P J James

ട്രൂത്ത്

രാജീവ്ഗാന്ധി സെന്ററിനു ഗോൾവൾക്കറുടെ പേരിട്ടത് അർത്ഥഗർഭമാണ്!

By P J James

December 07, 2020

P J James

രാജീവ്ഗാന്ധി സെന്ററിനു ഗോൾവൾക്കറുടെ പേരിട്ടത് അർത്ഥഗർഭമാണ്!

കോശ സൂക്ഷ്മാണു അധിഷ്ഠിത ചികിത്സാ ഗവേഷണത്തിനു വേണ്ടി തിരുവന്തപുരത്ത് (ആക്കുളം) ആരംഭിക്കുന്ന രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി യുടെ രണ്ടാം കാമ്പസിന് മുൻ ആർഎസ്എസ് സർസംഘചാലക് ഗോൾവാൾക്കറിന്റെ പേരിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ജീൻ ചികിത്സയും സ്റ്റെം സെൽ മാറ്റി വെക്കൽ, സൂക്ഷ്മാണു ഗവേഷണവുമായി ബന്ധപ്പെട്ട രോഗപ്രതിരോധം തുടങ്ങിയവയായിരിക്കും ഗവേഷണ കേന്ദ്രത്തിന്റെ ഊന്നൽ. ജൈവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് ടെസ്റ്റ് ആന്റ് പ്രൂഫിനു ള്ള സൗകര്യവും ഇവിടെയുണ്ടാകും.

ഇതു പറയുമ്പോൾ, ജീൻ ഗവേഷണം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളിൽ ഇന്നത്തേതു പോലെ ചിന്തിക്കാൻ ആവാതിരുന്ന കാലത്ത്, കേരളത്തിലെ നീചജന്മങ്ങളെ സങ്കരയിന പ്രജനന (cross breeding)ത്തിലൂടെ വംശീയമായി ഉയർത്തിക്കൊണ്ടു വരുന്നതിൽ പ്രത്യേക താല്പര്യമുണ്ടായിരുന്ന മഹാദേഹമായിരുന്നു ഗോൾവാൾക്കർ എന്നതു കൂടി ഓർക്കേണ്ടതുണ്ട്. 1960 ഡിസംബർ 17 ന് ഗുജറാത്ത് സർവകലാശാലയുടെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് കേരളത്തെ സംബന്ധിച്ച തന്റെ ‘വംശീയ വീക്ഷണം’ ഗോൾവാൾക്കർ അവതരിപ്പിച്ചത്.

മൃഗങ്ങളിൽ സങ്കരയിന പ്രജനനം നടത്തുന്ന ആധുനിക ശാസ്ത്രജ്ഞർ മനുഷ്യരിൽ അതു പ്രയോഗിക്കുന്നതിന് ധൈര്യം കാട്ടാത്തതിനെ വിമർശിച്ചു കൊണ്ടും, തങ്ങളുടേതായ രീതിയിൽ കേരളത്തിൽ അതിനു ധൈര്യം കാട്ടിയ ‘നമ്മുടെ പൂർവികരെ’ ശ്ലാഘിച്ചു കൊണ്ടുമാണ് ഗോൾവാൾക്കർ പ്രസംഗം ആരംഭിച്ചതു തന്നെ. നമ്പൂതിരി ബ്രാഹ്മണരെ കേരളത്തിൽ കുടിയിരുത്തി, ഹിന്ദുക്കളിലെ താഴ്ന്ന വംശങ്ങളെ ഉയർന്ന വംശത്തെ ഉപയോഗിച്ച് cross breeding നടത്തി ഹിന്ദുത്വവൽകരണം സാധ്യമാക്കുന്ന വിദ്യ ഇന്ത്യയിൽ നേരത്തെ പ്രയോഗിച്ച കാര്യമാണ് ഗോൾവാൾക്കർ വിശദീകരിച്ചത്.

അതിൻ പ്രകാരം, ഹിന്ദുമതത്തിലെ കീഴ്ജാതി സ്ത്രീകളുടെ ആദ്യത്തെ കുട്ടി നമ്പൂതിരിയുടേതാണെന്ന് ഉറപ്പു വരത്തക്കവിധം ‘ആദ്യരാത്രി’ ഉയർന്ന വംശത്തിൽ പെട്ട നമ്പൂതിരിയോടൊപ്പം കഴിഞ്ഞതിനു ശേഷമേ, സ്വഭർത്താവിനൊപ്പം കഴിയാൻ അനുവദിച്ചിരുന്നുവെന്ന് ഗോൾവാൾക്കർ തന്റെ പ്രഭാഷണത്തിൽ അഭിമാനപൂർവ്വം ചൂണ്ടിക്കാട്ടി (കൂടുതൽ വിവരങ്ങൾക്ക്, Organizer, ജനുവരി 2, 1961 കാണുക) അങ്ങേയറ്റം നീചവും മ്ലേച്ഛവുമായ ഈ ‘വംശീയ വാദം’ അവതരിപ്പിച്ചിട്ടും സർവകലാശാലയിലെ ശാസ്ത്ര ഗവേഷകരും പണ്ഡിത ശിരോമണി കളും പ്രതിഷേധിച്ചില്ലെന്നും എല്ലാം വിനയത്തോടെ കേട്ടിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

തീർച്ചയായും, ആധുനിക ശാസ്ത്രജ്ഞർ മനുഷ്യരിൽ cross breeding നടത്തി ‘വംശീയമായ മെച്ചപ്പെടുത്തലിലൂടെ ‘ഉയർന്ന ജന്മങ്ങൾ’ വളർത്തിക്കൊണ്ടുവരുന്നതിനു മടിച്ചു നിന്നതിനെ വിമർശിക്കുകയും കേരളത്തെ വംശീയമായി ഉയർത്തുന്നതിൽ പ്രത്യേക താല്പര്യം കാട്ടിയിരുന്ന മനുവാദികളെ ശ്ലാഘിക്കുകയും ചെയ്ത ഗോൾവാൾക്കറുടെ പേരിൽ, ജീൻ ഗവേഷണവും ജൈവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സർവകലാശാല കൊണ്ടുവരുന്നത്, ആർഎസ്എസ് രാജ്യഭരണം നിയന്ത്രിക്കുന്ന ഈ സന്ദർത്തിൽ, അത്ഭുതകരമല്ല. ഡോക്ടർ അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പബ്ലിക്കൻ ഭരണഘടനക്കു പകരം മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാക്കണമെന്ന് ആർഎസ്എസ് വാദിച്ചത് ഗോൾവാൾക്കറു ടെ നേതൃത്വത്തിലായിരുന്നു (Organizer, നവംബർ 30,1949, ജനുവരി 11, 1950 കാണുക). ഇന്ന് മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ കൂടി ഭാഗമായി ശാസ്ത്ര ഗവേഷണസ്ഥാപനങ്ങൾ പോലും വിജ്ഞാനവിരോധത്തിന്റെ ആചാര്യന്മാരാൽ അറിയപ്പെടേണ്ടി വരുന്ന ദുരന്തകാലത്ത്, ചരിത്രം ഓർക്കുന്നത് തീർച്ചയായും പ്രസക്തമായതു കൊണ്ടു കൂടിയാണ് ഈ കുറിപ്പ്.

— സ: പിജെ. ജെയിംസ്