വളരെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ, അപ്പയെന്ന് വിളിക്കുന്ന എന്റെ അപ്പച്ചിക്ക് കത്തെഴുതുന്നത്. ഈ കത്തുകിട്ടുമ്പോൾ അപ്പയുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല.
കുട്ടിക്കാലത്ത്, കണ്ണെഴുതി പൊട്ടുതൊടീച് പുത്തനുടുപ്പിടീച് അമ്പലങ്ങളിൽ കൊണ്ടുപോയിരുന്നതും വിശക്കുമ്പോൾ മാമൂട്ടിയിരുന്നതും അപ്പയായിരുന്നു. ചുരുക്കത്തിൽ എന്റെ കാര്യങ്ങളെല്ലാം വേണ്ടപോലെ നോക്കിയിരുന്നത് അപ്പയായിരുന്നു. ദൂരെ സ്കൂളിൽ ടീച്ചറായിരുന്ന അമ്മക്ക് എന്നെ വേണ്ടപോലെ ശ്രെദ്ധിക്കാനുള്ള സമയം കിട്ടിയിരുന്നില്ലല്ലോ…. ?
കൊച്ചുമക്കളിൽ, ആൺപിറന്ന മൂത്തയാൾ ഞാനായിരുന്നു. അതിനാൽ തന്നെ അച്ഛൻ വീട്ടിൽ എല്ലാവർക്കും എന്നെ വല്ല്യ കാര്യമായിരുന്നു. ഞാൻ നിലത്തെഴുത്ത് പഠിക്കുന്ന കാലത്തായിരുന്നു അപ്പയുടെ കല്യാണം. അതുകൊണ്ടുതന്നെ ആ ഓർമ്മകളൊന്നും വേരോടെ എന്റെ മനസിലേക്ക് ചേക്കേറിയിരുന്നില്ല. മുതിർന്നവർ പറഞ്ഞ അറിവ് മാത്രമേ എന്റെ മനസ്സിലുള്ളു.
പ്രതാപിയായിരുന്ന അപ്പൂപ്പൻ ആർഭാടമായിട്ടാണ് അപ്പയുടെ കല്യാണം നടത്തിയത്. വീട്ടുമുറ്റത്ത് പന്തലിട്ട് നാലട പ്രഥമനും കൂട്ടിയുള്ള സദ്യയൊരുക്കി കെങ്കേമമായിട്ടായിരുന്നു അപ്പയുടെ കല്യാണം ആഘോഷിച്ചത്. അന്ന് കുടിപ്പള്ളിക്കൂടത്തിൽ പോകാൻ മടിച്ച എന്നെ, നിത്യവും നീളൻ ചൂരൽ വടിയുടെ അകമ്പടിയോടെ കൊണ്ടുപോകാൻ വരാറുള്ള, വെളുത്ത മുടിയുള്ള മെല്ലിച്ച പാറുവമ്മ എന്ന ആശാട്ടിയെ ഇന്നും ഞാൻ ഓർക്കുന്നു.
കല്യാണശേഷം ഉണ്ടായിരുന്ന സർക്കാരുദ്യോഗം വേണ്ടെന്നു വെച്ച് അപ്പ ഭർത്താവിനൊപ്പം ബോംബെക്കുപോയി. അപ്പച്ചിയപ്പൻ അവിടെ ഏതോ വലിയ കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നുവെന്ന് അന്നേ മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.
അഞ്ചു സഹോദരന്മാരുടെ ഏക പെങ്ങളായിരുന്നു എന്റെയപ്പ. അവർക്കഞ്ചുപേർക്കും ജീവനായിരുന്നു അപ്പയെ. ഭർത്താവിനൊപ്പം ബോംബെയിൽ സ്ഥിരതാമസമാക്കിയഅപ്പ എല്ലാ വർഷവും സ്കൂൾ അടപ്പുകാലത്ത് നാട്ടിൽ വരാറുണ്ടായിരുന്നു. ഞങ്ങൾ ഇളമുറക്കാർക്ക് അപ്പയുടെ വരവ് ഉത്സവമായിരുന്നു.
