കവിതകൾ

മഴ ആ ജാലകത്തിലൂടെ

മഴ ആ ജാലകത്തിലൂടെ

___________________________
മഴയിൽ കുതിർന്നൊരാ
ജനലിന്റെ പാളികൾക്കിടയിലും
നിന്റെയാ ചിരി കണ്ടിടാം
ഒരുപാട് കനവുകൾ
ഞാൻ നെയ്ത് കൂട്ടിയാ
മുറികൾക്കു പറയുവാൻ മൗനമാകാം
ചിരിമഴക്കുസൃതിയായ്
കളവുകൾക്കിടയിലെ
സൗഹൃദത്താളവും ഒഴുകിയെത്താം
ഇരുൾ തിന്ന മനസ്സിന്റെ
കോണിപ്പടികളിൽ
കയറുന്ന ചിന്തകൾക്കേറെ ഭാരം
അവരെന്റെ ജീവന്റെ ഉൾത്തുടിപ്പായതും
ചിലരെന്റെ കനവിലെ കൂട്ടുകാരായതും
ഓർമ്മകൾ തിന്നുന്ന ഈ കുഞ്ഞുമുറ്റത്തെ
മഴപെയ്ത നനവുകൾക്കൊപ്പമാകാം
ഈ പടിവാതിലിൻ പടവിൽ ഞാൻ
ഊരിയിട്ടെന്റെയാ നിർമ്മല ബാല്യകാലം
അവളെ വിളിക്കുവാനാവില്ല കാലത്തിന-
കലെയാണിവിടെയീ ബഞ്ചുമാത്രം
തടിയിലായ് കോറിയ പേരിൽ തുടിക്കുന്ന
കളവായി മാറിയ കുഞ്ഞുസ്നേഹം
അവളെനിക്കാരുമല്ലിന്നുമീ മുറിയിലെ
ഓർമ്മതൻ പേരുകളിലൊന്നുമാത്രം…

This post has already been read 7462 times!

Comments are closed.