വര്‍ണ്ണ വിരുന്നൊരുക്കി മൈ ഫെയര്‍ ലേഡി കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അവതരിപ്പിച്ച മെഗാ സംഗീത നാടകനൃത്താവിഷ്‌കാരം മൈ ഫെയര്‍ ലേഡി അരങ്ങിലെത്തി. മൂന്ന് ദിവസങ്ങളില്‍ നടന്ന അവതരണത്തില്‍ ആദ്യ ദിവസം കുട്ടികള്‍ക്കായും അവസാന രണ്ട് നാൾ പൊതുജനങ്ങള്‍ക്കും രക്ഷിതാക്കൾക്കുമായാണ് നാടക ആവിഷ്‌ക്കാരം നടന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ ആയിരത്തിലധികം കുട്ടികള്‍ക്ക് മുന്നിലാണ് നാടകം ആദ്യ ദിനം അരങ്ങേറിയത്. മുന്നൂറ്റി അമ്പതോളം കുട്ടികള്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ കാഴ്ചക്കാരുടെ മനസില്‍ പുതിയ വര്‍ണ വിസ്മയം തീര്‍ത്തു.
തിരുവാണിയൂര്‍ പുരയ്ക്കല്‍ ജോസഫ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ സ്റ്റേജ് ക്രൂ അവതരിപ്പിച്ച മെഗാ സംഗീത നാടകാവിഷ്‌കാരം ‘മൈ ഫെയര്‍ ലേഡി’യുടെ അവതരണം നടന്നത്.
ജോര്‍ജ് ബെര്‍ണാര്‍ഡ്ഷാ 1913ല്‍ രചിച്ച പ്രശസ്ത നാടകം ‘പിഗ്മാലിയന്‍’ ആസ്പദമാക്കി അലന്‍ ജെയ് ലെര്‍നറും ഫ്രെഡറിക് ലോവെയും ചേര്‍ന്ന് അരനൂറ്റാണ്ടിലേറെ മുമ്പ് ഒരുക്കിയ മ്യൂസിക്കല്‍ കോമഡി ഡ്രാമ ആവിഷ്‌കാരമാണ് ‘മൈ ഫെയര്‍ ലേഡി’.