പൊതു വിവരം

സംസ്കൃത സർവ്വകലാശാല പത്രക്കുറിപ്പുകൾ

By ദ്രാവിഡൻ

July 21, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 21.07.2023

പ്രസിദ്ധീകരണത്തിന്

1) വൈക്കം സത്യാഗ്രഹം മലയാളിയുടെ പൊതുബോധത്തെ ഉണർത്തിഃ

പ്രൊഫ. എം. വി. നാരായണൻ

മലയാളിയുടെ പൊതുബോധത്തെ ഉണർത്തുന്നതിൽ വൈക്കം സത്യാഗ്രഹം നിർണായക പങ്ക് വഹിച്ചുവെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ‘വൈക്കം സത്യാഗ്രഹവും നവോത്ഥാനവും’ എന്ന വിഷയത്തിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമെന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുളളതാണെന്ന് മലയാളിയെ പഠിപ്പിച്ച സമരമാണ് വൈക്കം സത്യാഗ്രഹം. ഈ സമരം സൃഷ്ടിച്ചെടുത്ത പൊതുബോധവും അനുഭവങ്ങളും കേരള ജനതയുടെ സാംസ്കാരികബോധത്തെ ദീപ്തമാക്കി. ശരീരത്തിന്റെ രാഷ്ട്രീയം പോലെ തന്നെ ഇടങ്ങളുടെ രാഷ്ട്രീയവും വൈക്കം സത്യാഗ്രഹം ഉയർത്തിപ്പിടിക്കുന്നു. പ്രസ്ഥാനത്തിൻ്റേയും മുന്നേറ്റത്തിൻ്റെയും ബൃഹദ് ആഖ്യാനങ്ങളുടെ രീതി ശാസ്ത്രത്തിന് ഉൾക്കൊളളാനാവാത്തതും എന്നാൽ അധികാരത്തിൻ്റെ ചെറിയ ആഖ്യാനങ്ങൾക്കു കൂടി ഇടം നൽകുന്നു എന്നതാണ് വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ പ്രസക്തി. നിബന്ധനയുടെ അടിസ്ഥാനത്തിൽ അയിത്ത ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു എന്ന പ്രത്യക്ഷ നേട്ടം മാത്രമായി വൈക്കം സത്യാഗ്രഹത്തെ പരിമിതപ്പെടുത്താനാവില്ല. ക്ഷേത്രപ്രവേശനം, ജെൻഡർ സമരങ്ങൾ, ട്രാൻസ്ജെൻഡർ മുന്നേറ്റങ്ങൾ തുടങ്ങിയ ഒട്ടേറെ വിപ്ലവാത്മകമായ സാമൂഹ്യ മാറ്റങ്ങൾക്കും വൈക്കം സത്യാഗ്രഹം അടിത്തറ പാകി. അതേ സമയം നമ്മുടെ സമൂഹത്തിൽ ഇന്നും നടക്കുന്ന ജാതീയ തമസ്ക്കരണങ്ങളെ കാണാതെ പോകരുത്. ജാതിവിവേചനം എന്നത് ഇന്ന് പ്രത്യക്ഷമായി നടക്കുന്ന ഒന്നല്ല. രാജ്യത്ത് പരോക്ഷവും രൂക്ഷവുമായി അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മണിപ്പൂരിൽ സംഭവിക്കുന്ന കൊടുംക്രൂരതകൾ ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.

പ്രമുഖ തമിഴ് ഗ്രന്ഥകാരനും ചരിത്രകാരനുമായ ഡോ. പഴ.അതിയമാൻ സെമിനാറിൽ മുഖ്യാതിഥിയായി. സഞ്ചാരസ്വാതന്ത്ര്യത്തിനായി സമൂഹം ഒറ്റക്കെട്ടായി മുന്നേറേണ്ടിയിരുന്നതിനു പകരം കേവലം ഹിന്ദുമതത്തിലെ അഭ്യന്തര പ്രശ്നമായി വൈക്കം സത്യാഗ്രഹത്തെ ലഘൂകരിക്കാൻ ദേശീയ നേതാക്കളിൽ ചിലർ ശ്രമിച്ചിരുന്നതായി ഡോ. പഴ. അതിയമാൻ പറഞ്ഞു.

സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന അക്കാദമിക് ജേർണൽ വൈജ്ഞാനികത്തിന്റെ പുതിയ ലക്കത്തിന്റെ പ്രകാശനം പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആദ്യപ്രതി ഏറ്റുവാങ്ങി. സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ് അധ്യക്ഷയായിരുന്നു. ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ഡോ. പഴ. അതിയമാൻ മുഖ്യാതിഥിയായിരുന്നു. മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യുട്ട് ഭരണസമിതി അംഗം ഡോ. സന്തോഷ് തോമസ്, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. കവിത സോമൻ, ആർ. അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.

അഡ്വ. ഇ. രാജൻ, ഡോ. കെ. ഷിജു, സതീഷ് ചന്ദ്രബോസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. അജയ് എസ്. ശേഖർ, ഡോ. എ. ആർ. ഷമിത, ഡോ. ടി. എസ്. ശ്യാംകുമാർ, ഡോ. അമൽ സി. രാജൻ, ഡോ. ബിജു വിൻസെന്റ്, ഡോ. എ. കെ. പ്രമീള, ഐ. പി. സിത്താര, ഡോ. മാളവിക ബിന്നി എന്നിവർ ഇന്ന് വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇന്ന് (22.07.2023) വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. മ്യൂസ് മേരി ജോർജ്ജ് അധ്യക്ഷയായിരിക്കും. സെമിനാർ കോ-ഓർഡിനേറ്റർ ഡോ. കവിത സോമൻ, ആർ. അനിരുദ്ധൻ, പി. പ്രവീൺ എന്നിവർ പ്രസംഗിക്കും.

