പൊതു വിവരം

Press Releases – ISSK

By ദ്രാവിഡൻ

January 24, 2024

Dear Sir/ Madam,

Hope you are doing well.

Please find below the Press Releases (4 NOs) on ISSK.

Request you to please carry the release inyour esteemed media.

PRESS RELEASE- 1

‘കായിക സമ്പദ്ഘടന ത്വരിതപ്പെടുത്തും’; വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: കേരളത്തിന്റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റിയെടുക്കാൻ ലക്ഷ്യമിട്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കോൺഫറൻസ് തീം അവതരിപ്പിച്ചു. ‘കായികശേഷി എല്ലാവർക്കും’ (Sports for All) എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് കോൺഫറൻസ് തീം അവതരിപ്പിച്ചുകൊണ്ട് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. "സമൂഹത്തിലെ എല്ലാവർക്കും പ്രാപ്യമാകുന്ന രീതിയിൽ കായിക മേഖലയെ വളർത്തിയെടുക്കുന്ന നൂതന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി 1000 കായിക വികസന പദ്ധതികൾക്ക് സർക്കാർ രൂപം നൽകും. സാമ്പത്തിക രംഗം ത്വരിതപ്പെടുത്തുന്ന നിരവധി അവസരങ്ങൾ കായിക മേഖലയിലുണ്ട്. ഇവ കണ്ടെത്തി കേരളത്തിന്റെ കായിക സമ്പദ്ഘടനയുടെ തോത് 2026ഓടെ 5 ശതമാനത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് ഒരു ശതമാനമാണ്. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിച്ച് നാം ഈ ലക്ഷ്യം നേടിയെടുക്കും. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, വ്യവ്യസായിക മേഖലയിലുൾപ്പടെ സമഗ്രമായ പരിവർത്തനമാണ് കായിക ഉന്നമനത്തിലൂടെ പ്രതീക്ഷിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങളും വിദഗ്ധരായ പരിശീലകരുടെ സേവനവും ഉറപ്പുവരുത്താനാകും."- അദ്ദേഹം പറഞ്ഞു.

"ഇന്ത്യൻ കായിക മേഖല ക്രിക്കറ്റിനപ്പുറത്തേക്ക് വളരുകയാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രാജ്യം എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ രാജ്യത്തെ 41 ശതമാനം യുവാക്കളും വേണ്ടത്ര വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരാണെന്ന കണക്കുകൾ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ കായിക മേഖലയിൽ തുടങ്ങുന്ന ഫിറ്റ്നസ്, വെൽനെസ്സ് വ്യവസായത്തിന് പ്രാധാന്യമേറെയാണ്. കായിക മേഖലയെ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിച്ച്‌ കായിക വിദ്യാഭ്യാസം നൽകുക എന്നതാണ് ആദ്യപടി. 2023- 24 വർഷത്തെ കേന്ദ്രബജറ്റിൽ 3397.32 കോടി രൂപയാണ് കായിക മേഖലയ്ക്ക് വകയിരുത്തിയത്. വലിയ മേളകളും മത്സരങ്ങളും സംഘടിപ്പിക്കുക വഴി സമ്പദ്ഘടനയ്ക്ക് കൂടുതൽ സംഭാവന നൽകാൻ കായിക മേഖലയ്ക്ക് കഴിയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ഇതിനൊരു ഉദാഹരണമാണ്. കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങളും കായിക വ്യവസായത്തിന്റെ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്."- സായ് റീജിയണൽ ഡയറക്ടറും ലക്ഷ്മിഭായ് നാഷണൽ കൊളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പാളുമായ ഡോ. ജി. കിഷോർ പറഞ്ഞു.

