കെസിഎൽ: ആലപ്പി റിപ്പിള്‍സ് ടീം തിരുവന്തപുരത്തേക്ക് പുറപ്പെട്ടു
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നത്തിനായി ആലപ്പി റിപ്പിള്‍സ് ടീം തിരുവന്തപുരത്തേക്ക് പുറപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തൃശ്ശൂർ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ കോച്ച് പ്രശാന്ത് പരമേശ്വരന്റെ നേതൃത്വത്തിലുള്ള പരിശീലനം പൂർത്തീകരിച്ചാണ് ടീം ലീഗ് മത്സരങ്ങൾ നടക്കുന്ന തിരുവന്തപുരത്തേക്ക് തിരിച്ചത്. സെപ്റ്റംബർ 2ന് തുടങ്ങുന്ന ടൂർണമെന്റിനു വേണ്ടിയുള്ള പരിശീലനം അവിടെ തുടരും.
ലീഗിലെ ഉദ്ഘാടന മത്സരം ആലപ്പി റിപ്പിള്‍സും തൃശൂർ ടൈറ്റൻസും തമ്മിലാണ്. ഉച്ചക്ക് 2.30ക്ക് നടക്കുന്ന ഈ മത്സരത്തിനു ശേഷമാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ലീഗിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്.
ഐപിഎല്‍ താരം മുഹമ്മദ് അസ്ഹറുദ്ദിൻ ഐക്കണ്‍ താരമായ ആലപ്പി റിപ്പിൾസ് ടീമിൽ രഞ്ജി ട്രോഫി താരങ്ങളായ ഓപ്പണർ കൃഷ്ണ പ്രസാദ്, ഓൾ റൗണ്ടർ അക്ഷയ് ചന്ദ്രന്‍, വിനൂപ് മനോഹരന്‍, ഫനൂസ് ഫൈസ്, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍ എന്നിവരും അനന്ദ് ജോസഫ്, രോഹന്‍ നായര്‍, നീല്‍ സണ്ണി, അക്ഷയ് ടി കെ, ആസിഫ് അലി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, കിരണ്‍ സാഗര്‍, വിഘ്നേഷ് പുത്തൂര്‍, പ്രസൂണ്‍ പ്രസാദ്, ഉജ്ജ്വൽ കൃഷ്ണ, അക്ഷയ് ശിവ്, അഫ്രാദ് റിഷബ്, അതുല്‍ സൗരി എന്നിവരും ഉൾപ്പെടുന്നു. മുന്‍ ഐപിഎല്‍ ഫാസ്റ്റ് ബൗളര്‍ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിള്‍സിന്റെ ഹെഡ് കോച്ച്. ബാറ്റിംഗ് കോച്ചായി രാമകൃഷ്ണൻ എസ്. അയ്യരും ഫീൽഡിങ് കോച്ചായി ഉമേഷ് എൻ. കെയും ടീമിനോപ്പമുണ്ട്. ഫർസീൻ ടീം മാനേജറായ റിപ്പിൾസിന്റെ ഫിസിയൊ ശ്രീജിത്ത് പ്രഭാകരനും ട്രൈനർ ജാക്സ് കോശി ജെനുമാണ്.
This post has already been read 251 times!