പൊതു വിവരം

PRESS RELEASE: അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സം രംഭകര്‍ക്കുള്ള വിവിധ പദ്ധതികളുമായി സംസ്ഥാ ന വ്യവസായ വകുപ്പ്.

അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സംരംഭകര്‍ക്കുള്ള വിവിധ പദ്ധതികളുമായി സംസ്ഥാന വ്യവസായ വകുപ്പ്.

കൊച്ചി: വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആണ് കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 25%(പരമാവധി 40 ലക്ഷം രൂപ വരെ) സബ്‌സിഡിയായി ലഭിക്കുന്നു. നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി ഉല്‍പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകള്‍ക്ക് 40% സബ്‌സിഡി നല്‍കുന്നു. തൊഴിലും ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉല്‍പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയും സേവനമേഖലയില്‍ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകള്‍ക്ക് 15 മുതല്‍ 35% വരെ സബ്‌സിഡി ലഭിക്കുന്നു. എന്നിങ്ങനെ ആകര്‍ഷകരമായ നിരവധി പദ്ധതികള്‍ ആണ് സര്‍ക്കാര്‍ സ്ത്രീകളെ മുന്‍ഗണന വിഭാഗക്കാരായി കണക്കാക്കി എടുത്തുകൊണ്ട് ഒരുക്കിയിട്ടുള്ളത്.

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 2022-23ല്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ച 14128 സംരംഭങ്ങളില്‍ 4891 സംരംഭങ്ങള്‍ വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ തുടങ്ങിയവയാണ്.14128 സംരംഭങ്ങളില്‍ നിന്നായി 12553 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. 4891 വനിതാ സംരംഭങ്ങള്‍ വഴി 2022-23 കേരളത്തില്‍ 223 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

2023-24 ല്‍ വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ 3327 സംരംഭങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടുണ്ട് അതുവഴി 188 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാന്‍ സാധിച്ചു. 2023-24ല്‍ ഇതുവരെ തുടങ്ങിയ 10266 സംരംഭങ്ങളില്‍ നിന്നായി 9044 വനിതകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വനിതകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

സംരംഭകരുടെ യാത്രയില്‍ സംരംഭകര്‍ക്കുണ്ടാകുന്ന ഏത് പ്രതിസന്ധിയിലും സര്‍ക്കാരും വ്യവസായ വകുപ്പും ഒപ്പം ഉണ്ടാകും ആ തരത്തിലേക്കുള്ള ഒരു വ്യവസായ അന്തരീക്ഷത്തിലേക്ക് ആണ് ഇന്ന് കേരളം എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ് അറിയിച്ചു.

Photograph: ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ്

Post Comment