കാഴ്ചയുടെ കാണാപ്പുറങ്ങൾ
പുഴകണ്ടപ്പോഴൊക്കെ
കരകളെയാണ് കണ്ടത്.
വിളമ്പുകളിലെ വിങ്ങലുകളാൽ
വിയോജനക്കുറിപ്പെഴുതും പോലെ
പ്രകൃത്യാ ഒന്നായിരിക്കേണ്ടതിനെ
രണ്ടാക്കി മാറ്റിയപാരമ്പര്യകഥയോ
മനുഷ്യന്റെ കഥയില്ലായ്മയോ
ഓർത്ത് പരിഭവിക്കും പോലെ
പിന്നെപ്പിന്നെ
ആർദ്രതയുടെ ഓളകൈകൾകൊണ്ട്
അകന്നു നില്ക്കുന്ന മറുകരയെ തലോടുന്നു
കരയുരുമ്മി നീന്തുന്ന മീനുകൾ വഴി
എന്തോ വിനിമയം ചെയ്യുന്നു.
മുകളിൽ മോഹവൃക്ഷത്തിന്റെ തലപ്പുകൾ ചായ്ച്ച്
പരസ്പരം മാടിവിളിക്കുന്നു
ഒഴുക്കിനെ ഉന്തിവിട്ട് തുരുത്തുകളിൽ
ഒന്നിക്കാൻ ശ്രമിക്കുന്നു.
അവ്യക്തമായ മർമ്മരങ്ങളാൽ
എന്തോ മന്ത്രണം ചെയ്യുന്നു.
“പ്രവാഹത്തെ മലർത്തിയൊഴുക്കി
പ്രളയത്താൽ ഒന്നിക്കാമെന്നോ?
ഒഴുക്കിനെ കുടിച്ചു വറ്റിച്ച്
വരൾച്ച വഴി സന്ധിക്കാമെന്നോ?”
വഴിവശമായിരുന്നിട്ടും
സ്വാതന്ത്ര്യത്തിന്റെ വഴികൾവിട്ട്
അച്ചടക്കത്തിന്റെ വിടവിലൂടെ
അനുസരണയുടെ ലോകത്തേക്ക്
കാലപ്രവാഹം പോലെ പുഴ.
അപ്പോഴാണ് കരയെവിട്ട്
പുഴയെ കണ്ടത്.
നിലനില്പിന്റെ വേരുകളിൽ പിണഞ്ഞ്
ഒതുക്കി ഒതുങ്ങിയങ്ങനെ
കൃഷ്ണ തുളസി
This post has already been read 10243 times!



Comments are closed.