പുതിയ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമായി എത്തുന്ന അപ്പയെ സ്വപ്നം കണ്ട്, സ്കൂൾ അടക്കുന്നതും കാത്തിരിക്കുന്നത് ഞാനും പതിവാക്കിയിരുന്നു. അപ്പ വരുന്നു എന്ന കമ്പി കിട്ടിക്കഴിഞ്ഞാൽ, ആങ്ങളമാർ അഞ്ചും നെട്ടോട്ടമാണ്. വീടൊരുക്കാനും പുതിയ പലഹാരങ്ങൾ ഉണ്ടാക്കാനും ഉള്ള ഞങ്ങളുടെ അമ്മമാരുടെ ഉത്സാഹം പറഞ്ഞറിയിക്കേണ്ടതുതന്നെ. ഏക നാത്തൂന്റെ വല്ലപ്പോഴുമുള്ള വരവല്ലേ !
വർഷത്തിൽ ഒരിക്കൽ മാത്രം അച്ഛൻ വാങ്ങിത്തരാറുള്ള, നടന്നു തേഞ് പുള്ളികൾ വീണ ബാറ്റയുടെ നീല സ്ട്രാപ്പുള്ള സ്ലിപ്പർ ചെരുപ്പ് തലേന്നാൾ രാത്രിയിൽ തന്നെ അഞ്ഞൂറ്റൊന്നു ബാർ സോപ്പും ചകിരിയുമിട്ട് തേച്ചുകഴുകി മിനുക്കി, അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി കഴുകി തേച്ചുവെച്ചിരുന്ന കുപ്പായവും വള്ളി പൊട്ടിയ ട്രൗസറുമിട്ട് അച്ഛന് പിന്നാലെ, നാട്ടുവഴിയിലൂടെ ബോട്ട് ജെട്ടിയിലേക്കുള്ള നടത്തത്തിൽ, പരിചയക്കാരെപ്പോലും കണ്ടഭാവം നടിക്കാതെയുള്ള, പോക്കിലുടനീളം അപ്പയെ കാണുമ്പോഴുള്ള കാര്യവിചാരങ്ങളുടെ ഘോഷയാത്ര മാത്രമായിരുന്നു മനസ്സിൽ……
കായൽ വാരത്തായിരുന്നു അച്ഛൻവീട്. ബോട്ടിറങ്ങിക്കഴിഞ്ഞാൽ പിന്നൊരോട്ടമാണ്. ദൂരേ നിന്നേ കാണാം വീട്ടുമുറ്റത്ത് ഞങ്ങളേയും കാത്തുനിൽക്കുന്ന അപ്പയെ. അച്ഛൻ വീട്ടിൽ നേരത്തെതന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ് വല്യച്ഛന്റെ മക്കളായ എന്റെ ചേച്ചിമാർ. വേലിക്കൽ എത്തുമ്പോഴേക്കും അപ്പ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു മുത്തം തരുമായിരുന്നു. പിന്നെ കുശലങ്ങളും ചോദ്യങ്ങളുമായി അപ്പയുടെ പിന്നാലേ കൂടലായി.
പ്രാതലും കഴിഞ്ഞു അപ്പ കൊണ്ടുവന്നിട്ടുള്ള കളിപ്പാട്ടങ്ങൾക്കായുള്ള ഇളമുറക്കാരുടെ തിക്കിലും തിരക്കിലും പെടാതെ ഒഴിഞ്ഞുമാറി കായലോളങ്ങളിൽ കണ്ണും നട്ട് നിൽക്കുമ്പോൾ, പിന്നാലേ വന്ന് അപ്പയെനിക്ക് കൈ നിറയെ മിഠാ യിയും ലഡുവും തരുമായിരുന്നു. മറ്റാരും കാണരുതെന്ന താക്കീതോടെ ഏറ്റവും പുതിയ കുപ്പായവും. എന്നിട്ട് പറയും, “മോനു മാത്രമേ അപ്പ കുപ്പായം വാങ്ങിയിട്ടുള്ളു. “അപ്പ അതു പറഞ്ഞു തീരും മുമ്പേ കുപ്പായം ഒളിപ്പിക്കാനായി ഞാൻ അകത്തേക്ക് ഓടിയിരിക്കും. കുപ്പായം അമ്മയെ ഏൽപ്പിച് ഒന്നും അറിയാത്തവനെ പോലെ ചേച്ചിമാരുടെ അടുത്തേക്ക്.
