അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം
ബൗളിങ് മികവിനൊപ്പം ഓപ്പണര്‍മാരുടെ മികച്ച പ്രകടനമാണ് കൊല്ലം സെയിലേഴ്‌സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വിജയം എളുപ്പമാക്കിയത്. പതിഞ്ഞ തുടക്കമായിരുന്നു എങ്കിലും അര്‍ദ്ധ സെഞ്ച്വറി നേടിയ രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് കൊച്ചിയുടെ വിജയത്തിന് അടിത്തറയിട്ടു. 34 പന്തില്‍ നിന്ന് 54 റണ്‍സുമായി ആനന്ദ് കൃഷ്ണനും 50 പന്തില്‍ നിന്ന് 51 റണ്‍സുമായി ജോബിന്‍ ജോബിയുമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്.
ആദ്യ ഓവറില്‍ നേരിട്ട മൂന്നാം പന്ത് ശരീരത്തില്‍ കൊണ്ടതോടെ പരിക്കേറ്റ് മടങ്ങിയ ആനന്ദ് പിന്നീട് മടങ്ങിയെത്തിയാണ് അര്‍ദ്ധ സെഞ്ച്വറിയിലേക്ക് ബാറ്റ് വീശിയത്. മറുവശത്ത് കഴിഞ്ഞ മത്സരത്തില്‍ നിന്ന് പാടെ വ്യത്യസ്തമായൊരു ഇന്നിങ്‌സായിരുന്നു ജോബിന്‍ ജോബിയുടേത്. കോഴിക്കോടിനെതിരെ തകര്‍ത്തടിച്ച ജോബിന്‍ ഇന്ന് വളരെ കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. അതോടെ സ്‌കോറിങ് വേഗത്തിലാക്കുന്നതിന്റെ ചുമതല ആനന്ദ് കൃഷ്ണന്‍ ഏറ്റെടുത്തു.
സച്ചിന്‍ ബേബി എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ആനന്ദിന്റെ ആദ്യ സിക്‌സ്. തൊട്ടടുത്ത ഓവറുകളിലെല്ലാം ബൗളര്‍മാരെ അതിര്‍ത്തി കടത്തിയ ആനന്ദ് കൊച്ചിയുടെ ഇന്നിങ്‌സിനെ വേഗത്തിലാക്കി. എസ് മിഥുന്‍ എറിഞ്ഞ 13ആം ഓവറില്‍ 16 റണ്‍സ് നേടിയ ആനന്ദ് ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയും കണ്ടെത്തി. മികച്ച സ്‌കോറിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഷറഫുദ്ദീന്റെ പന്തില്‍ ആനന്ദ് പുറത്തായത്. രണ്ട് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ആനന്ദിന്റെ ഇന്നിങ്‌സ്. പരിക്കേറ്റ് മടങ്ങിയതിന് ശേഷം പിന്നീട് മടങ്ങിയെത്തി വേദന വകവയ്ക്കാതെ ബാറ്റ് വീശി നേടിയ അര്‍ദ്ധ സെഞ്ച്വറി കൂടുതല്‍ തിളക്കമുള്ളതായി. ഈ മികവിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമെത്തി.
മറുവശത്ത് കരുതലോടെ ബാറ്റ് ചെയ്ത ജോബിനും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മടങ്ങി. ശനിയാഴ്ച്ചത്തെ മത്സരത്തോടെ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ ജോബിനാണ്. നാല് ഇന്നിങ്‌സുകളിലായ 194 റണ്‍സാണ് ജോബിനുള്ളത്. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.