പൊതു വിവരം

PRESS RELEASE: വനം വകുപ്പും ഐ ആർ എല്ലുമായി സഹകരിച് ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി എംബസി ടോറ സ് ടെക്സോൺ

By ദ്രാവിഡൻ

November 23, 2023

(ENGLISH RELEASE ATTACHED)

വനം വകുപ്പും ഐ ആർ എല്ലുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി എംബസി ടോറസ് ടെക്സോൺ

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ ആഗോള പ്രമുഖരായ എംബസി ടോറസ് ടെക്സോൺ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന വനം വകുപ്പിന്റെയും ഇന്ത്യൻ റേസിംഗ് ലീഗി(ഐ ആർ എൽ)ലെ കൊച്ചി ഗോഡ്‌സ്പീഡ് ടീമിന്റെയും പങ്കാളിത്തത്തോടെ ‘എ ട്രീ ഫോർ എവെരി ലാപ്’ ഹരിത പദ്ധതി നടപ്പാക്കുന്നു. രാജ്യത്ത് ഇത്തരത്തിൽ പ്രഥമമായ സംരംഭത്തിന്റെ ഭാഗമായി ഇക്കൊല്ലത്തെ ഐ ആർ എൽ പതിപ്പിൽ കൊച്ചി ഗോഡ്‌സ്പീഡ് ടീം പിന്നിടുന്ന ഓരോ ലാപ്പിലും ഓരോ മരം നടും. തിരുവനന്തപുരം കഴക്കൂട്ടം ഫ്‌ളൈഓവറിനു താഴെയാണ് വനം വകുപ്പിന്റെ മേൽനോട്ടത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം പ്രധാന ഉത്തരവാദിത്വമായി കണ്ട് പ്രതിബദ്ധതയോടെ ആവിഷ്‌കരിച്ച കാമ്പയിനാണിതെന്ന് ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്‌സ് ഇന്ത്യ റിയൽ എസ്റ്റേറ്റ് അഡൈ്വസറി എൽഎൽപി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആർ അനിൽകുമാർ പറഞ്ഞു. പ്രകൃതിയുമായി ഇണങ്ങിയതും തിരുവനന്തപുരത്തിനു യോജിച്ച കാഴ്ചപ്പാടിന് അനുസൃതമായതുമായ വികസനവും ബിസിനസുമാണ് ലക്ഷ്യമിടുന്നത്.

വനസമ്പത്തിന്റെ പരിപാലനം പ്രാഥമികവും പ്രധാനവുമായ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന വനം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പുകഴേന്തി പളനി പറഞ്ഞു. പരിസ്ഥിതി പുനഃസ്ഥാപന യജ്ഞത്തിനായി വനം വകുപ്പുമായി കൈകോർത്തുകൊണ്ട് കേരളത്തിലെ കാർ റേസിംഗ് ടീം ലോകത്തിനു മഹത്തായ സന്ദേശമാണ് നൽകുന്നത്. ഈ ആശയം മുന്നോട്ടുവച്ചു എംബസി ടോറസ് ടെക്സോണുമായി പങ്കാളിത്ത പദ്ധതിക്ക് തയ്യാറായ കൊച്ചി ഗോഡ്‌സ്പീഡ് ടീം പ്രിൻസിപ്പാൾ ജോസഫ് പൊട്ടൻകുളത്തിന്റെ സമീപനം അഭിനന്ദനീയമാണ്. സ്പീഡിൽ നിന്ന് പച്ചപ്പിലേക്കുള്ള സംരംഭത്തിൽ എംബസി ടോറസ് ടെക്സോണും ഗോഡ്‌സ്പീഡും വനംവകുപ്പും ഒരേ ടീമിൽ ഭാഗഭാക്കാണെന്നും അദ്ദേഹം പറഞ്ഞു.