ഉച്ചക്ക് എല്ലാരുമൊത്ത് വിഭവ സമൃദ്ദമായ ഉണ്. ഞങ്ങൾ പിള്ളേർ അടുക്കള വരാന്തയിൽ തറയിൽ പായ വിരിച്ചു ചമ്രം പടിഞ്ഞിരുന്ന് സൂചനിലയിൽ വിളമ്പിയ ചോറ് പർപ്പിടവും പരിപ്പും കൂട്ടി അകത്താക്കുമ്പോൾ അപ്പുറത്തെ മുറിയിൽ തീൻ മേശമേൽ വിരിച്ച വിവിധ വർണങ്ങളുള്ള പ്ലാസ്റ്റിക് വിരിക്കു മുകളിൽ വർണ്ണ പാത്രങ്ങളിൽ വിളമ്പിയ വിഭവങ്ങൾ അകത്താക്കുന്നതിനിടയിൽ അപ്പയും സഹോദരങ്ങളും തമ്മിലുള്ള കളിയും ചിരിയും കേൾക്കാം. പെട്ടന്ന് വലുതായെങ്കിൽ എനിക്കും അവരോടൊപ്പം കൂടാമായിരുന്നു എന്ന് ഞാൻ ആശിച്ചിട്ടുണ്ട്.
‘ശങ്കരവിലാസം ‘എന്നായിരുന്നു വീട്ടുപേര്. പണവരമ്പേൽ എന്നും അച്ഛൻ വീടിനെ വിളിക്കുമായിരുന്നു. മറ്റു വീടുകളിൽ കുട്ടികൾ വഴക്കടിക്കുമ്പോൾ, പണ വരമ്പേലെ പിള്ളേരെ കണ്ടു പഠിക്കാൻ മാതാ പിതാക്കൾ ഉപദേശിക്കാറുണ്ടായിരുന്നത്രെ. അത്രക്കും സ്നേഹവും ബഹുമാനവും ആയിരുന്നു ആ സഹോദരങ്ങൾക്ക്…… അതെല്ലാം ഒരു കാലം.
പിന്നീട് എപ്പോഴോ ബന്ധങ്ങളിൽ വിള്ളൽ വീണു. സഹോദരങ്ങൾ അകന്നു. സ്വത്തു തർക്കമായി. അതിനിടെ അപ്പൂപ്പനും അമ്മുമ്മയും മരിച്ചു. അപ്പ പിന്നീട് നാട്ടിലേക്ക് വരാതെയായി. ആ നാളുകളിൽ എനിക്കുണ്ടായ മനോവേദന വളരെ വലുതായിരുന്നു. ബന്ധങ്ങൾ വേർപിരി യുമ്പോഴുണ്ടാകുന്ന വേദന ഹൃദയത്തിനുണ്ടാക്കുന്ന ആഘാതം എത്ര വലുതാണ്. അതെന്നെ മൗനിയാക്കി. ആരോടും പരിഭവിക്കാതെ ഒറ്റപ്പെട്ട മുറിയിൽ വർഷങ്ങളോളം കഴിച്ചുകൂട്ടി. പിന്നീടെപ്പോഴോ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മനസ്സിന്റെ വിങ്ങൽ അക്ഷരങ്ങളായി പത്രത്താളുകളിലേക്ക് ആവാഹിക്കുകയായിരുന്നു.