കായിക ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളെയും സംരംഭകരേയും പങ്കെടുപ്പിച്ചു പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കായിക നയം രൂപീകരിക്കാനാണ് സർക്കാർ ശ്രമം. കായിക നയത്തിന്റെ കരട് രേഖ തയ്യാറായതായി മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 1700 കോടി രൂപയുടെ പദ്ധതികളാണ് കായിക മേഖലയിൽ പൂർത്തീകരിച്ചത്. വിവിധ സെഷനുകളായി നടന്ന ഉച്ചകോടിയിൽ കായിക രംഗത്തെ വിദഗ്ധരും നിക്ഷേപകരും സംരംഭകരും പങ്കെടുത്തു. സംസ്ഥാന ആസൂത്രണ ബോർഡ് ചെയർമാൻ പ്രൊഫസർ വി. കെ. രാമചന്ദ്രൻ, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. പി. അനിൽകുമാർ, കായിക- യുവജനകാര്യ വകുപ്പ് പ്രിസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്‌ ഐഎഎസ്, ഡയറക്ടർ രാജീവ് കുമാർ ചൗധരി ഐഎഎസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

PRESS RELEASE- 2

കായിക മേഖലയിലെ നിക്ഷേപം 2027ല്‍ 100 ബില്യണാകും

തിരുവനന്തപുരം: 2020ല്‍ രാജ്യത്തെ കായിക മേഖലയിലെ നിക്ഷേപം 27 ബില്യണ്‍ ആയിരുന്നെങ്കില്‍ 2027 ആകുമ്പോഴേക്കും അത് 100 ബില്യണായി മാറുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ ചൂണ്ടിക്കാട്ടി. 1990ലും 95ലും കേരളം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാല്‍പന്തുകളിയുടെ ആവേശം ഇന്നും ഉണ്ട് എന്നത് അത്ഭുതപ്പെടുത്തുന്നു. ബീച്ച് ഫുട്‌ബോള്‍, പാരാ ഫുട്‌ബോള്‍, ഇന്ത്യന്‍ വിമന്‍ ഫുട്‌ബോള്‍ ലീഗ് എന്നിവയില്‍ കേരളമാണ് കിരീടം ചൂടിയതെന്നും പറഞ്ഞു. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്‌പോട്‌സ് ഇക്കോണമി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ സ്‌പോട്‌സിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ജനങ്ങളുടെ ക്ഷേമം ശാരീരിക ക്ഷമതയിലൂടെ ഉറപ്പാക്കുന്ന കായിക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് സ്‌പോട്‌സിന് സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനമാണുള്ളത്. സേവനം, ആരോഗ്യം, വികസനം, സാമ്പത്തികം, സാംസ്‌കാരികം, ടൂറിസം എന്നീ മേഖലകളിലെല്ലാം കായികരംഗത്തിന് വിപുലമായ സംഭാവനകള്‍ നല്‍കാനാകും. ചൈനയും കാനഡയും സ്‌പോട്‌സ് ഇക്കോണമിയില്‍ ഏറെ മുന്നോട്ടുപോയി. ചൈനയില്‍ കായിക മേഖലയ്ക്ക് മാത്രമായി പൊതുനയമുണ്ട്. പൊതുജനാരോഗ്യവും കായിക മേഖലയും, ദേശീയ ശാരീരികക്ഷമതാ പരിപാടി, അന്താരാഷ്ട്ര രംഗത്തില്ലാത്ത കായിക താരങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണ നല്‍കുക അങ്ങനെ വിപുലമായ പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. അതുകൊണ്ട് അവരുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാനഘടകമായി സ്‌പോട്‌സ് മാറിയെന്നും സ്‌പോട്‌സിലെ വെല്ലുവിളികള്‍ സമ്പദ് വ്യവസ്ഥയുടേത് കൂടി ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് കായിക രംഗത്തെ കുറിച്ച് വളരെ വിശദമായ റോഡ്മാപ്പാണുള്ളത്. എല്ലാ ജില്ലകളിലും സ്‌പോട്‌സ് കോംപ്‌ളക്‌സസ് സ്ഥാപിച്ചു. സ്‌പോട്‌സ് വകുപ്പും പൊതു-ഉന്നതവിദ്യാഭ്യാസ വകുപ്പും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ കായിക പരിപാടികളും പൊതുജനപങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഫുട്‌ബോള്‍ മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് അംമ്പയര്‍ കെ.എന്‍ രാഘവന്‍ ചൂണ്ടിക്കാട്ടി.സ്വകാര്യ നിക്ഷേപകരുടെ വരവോടെയാണ് സ്‌പോട്‌സ് ഇക്കണോമി ശക്തിപ്രാപിച്ചത്. ഐ.എസ്.എല്ലിന്റെ വരവോടെ കേരളത്തില്‍ ഫുട്‌ബോള്‍ നിക്ഷേപകരുടെ എണ്ണം കൂടി. കല്‍ക്കത്ത ലീഗ് പോലെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം കേന്ദ്രീകരിച്ച് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കണം. അതുപോലെ ധാരാളം മാരത്തണുകളും ഇവിടെ നടക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെ കൂടുതല്‍ കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിക്കണം. ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുത്താന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കായിക രംഗത്തെ സമ്പദ് വ്യവസ്ഥയുടെ 85 ശതമാനം ഇക്കോണമിയും ക്രിക്കറ്റില്‍ നിന്നാണെന്നും മറ്റ് കായിക ഇനങ്ങള്‍ കൂടുതല്‍ ജനപ്രീയമാക്കിയാല്‍ വരുമാനം വര്‍ദ്ധിക്കുമെന്നും കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് അന്‍വര്‍ അമീന്‍ ചേലാട്ട് വ്യക്തമാക്കി. കേരളത്തിന്റെ ജി.ഡി.പിയില്‍ ഫുട്‌ബോളിന്റെ സംഭാവന ചെറുതല്ല. പ്രാദേശിക കായിക രംഗം ലോക്കല്‍ ഇക്കണോമിക്ക് നല്ലതാണ്. അതുപോലെ ആയൂര്‍വേദ ആന്‍ഡ് വെല്‍നെസും കായിക മേഖലയിലെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ കായിക മേഖലയില്‍ നിക്ഷേപം നടത്തണമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ ആവശ്യപ്പെട്ടു. 75,000 കോടി രൂപയാണ് പ്രവാസികള്‍ നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നത്. അതിന്റെ സിംഹഭാഗവും ഉപഭോക്തൃ, നിര്‍മാണ മേഖലയിലാണ് നിക്ഷേപിക്കുന്നത്. ബാക്കിയുള്ളത് ഉപയോഗിക്കാതെ കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

