കളക്ട്രേറ്റിൽ പുതിയ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകി മണപ്പുറം ഫിനാൻസ്
തൃശൂർ: മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെ തൃശൂർ കളക്ട്രേറ്റിൽ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. വലിയ യോഗങ്ങളുൾപ്പടെ നടത്താൻ പര്യാപ്തമായ കോൺഫറൻസ് ഹാൾ ഒരുക്കി നൽകിയതിൽ മണപ്പുറം ഫിനാൻസിനോടുള്ള നന്ദി അദ്ദേഹം അറിയിച്ചു. മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിലുൾപ്പെടുത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രധാന വിഭാഗങ്ങൾ നവീകരിച്ചത്. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ മുഖ്യാഥിതിയായിരുന്നു. "കളക്ടറേറ്റിലെ കോൺഫറൻസ് ഹാൾ നവീകരിച്ചു നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. തിരുപഴഞ്ചേരി കോളനിയുടെ നവീകരണം ഏറ്റെടുത്ത മണപ്പുറത്തിന്, കളക്ടർ ഉൾപ്പെടെയുള്ള ആളുകളുടെ ഭാഗത്തുനിന്നും നിർലോഭമായ പിന്തുണയാണ് ലഭിച്ചത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചു സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ മണപ്പുറം ഫിനാൻസിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്." സുമിത നന്ദൻ പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഐഎഎസ്, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഐഎഎസ്, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി പി വി, അജിത്ത് എ പി, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മുരളി ടി, മണപ്പുറം ഫിനാൻസ് സീനിയർ പിആർഒ അഷ്‌റഫ് കെ എം എന്നിവർ പങ്കെടുത്തു.