പാവമായിരുന്നു എന്റെ അച്ഛൻ. സ്വത്തിന്റെ പേരിൽ സഹോദരങ്ങൾ വഴിപിരിഞ്ഞപ്പോൾ നിസ്സഹായനായി നോക്കി നിന്ന അച്ഛന്റെ ദുഃഖം പേറിയ മുഖം ഇന്നും എന്നിൽ നിറഞ്ഞു നിൽക്കുന്നു. ഒന്ന് മുഖം പൊത്തി കരയാൻപോലും കഴിയാതെ ആ സാധു മനുഷ്യൻ കിടക്കയിലേക്ക് വീണു. പാതിരാവോടടുത്തപ്പോൾ അച്ഛന്റെ മുറിയിൽ നിന്നും നേരിയ തേങ്ങൽ കേൾക്കാമായിരുന്നു.
അച്ഛനെ കുറിച്ചോർത്തപ്പോൾ വാസുവിന്റെ കണ്ണുകൾ നിറഞ്ഞുപോയി. മൂന്ന് പെണ്മക്കളായിരുന്നു അപ്പക്ക്. അവരും വിവാഹിതരായി, ബോംബയിൽ സ്ഥിരതാമസമാക്കി. കുട്ടിക്കാലത്തു മാത്രം കണ്ടിട്ടുള്ള, കൊലുന്നനെയുള്ള അവരെക്കുറിച്ചുള്ള ഓർമ്മകൾ വാസുവിന്റെ മനസ്സിന്റെ പിന്നാമ്പുറത്തൂടെ കടന്നുപോയി. ഇനിയിപ്പോൾ എവിടെയെങ്കിലും വെച്ച് കണ്ടാൽ കൂടി അറിയാൻ കഴിയാത്തത്ര രൂപത്തിൽ മാറിയിട്ടുണ്ടാകും അവർ. വയസ്സായ അപ്പക്ക് സുഖമായിരിക്കുമോ എന്തോ…. ?
പലതവണ അപ്പയെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ, അന്നൊന്നും അത് സാധിച്ചില്ല. പിന്നീട് ജീവിതമാർഗ്ഗം തേടിയുള്ള നെട്ടോട്ടത്തിനിടയിൽ അപ്പയെ കുറിച്ചോർക്കാൻ തന്നെ സമയം കിട്ടാതെയായി.ജോലി തിരക്കിനിടയിൽ സ്വകാര്യതക്ക് സ്ഥാനമില്ലല്ലോ ?,മറന്നുപോയി എന്നു പറയുന്നതാവും ശരി.
ഇന്നിപ്പോൾ ഇവിടെ ഈ, മണലാരണ്യത്തിൽ കൊടും ചൂടും തണുപ്പുമേറ്റ് കുടുംബം പുലർത്താൻ മല്ലടിക്കുമ്പോൾ, അല്പനേരം ബന്ധങ്ങളെ കുറിച്ചോർത്തുപോയി, ചിന്തകൾക്ക് ചിറക് വച്ച് ആയിരം കാതമകലത്തേക്ക് പറക്കുകയായിരുന്നു………
സാർ…., പിന്നാമ്പുറത്തു നിന്നുള്ള വിളികേട്ട് ഈറനണിഞ്ഞ മിഴികളുയർത്തി വാസു തിരിഞ്ഞു നോക്കി. ചായയോ…. കാപ്പിയോ….. ?തന്റെ ഇഷ്ടം അറിയാൻ കാത്തു നിൽക്കുന്ന റ്റീ ബോയിയോട് ചായക്ക് ഓർഡർ നൽകി. ജീവിതം പടുത്തുയർത്താൻ മണലാരണ്യത്തിൽ വന്നുപെട്ട നാളുകളറിയാതെ, ഈറൻ വീണ് പടർന്ന മഷി തുണ്ടുകളിലൂടെ വാസു വീണ്ടും അപ്പയെ കുറിച്ചെഴുതി തുടങ്ങി……..
This post has already been read 1492 times!
Comments are closed.