ഉത്രയുടെ മരണത്തിന് ഉത്തരമെന്നോണം പല പല അഭിപ്രായങ്ങൾ പ്രചരിച്ചു കണ്ടു. അതിൽ പ്രസക്തമായ ഒരഭിപ്രായം വിവാഹ മോചനമായിരുന്നല്ലോ മരണത്തേക്കാൾ തിരഞ്ഞെടുത്ത് നൽകാമായിരുന്നത് എന്നതായിരുന്നു.പിന്നെ ചിലർ എഴുതിക്കണ്ടു സ്ത്രീധനം കൊടുത്തു പ്രോത്സാഹനം നൽകിയതിനുള്ള ശിക്ഷാ വിധി എന്ന്…മറ്റു ചിലർ പറഞ്ഞു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാമായിരുന്നില്ലേ എന്ന്…ഇതൊക്കെ പറയാൻ എന്തെളുപ്പം അല്ലേ…??ഉത്രയുടെ കേസിനോട് ഒട്ടിച്ച് ചേർക്കാവുന്ന എത്ര കേസുകൾ ഇന്ന് ഈ ഇന്ത്യ മഹാരാജ്യത്ത് കണ്ടു പിടിക്കാനാകാതെ കരിമ്പടം മൂടിക്കിടക്കുന്നുണ്ടെന്നാർക്കാണറിയാത്തത്..ഇന്ത്യയും അവിടെ നിൽക്കട്ടെ ,പ്രബുദ്ധ സാക്ഷര കേരളം എന്ന ഇട്ടാ വട്ടത്തിൽ “അഡ്ജസ്റ്റ്മെൻറ്” എന്ന വാക്കിനെ പെറ്റു വളർത്തുന്ന സ്ത്രീകൾ …പൊരുത്തക്കേടുകളെ നിവൃത്തികേടുകൊണ്ട് അമർത്തിവെക്കുന്ന സ്ത്രീകൾ…വിവാഹക്കമ്പോളത്തിലെ ലേലം വിളികൾക്കു മുന്നിൽ വിദ്യാഭ്യാസ യോഗ്യതയും ഗുണഗണങ്ങളും അടിയറവു വച്ച് കീഴടങ്ങി പൊരുത്തക്കേടിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന സ്ത്രീകൾ…പ്രേമവിവാഹത്തിൽ പെട്ടു സ്ത്രീധനക്കുരുക്കിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടുകയും പിന്നീട് വീട്ടിലേക്കുള്ള വഴി കൊട്ടിയടക്കപ്പെടുകയും ചെയ്യപ്പെട്ട സ്ത്രീകൾ..കുട്ടികൾക്ക് വേണ്ടി “കോംപ്രമൈസിനെ”ചേർത്ത് നിർത്തി സ്വയം ഉരുക്കിക്കളയുന്ന പെൺമനസ്സുകൾ.”പെട്ടുപോയീ” എന്ന് നെടുവീർപ്പെടാനും,സ്വയം പിറുപിറുക്കാനുമല്ലാതെ ഉത്തരങ്ങൾ ആത്മാഭിനത്തോടും,ചോദ്യശരങ്ങളോടും മൗനം കൊണ്ട് സന്ധി ചെയ്യുന്നവർ..അറിവില്ലാത്ത പ്രായത്തിലെ ചാപല്യത്തിന് ജീവിതകാലം മുഴുവൻ വിലയിടേണ്ടി വരുന്നത് പ്രേമവിവാഹിതർക്കാണ്..സ്വയം വരുത്തി വച്ച
വിനക്ക് ആഴമുള്ള മൗനം കുടിച്ചിറക്കുന്നവർ ..പോകാൻ ഇടമില്ലാത്തവർ…
വിവാഹിതരായി കഴിഞ്ഞാൽ പല സ്ത്രീകളും സ്വന്തം വീട്ടിൽ അന്യരാണ്…പല കാരണങ്ങളാൽ പല സ്ത്രീകൾക്കും പഴയ സ്വാതന്ത്ര്യത്തോടെ വീട്ടിൽ ചെന്ന് കേറാനാകാറില്ല…ആങ്ങളയുടെ ഭാര്യമാർക്കും എപ്പോഴും വന്നു നിൽക്കുന്ന നാത്തൂന്മാർ അപ്രിയരാണ്.കൈ കഴുകി ഭാരമൊഴിച്ച പെൺമക്കൾക്ക് മുന്നിൽ പല അച്ഛനമ്മമാരും താഴ്ന്നമിഴികളോടെ നിൽക്കേണ്ടി വരുന്നു. ആൺമക്കളുടെ കൂടെ ജീവിക്കുമ്പോൾ സ്വാഭാവികമായും മകളെ തഴയേണ്ടി വന്നേക്കാം…മുന്നോട്ടുള്ള ജീവിതം പ്രേരിപ്പിക്കുന്നതു കൊണ്ട് ചെയ്യേണ്ടി വരുന്നു.. ഭാര്യവീട്ടിൽ നിന്നും എത്ര കിട്ടിയാലും മതിയാകാത്ത ഒരുപാട് പേരുടെ ഒരു പ്രതിനിധിയാകും സൂരജും..ചില വീടുകളിൽ പണ്ട് ഉർവ്വശി തുപ്പിയ കുശുമ്പുകൾ തലപൊക്കുന്നതിനും ഭാര്യ വീട്ടിൽ നിന്നുള്ള ലോഡിംഗ് വഴി ഒരുക്കാറുണ്ട്.പല വീടുകളിൽ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് വരുന്ന മരുമക്കൾ തമ്മിൽ ഭർത്താക്കൻമാർ മുഖേന പോരിന് വഴിയൊരുക്കുന്നതും സമാന സാഹചര്യങ്ങൾ ആണ്..അവരുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നു..നിൻറെ വീട്ടിൽ നിന്നും എന്താ കൊണ്ടുവരുന്നേ എന്ന ചോദ്യത്തിന് അച്ഛനേയോ അമ്മയേയോ ഭരമേൽപ്പിക്കുക എന്നതാണ് പെണ്ണുങ്ങൾക്കുള്ള തുറന്ന വാതിൽ…ഇപ്പോൾ കുറച്ചൊക്കെ മാറി എങ്കിലും പല വാതിലുകളും ഇപ്പോഴും മുട്ടപ്പെടുന്നുണ്ട് എന്നതു സത്യം തന്നെയാണ്…മാതാവ് മാത്രം ഉള്ള, ആങ്ങളമാർ ഇല്ലാത്ത ഒരു പെൺകുട്ടിക്ക് പീഢനം നേരിട്ടാൽ അവളെങ്ങോട്ട് ചെല്ലണം???വീടില്ലാത്ത ,വീട്ടുകാരില്ലാത്ത പെൺകുട്ടി അവളെങ്ങോട്ട് പോകും??ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ചിട്ടും ഏറ്റെടുക്കാനാകാതെ പോകുന്ന എത്രയോ സ്ത്രീകൾ …അടിയറവു പറഞ്ഞു പീഢനങ്ങൾ ഏറ്റുവാങ്ങി “നാണക്കേട് “എന്ന മഹാമാരിയെ പേടിച്ച് ഒതുക്കി അടക്കി അങ്ങേയറ്റം പ്രാണഭയത്തോടെ ജീവിക്കുന്നൂ..വിവാഹമോചനം, വളരെ എളുപ്പം വാക്കുകൾ കൊണ്ട് മാത്രം പ്രയോഗിക്കപ്പെടാനാകുന്ന ഒരു പദമാണ്..പല മാതാപിതാക്കളും മകളുടെ ഭാവിക്കു മുന്നിൽ തങ്ങളുടെ എല്ലാ നിലപാടുകളോടും ,വിയോജിപ്പുകളോടും പൊരുതി പൊരുത്തപ്പെടേണ്ടി വരുന്നൂ.മക്കളെ സ്നേഹിക്കുന്നവരുടെ നിസ്സാഹായതാകാം..രാഷ്ട്രീയ കാഴ്ചപ്പാടുകളും, ജാതി മതചിന്തകളും പലപ്പോഴും അലിഞ്ഞില്ലാതാകുന്നത് മരുമകൻറെ ധാർഷ്ട്യത്തിനു മുന്നിലാണ് എന്നത് സത്യമാണ്.സൗന്ദര്യമോ,നിറമോ,വൈകല്യമോ മറ്റെന്തെങ്കിലും നിവൃത്തികേടുകളോ മൂലം കമ്പോള നിലവാരത്തിൽ വില ഇടിഞ്ഞ് പോയ പെൺമനസ്സുകൾ എത്ര ലേലം ചെയ്യപ്പെട്ടിരിക്കുന്നൂ ഇവിടെ??ഇനിയും എത്ര..???കാലം മാറും,കഥമാറില്ല..ചോദിക്കാനും പറയാനും ഉള്ളവർക്ക് ഇവിടെ ഇതാണ് അവസ്ഥ…ആരാലും ചോദ്യം ചെയ്യപ്പെടാനില്ലെന്ന കാരണത്താൽ തരം കിട്ടിയാൽ പെണ്ണിനെ തച്ച് ഊക്ക് കാട്ടുന്ന ആൺ കാടന്മാർ ഇവിടെ സസുഖം വാഴും..വീറോടെ ,,വാശിയോടെ..അവന് അസഭ്യം പറഞ്ഞു തോൽപ്പിക്കാനും,സംശയത്തോടെ വീക്ഷിക്കാനും,ആവശ്യം ഉള്ളപ്പോൾ ഭോഗിക്കാനും,കുഞ്ഞുങ്ങൾക്കും,അവനും,വെച്ച് വേവിക്കാനും,അപൂർവ്വം ചിലപ്പോൾ വരുമാനമാർഗ്ഗത്തിനും,അവൻറെ കുടുംബാംഗങ്ങൾക്ക് കുറ്റം കണ്ടു പിടിക്കാനുമുള്ള ഒരു ഫിക്സഡ് ലയബിലിറ്റി അതാണ് അഭയമില്ലാത്ത പെണ്ണ്…!!എങ്ങോട്ടാണ് ഇവൾ ഇറങ്ങി പോകേണ്ടത്..മക്കളെന്ന മൂന്ന് വാക്കിനു മുന്നിൽ നിസ്സാഹയത എന്ന പണയം സ്ഥിരമായി അടിയറവു വക്കാനല്ലാതെ…എവിടെയാണ് അവൾ സ്വീകരിക്കപ്പെടുക??സ്ത്രീധനം ആരും ആഗ്രഹിച്ചു കൊടുക്കുന്നതല്ല പലപ്പോഴും അത് ആർഭാടം എന്ന പദത്തിന് അടിമയെങ്കിലും ചിലപ്പോൾ എങ്കിലും അത് നിസ്സഹായതയുടെ ഉടമ കൂടിയാണ്..കമ്പോളത്തിൽ ചില വസ്തുക്കൾക്ക് ഓഫർ ഇടുന്നതിന്റെ പിന്നിലെ രഹസ്യം എത്ര പേർ അന്വേഷിച്ചു പോകാറുണ്ട്??പക്ഷെ എല്ലാവരും ഓഫർ ഏറ്റെടുക്കാറില്ലേ???
ലതികാശാലിനി
This post has already been read 12862 times!
Comments are closed.