എഫ് – 3, എഫ് – 4 റേസിംഗുകളിലൂടെ എഫ് -1 നായി ടീമിനെ സജ്‌ജമാക്കാൻ ആവേശത്തോടെ യത്നിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധത ഓരോ പ്രവർത്തനത്തിലും പുലർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് റേസിംഗ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അഖിലേഷ് റെഡ്‌ഡി പറഞ്ഞു. ഗോഡ്‌സ്പീഡ് ‘ഓരോ ലാപ്പിലും ഒരു മരം’ പദ്ധതി അർത്ഥവത്തായ സാമൂഹിക ഇടപെടലിനെ സാക്ഷ്യപ്പെടുത്തുന്നതാണ്. മോട്ടോർസ്‌പോർട്‌സ് വിപണിയിൽ വ്യത്യസ്‌തത പകരുന്നതുമാണ് സംരംഭമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴക്കൂട്ടം മേൽപ്പാലത്തിന് താഴെയുള്ള സ്ഥലം ഹരിതവത്ക്കരിക്കുന്നതിനും മനോഹരമാക്കുന്നതിനും എംബസി ടോറസ് ടെക്സോൺ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വായു മലിനീകരണ ലഘൂകരണം, റോഡ് സുരക്ഷ, മാലിന്യ സംസ്‌കരണം, മയക്കുമരുന്ന് ഉപയോഗം തടയൽ എന്നിവ സംബന്ധിച്ച ബോധവൽക്കരണത്തിന് പ്രാദേശിക കൂട്ടായ്‌മകളെ ഭാഗഭാക്കാക്കി കർമ്മപരിപാടികൾ തയ്യാറാക്കുന്നുണ്ട്. സ്പോർട്ട്സിനു കൂടുതൽ ഊന്നൽ നൽകി മയക്കുമരുന്ന് വിപത്തിനെതിരെ മികച്ച പ്രതിരോധ ഉപാധിയാക്കും.

പ്ലാസ്റ്റിക് മാലിന്യം തടയുന്നതിനായി ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസുമായി സഹകരിച്ച് നിലവിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ പുനരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ് എന്ന എൻജിഒ ഇതേസമയം തന്നെ നടത്തി വരികയാണ്.

തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഓഫീസ് സ്‌പേസുള്ള എംബസി ടോറസ് ടെക്‌സോൺ ഡിസംബർ അഞ്ചോടെ ആദ്യ ബിസിനസ് ഇടപാടിന് ഒരുങ്ങുകയാണ്. എംബസി ഗ്രൂപ്പും ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ഇതിനകം ദക്ഷിണേന്ത്യയിലെ കൂടുതൽ അഭിലഷണീയമായ ഐടി, ഐടിഇഎസ് ലക്ഷ്യസ്ഥാനമായി ശ്രദ്ധ നേടിയിട്ടുണ്ട്.

എംബസി ടോറസ് ടെക്‌സോൺ ഓഫീസ് മന്ദിരങ്ങൾ ലീഡ് ഗോൾഡ് റേറ്റിങ് കരസ്ഥമായാക്കിയവയാണ്. ആധുനിക വെല്ലുവിളികളെ നേരിടാൻ പര്യാപ്‍തമായ ഗുണനിലവാരവും സുസ്ഥിരതയും ഊർജ്ജ-കാര്യക്ഷമതയുമുള്ള വർക്ക് സ്‌പേസുകളാണ് ഇവ.

തിരുവനന്തപുരം ടെക്‌നോപാർക്ക് മൂന്നാം ഘട്ട വിവിധോദ്ദേശ്യ വികസന പദ്ധതിയിൽ എംബസി ടോറസ് ടെക്‌സോണും ഭാഗമാണ്. 700,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ടോറസ് സെൻട്രം’ മാൾ, ‘ടോറസ് യോസെമൈറ്റ്’ നോൺ-സെസ് ഓഫീസ് മന്ദിരം, ‘അസെറ്റ് ടോറസ് ഐഡൻറിറ്റി’ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ, ഹോട്ടൽ എന്നിവയെല്ലാമുള്ള ‘ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം’ ടെക്‌നോപാർക്ക് മൂന്നാം ഘട്ട വിവിധോദ്ദേശ്യ വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.