന്നാൽ, കരട് പദ്ധതി പ്രകാരം ഇത് അനുവദനീയമല്ല. കൂടാതെ, പറവൂരിനും ചെറായിക്കും ഇടയിലുള്ള റൂട്ടിൽ ഇത്തരമൊരു ഇളവ് അനുവദിക്കാത്തതിനാൽ, പറവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾക്കും നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകും. നിലവിലെ സ്വകാര്യബസുകൾക്ക് നഗരത്തിൽ പ്രവേശിക്കാൻ പെർമിറ്റ് വേരിയേഷൻ വേണം. എന്നാൽ വിജ്ഞാപനത്തിലെ ക്ലോസ് 19 ഇതിന് എതിരാണ്.
കരട് വിജ്ഞാപനം സ്വകാര്യ ബസുകളുടെ നഗരപ്രവേശനം അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, നിലവിലുള്ള സർവീസുകൾ നിലക്കുന്നതിന് കാരണമാകവുകയും ചെയ്യും. ഗോശ്രീ പാലം തുറന്ന് കൊടുത്തത് മുതൽ വൈപ്പിൻ നിവാസികളുടെ ആവശ്യമായിരുന്നു സ്വകാര്യ ബസുകളുടെ നഗരപ്രവേശനം. ഇടക്കാലത്ത് കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ ഇറക്കി സർവീസ് നടത്തിയെങ്കിലും കാര്യക്ഷമമായി സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് സാധിച്ചില്ല. പുതിയ വിജ്ഞാപനത്തിന് പിന്നാലെ കെ.എസ്.ആർ.ടിസി വീണ്ടും സർവീസ് ആരംഭിക്കുമെങ്കിലും സ്വകാര്യ ബസുകളുടെ നഗരപ്രവേശനം എന്ന വൈപ്പിൻ നിവാസികളുടെ ആവശ്യം അപ്പോഴും നടപ്പിലാകാതെ വരും. കരട് വിജ്ഞാപനത്തിലുള്ള എതിർപ്പ് സിപിപിആർ സംസ്ഥാന ഗതാഗത വകുപ്പിനെ അറിയിച്ചു. കരട് വിജ്ഞാപനത്തിൽ എതിർപ്പുള്ളവർ ജൂൺ 16നകം തങ്ങളുടെ എതിർപ്പ് സർക്കാരിനെ അറിയിക്കണം.
PFA: Detailed Press Release, Route map, Draft Notification