അങ്കണവാടിക്കു നിറങ്ങളാല്‍ അഴക് ചാര്‍ത്തി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കൊച്ചി: അങ്കണവാടിയുടെ മതിലുകളിൽ വര്‍ണച്ചിത്രങ്ങളൊരുക്കി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. മുളന്തുരുത്തി പതിമൂന്നാം ഡിവിഷനിലെ മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള പെരുമ്പിള്ളി കോളനി അങ്കണവാടി കെട്ടിടത്തിന്റെ അകവും പുറവുമാണ് ചായക്കൂട്ടില്‍ പൂക്കളും ആനയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മറ്റു ദൃശ്യങ്ങളുമൊക്കെ ആവിഷ്‌കരിച്ചു മനോഹരമാക്കിയത്.
ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കിഡ്സ് ഫോര്‍ കൊച്ചി കൂട്ടായ്മയിലുള്‍പ്പെട്ട ഒന്‍പതാം ക്ലാസിലെ പതിനൊന്ന് കുട്ടികള്‍ ഒരു ദിവസം മുഴുവന്‍ നീണ്ട ചിത്രരചനയില്‍ പങ്കെടുത്തു. അങ്കണവാടി കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും സന്തോഷം പകരുന്നതാണ് മനോഹര വര്‍ണ്ണങ്ങളില്‍ തീര്‍ത്ത ദൃശ്യവിരുന്ന്.
ചിത്രരചന ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം ജോയല്‍ ഉദ്ഘാടനം ചെയ്തു. വര്‍ണ ചിത്രങ്ങളൊരുക്കാന്‍ സഹായവുമായി അങ്കണവാടി അധ്യാപിക അമ്പിളി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.