ഫോട്ടോ അടിക്കുറിപ്പ് ഒന്ന്ഃ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ‘വൈക്കം സത്യാഗ്രഹവും നവോത്ഥാനവും’ എന്ന വിഷയത്തിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. കേരള സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ് സമീപം.

2) സംസ്കൃത സർവ്വകലാശാലഃ മാറ്റി വച്ച പരീക്ഷകൾ 26ന്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ജൂലൈ 18ന് പൊതുഅവധി പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റി വച്ച ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പരീക്ഷകൾ ജൂലൈ 26ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

3) സംസ്കൃത സർവ്വകലാശാലഃ സ്പെഷ്യൽ പരീക്ഷകൾ ഓഗസ്റ്റ് ഏഴിന് തുടങ്ങും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. സ്പെഷ്യൽ പരീക്ഷകൾ (2020 പ്രവേശനം) ഓഗസ്റ്റ് ഏഴിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

4) സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ

കേരള മോഡൽ നോളജ് സൊസൈറ്റി’യാക്കി ഉയർത്തുംഃ മന്ത്രി ആർ. ബിന്ദു

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമികമായും ഭരണപരമായും ഭൗതികമായും കാലാനുസൃതമായി ശാക്തീകരിച്ച് നാല് വർഷ ബിരുദ പ്രോഗ്രാമുകളിലൂടെ ‘കേരള മോഡൽ നോളജ് സൊസൈറ്റി’യാക്കി ഉയർത്തുന്നതിനുളള ശ്രമങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നാല് വർഷ ബിരുദ പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കുസാറ്റ് എന്നീ സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, വിവിധ പഠനബോർഡ് അംഗങ്ങൾ എന്നിവരുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നയവിശദീകരണ ശില്പശാലയുടെയും ചർച്ചയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ആർ. ബിന്ദു.

നൂതനമായ സമീപന ശൈലികളിലൂടെ നിലവിലുളള അധ്യയന രീതി കാലാനുസൃതമായി പരിഷ്കരിക്കും. ബിരുദ കോഴ്സുകളുടെ കരിക്കുലം പരിഷ്കരണത്തോടൊപ്പം നിലവിലുളള പരീക്ഷാരീതികളും പരിഷ്കരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജനപക്ഷ ബദലാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വൈജ്ഞാനിക മേഖലയുടെ അതിരുകൾ വികസിക്കുന്നതിനനുസരിച്ച് വിവിധ ഇന്റർഡിസിപ്ലിനറി, മൾട്ടിഡിസിപ്ലിനറി കോഴ്സുകൾ സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ലഭ്യമാക്കും. ഓരോ സർവ്വകലാശാലയും കോളേജും അവരവരുടെ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾക്കനുസൃതമാണ് നാല് വർഷ ബിരുദ കോഴ്സുകളുടെ കരിക്കുലം ആവിഷ്കരിക്കേണ്ടത്. ഇതിന് പര്യാപ്തമായ ഒരു മാതൃക മാത്രമാണ് സർക്കാർ തയ്യാറാക്കി നൽകുക. കേരളത്തിന്റെ സമഗ്രപുരോഗതിക്ക് അനുസൃതമായ കരിക്കുലമാണ് രൂപപ്പെടുത്തണ്ടത്. ആഗോള തൊഴിൽ മാർക്കറ്റിലെ മാറ്റങ്ങൾക്കനുസരിച്ച് തൊഴിലും വിദ്യാഭ്യാസവും തമ്മിലുളള ബിരുദതലത്തിലെ വിടവ് നികത്തും. വിദ്യാർത്ഥികളുടെ ഗവേഷണ-സംരംഭകത്വ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുളള കരിക്കുലം പരിഷ്കരണമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. തുറന്നതും സംവാദാത്മകവുമായ അന്തരീക്ഷം സൃഷ്ടിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സർഗ്ഗാത്മകവും ചലനാത്മകവുമാക്കും. കാലത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് ബിരുദതലത്തിൽ തന്നെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് കഴിയണം. ജനപക്ഷത്ത് നിന്നുളള വൈജ്ഞാനിക സമൂഹ നിർമ്മിതിയ്ക്ക് അക്കാദമിക സമൂഹം തയ്യാറാകണം, മന്ത്രി ആർ. ബിന്ദു പറഞ്ഞു.

വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ റിസർച്ച് ഓഫീസർ ഡോ. വി. ഷഫീക്ക് പദ്ധതി അവതരണം നിർവ്വഹിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു ചർച്ചകൾക്ക് നേതൃത്വം നൽകി. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ഡി. സലിംകുമാർ, ഡോ. പി. വി. രാമൻകുട്ടി, ഡോ. ടോമി ജോസഫ്, പ്രൊഫ. എം. മണിമോഹനൻ, ഡോ. സി. എം. മനോജ്കുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. പി. കെ. ബേബി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് രണ്ട്ഃ നാല് വർഷ ബിരുദ പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കുസാറ്റ് എന്നീ സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, വിവിധ പഠനബോർഡ് അംഗങ്ങൾ എന്നിവരുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നയവിശദീകരണ ശില്പശാലയുടെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവ്വഹിക്കുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075