PRESS RELEASE- 3

കേരളത്തെ ടെക്‌നോളജി സ്‌പോട്‌സിന്റെ കേന്ദ്രമാക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്‌നോളജി സ്‌പോട്‌സിന്റെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്‌പോട്‌സ് ഇന്‍ഡസ്ട്രി എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടെക്‌നോളജി ഓരോ കായിക മേഖലയിലും ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ കായിക മേഖലയ്ക്ക് പ്രയോജനപ്പെടും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളത്തിലാണ്. ഇതും സഹായകമാകും. വീഡിയോ ഗെയിം കയറ്റുമതിയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കായിക പരിശീലനത്തിനും സാങ്കേതികവിദ്യ ഉപയോഗിക്കും. സ്‌പോട്‌സ് അപ്പാരല്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റിലും കേരളം ഫോക്കസ് ചെയ്യുന്നുണ്ട്. അതുപോലെ ഇന്‍ഡോര്‍ ഗെയിം സാധനങ്ങളുടെ നിര്‍മാണത്തിലും സംഭാവന നല്‍കാനാകും. സംസ്ഥാന സ്‌പോട്‌സ് ഇന്‍ഡസ്ട്രി മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സ്‌പോട്‌സ് ഇന്‍ഡസ്ട്രിക്ക് വേണ്ട പിന്തുണ നല്‍കുമെന്ന് നിവ്യ സ്‌പോട്‌സ് സി.ഇ.ഒ രാജേഷ് ഖരാബന്ദ ഉറപ്പുനല്‍കി. താഴേതട്ടിലുള്ള കളിക്കാര്‍ക്കും നല്ല കായിക ഉത്പന്നങ്ങള്‍ ലഭിക്കണം എന്നതാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദഹം വ്യക്തമാക്കി. ഇംഗ്ലീഷ് അത്ര വശമില്ലാതിരുന്നിട്ടും യു.കെയില്‍ പരിശീലകന്റെ ലൈസന്‍സ് നേടിയ കഥയാണ് പാട്രിക് സര്‍ക്കാര്‍ പറഞ്ഞത്. യു.കെയില്‍ ഫാസ്റ്റ് സ്‌പോട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലീഡ്‌സ് എന്ന പിരിശീലന സ്ഥാപനം നടത്തുകയാണ് അദ്ദേഹം. അണ്ടര്‍ 18 ഫുട്‌ബോള്‍ പരിശീലകനായാണ് പാട്രിക് ഈ മേഖലയില്‍ തുടക്കം കുറിച്ചത്. അത് വലിയ പാഠമായി. നല്ല കായിക താരങ്ങളെ വാര്‍ത്തെടുത്താല്‍ നല്ല വരുമാനമുണ്ടാക്കാം. വലിയ അവസരങ്ങളാണ് എല്ലാ കായിക മേഖലയിലുമുള്ളത്. യു.കെയുടെ ഇക്കോണമിയില്‍ വര്‍ഷന്തോറും 39 ബില്യണാണ് സ്‌പോട്‌സ് രംഗം സംഭാവന നല്‍കുന്നത്. ഇന്ത്യയില്‍ സ്‌പോട്‌സ് യൂണിവേഴ്‌സിറ്റി വളരെ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 200 മില്യണ്‍ ആളുകളാണ് സ്‌പോട്‌സ് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതെന്ന് ഹൈവ് സ്‌പോട്‌സ് സി.ഇ.ഒ രാകേഷ് രാജീവ് പറഞ്ഞു. ഐഎസ്എല്‍ കാണുന്നതില്‍ 60 ശതമാനം കാണികളും സ്ത്രീകളും കുട്ടികളുമാണെന്ന് ഡാറ്റാകള്‍ വ്യക്തമാക്കുന്നു. സ്‌പോട്‌സ് മേഖലയിലെ ഡിജിറ്റല്‍ ഇക്കോണമി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 600 ബില്യണാണ് ആഗോള ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച. കായിക രംഗത്തെ വരുമാനം സിനിമ, വിനോദ വ്യവസായത്തേക്കാള്‍ അഞ്ച് മടങ്ങ് വലുതാണ്. സ്‌പോട്‌സ് അസോസിയേഷനുകള്‍ ഇന്ത്യന്‍ സ്‌പോട്‌സ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്‌മോഹന്‍ പിള്ള, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് എന്നിവരും സംസാരിച്ചു.

PRESS RELEASE- 4

അന്താരാഷ്ട്ര കായിക ഉച്ചകോടി: ബോക്സിംഗ് മത്സരങ്ങൾ നടന്നു

തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ (ISSK) രണ്ടാം ദിനത്തിൽ ത്രസിപ്പിക്കുന്ന ആവേശം വിതറി ബോക്സിംഗ് മത്സരങ്ങൾ അരങ്ങേറി. ഇന്ത്യൻ ബോക്സിംഗ് കൗൺസിലിൻ്റെ സഹകരത്തോടെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോൺഫയർ ക്ലബ്ബാണ് ബോക്സിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തമിഴ്നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി 70 ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ മത്സരത്തിൽ പങ്കെടുത്തത്. ആൺകുട്ടികൾക്കും പെൺകുട്ടികളും പങ്കെടുത്ത മത്സരത്തിൽ 52 കിലോ മുതൽ 90 കിലോ വരയുള്ളവർക്കായി വിവിധ കാറ്റഗറികളിലായി മത്സങ്ങൾ സംഘടിപ്പിച്ചത്. മൂന്ന് മിനിറ്റ് വീതമുള്ള നാല് റൗണ്ടുകളിലാണ് മത്സരം സംഘടിപ്പിച്ചത്.

Thanks & Regards

Adarsh Chandran l +91 9946365962 Divya Raj.K l +91 9656844468