പ്രവീണ്‍ വെങ്കടരമണന്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടര്‍
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാക്കളായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി പ്രവീണ്‍ വെങ്കടരമണനെ നിയമിച്ചു. 2024 ഓഗസ്റ്റ് 05 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക. നിലവിലെ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സജീവ് കെ മേനോന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
കോലഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റിന്റെ സ്‌പൈസ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍ കോസ്റ്റ് അക്കൗണ്ടന്റും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്. ഇന്ത്യയില്‍ ശക്തമായ അടിത്തറയുള്ള നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുമെന്നും പ്രവീണ്‍ വെങ്കടരമണന്‍ പറഞ്ഞു. 2014-ല്‍ കമ്പനിയുടെ എംഡിയായി സ്ഥാനമേറ്റ സജീവ് മേനോന്‍ 2022-ല്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും പുതിയതായി നിയമിച്ച എംഡിയുടെ രാജിയെ തുടര്‍ന്ന് സജീവ് മേനോന്‍ വീണ്ടും കമ്പനിയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും ഒസാക്ക ആസ്ഥാനമായുള്ള നിറ്റ ജലാറ്റിന്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ നിറ്റാ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ 220 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പദ്ധതി വൈകുകയായിരുന്നു. കേരള വ്യവസായ – വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് ഐ എ എസ് ആണ് കമ്പനിയുടെ ചെയര്‍മാന്‍.
This post has already been read 367 times!
Comments are closed.