
ആർത്തി
ഇരുട്ടുന്നതിന് മുമ്പ് തുണികൾ അലക്കിവരണം. അമ്മുക്കുട്ടി തൊട്ടിലിൽ ഉറങ്ങുകയാണ് .ഇപ്പോൾ പോയാൽ ….. വേണ്ട അവൾ ഇടക്കെങ്ങാനും ഉണർന്നാൽ തന്നെ കാണാതെ പേടിച്ച് കരയും.
അവളുണരട്ടെ.
ചെറിയ പണികൾ തീർക്കാനുണ്ട് വിറകൊക്കെ പെറുക്കി വക്കണം. ഇന്നലത്തെ കാറ്റിൽ റബ്ബർ തോട്ടിത്തിൽ നിന്ന് കിട്ടിയതാണ്. സുലോജനും സുഹറയും എത്തുന്നതിന് മുമ്പേ പോയതു കൊണ്ട് കുറച്ചധികം കിട്ടി.
മഴക്കാലത്താണ് കഷ്ടം ഇപ്പോ കരിയിലയും ഓലയും വച്ച് കത്തിക്കാം അടുപ്പ് പുറത്താണ്. വിറകെടുത്തു വച്ചു ഉള്ള മുറ്റം അടിച്ചുവാരി വന്നിട്ട് വിളക്ക് കൊളുത്തിയാൽ മതി. അതെല്ലാം ചെയ്ത് തീർത്തപ്പോഴേക്കും അമ്മുക്കുട്ടി ഉണർന്നു.കാച്ചി വച്ച പാലെടുത്ത് അവൾക്ക് കുടിക്കാൻ കൊടുത്തു.ഉറക്കച്ചടവിൽ അവളത് കുടിച്ച് തീർത്തു.
അമ്മുക്കുട്ടിയേയും അലക്കാനുള്ള തുണികളും എടുത്ത് കുളകടവിലേക്ക് നടന്നു.
കടവത്തിരുത്തി കുളത്തിന്റെ പടി കെട്ടിൽ ഇറങ്ങി നിന്നു. തുണികൾ നനച്ച് വച്ച് ഓരോന്ന് എടുത്ത് അലക്കി തുടങ്ങി.
ഇടക്ക് അമ്മുക്കുട്ടിയോട് സംസാരിച്ചു.
ഉറക്കച്ചടവ് മാറി കുളക്കടവിലെത്തിയ അവൾ ഉഷാറായി.
കുളത്തിലെ ചെറുമീനുകൾ വെള്ളത്തിന് മുകളിൽ വന്ന് അമ്മുക്കുട്ടിയോട് കിന്നാരം പറഞ്ഞു .
അവർ തമ്മിൽ സംസാരിച്ചു അവർക്ക് മാത്രം അറിയാവുന്ന ഭക്ഷയിൽ.ഈയിടക്ക് മീൻപിടുത്തതിന് കുറച്ച് നിയന്ത്രണം ഉണ്ട് അതിന് ശേഷമാണ് മീനുകളെ കാണാൻ തുടങ്ങിയത്.
അലക്കൽ തുടർന്നുകൊണ്ടിരുന്നു പെട്ടെന്നാണ് കളിച്ച് കൊണ്ടിരുന്ന അമ്മുക്കുട്ടി കുളത്തിലേക്ക് വീണത്.
“അമ്മുക്കുട്ടി …..” എത്തിച്ച് പിടിക്കാൻ ശ്രമിച്ചു കിട്ടിയില്ല അവൾ ആഴങ്ങളിലേക്ക് പോയി.
ആർത്തലച്ച് നിലവിളിച്ചു “അമ്മുക്കുട്ടീ ….. അമ്മുക്കുട്ടീ ….. ആരെങ്കിലും ഓടി വരണേ”
നീന്താൻ അറിയില്ല ആഴമുള്ള കുളമാണ്. സകല ദൈവങ്ങളേയും വിളിച്ച് കരഞ്ഞു. ആരും കേൾക്കുന്നില്ല .
കരയിൽ കയറി ഉറക്കെ വിളിച്ചു ഇല്ല ആരും കേട്ടിട്ടില്ല.
അമ്മുക്കുട്ടിയില്ലാതെ തനിക്ക് ജീവിക്കേണ്ട കുളത്തിലേക്ക് ചാടുക തന്നെ. അവൾ ചാടാനൊരുങ്ങി.
പെട്ടെന്നാണ് കുളത്തിലെ വെള്ളം തിരമാല കണക്കെ ഉയർന്ന് വന്നത്
“എന്റെ ദൈവമേ ” അവൾ ഭയന്ന് പിന്മാറി.
എന്താണ് കാണുന്നത് തന്റെ കണ്ണുകളെ വിശ്വാസിക്കാനാവുന്നില്ല, സ്വപ്നമോ യാഥാർത്ഥ്യമോ.
ഒരു വലിയ മത്സ്യം അമ്മുക്കുട്ടിയെ വെള്ളത്തിൽ നിന്ന് ഉയർത്തി കൊണ്ടുവന്നു. ആ മത്സ്യം അവളെ അമ്മയുടെ കൈകളിൽ ഏല്പിച്ചു.
കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേർത്ത് തുരുതുരെ ഉമ്മവച്ചു.ആ മത്സ്യം എവിടെ അവൾ നോക്കി ഇല്ല കാണുന്നില്ല അത് ആഴങ്ങളിലേക്ക് പോയിരിക്കുന്നു.
അതാ ആളുകൾ ഓടി വരുന്നു അവർ അരുകിലെത്തി ചോദിച്ചു “എന്താ എന്തു പറ്റി ”
അവിടെ നടന്ന സംഭവങ്ങൾ അവൾ പറഞ്ഞു. ചിലർ വിശ്വസിച്ചു, ചിലർ അവിശ്വസിച്ചു. ചിലർ എന്തോ കണക്ക് കൂട്ടി.
ഇനി അലക്കുന്നില്ല തുണിയെല്ലാം വാരിയെടുത്ത് അമ്മുക്കുട്ടിയുമായി അവരോടൊപ്പം അവളും പോയി. ഇടക്ക് തിരിഞ്ഞ് നോക്കി ഇല്ല അവിടെയില്ല.
യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വരാൻ അവൾക്കായില്ല.
ദിവസങ്ങൾ കഴിഞ്ഞു അവിടെ നടന്ന കാര്യങ്ങൾ എല്ലാവരും മറന്നു. അല്ലെങ്കിൽ മറക്കേണ്ടി വന്നു.
കുട്ടികൾ അവിടെയെല്ലാം ഓടിക്കളിച്ച് നടന്നു.
മറ്റൊരു ദിവസം വീണ്ടും അവിടെയൊരു അപകടം നടന്നു .അന്ന് വേറൊരു കുട്ടി കുളത്തിൽ വീണു. കുഞ്ഞിനോടൊപ്പം അമ്മയും വെള്ളത്തിൽ ചാടി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു.
ഇല്ല ആ അമ്മയ്ക്കതിനായില്ല തളർന്ന് കരക്ക് കയറി.
അമ്മുക്കുട്ടിയെ രക്ഷിച്ച മീൻ തന്റെ കുഞ്ഞിനേയും രക്ഷിക്കുമെന്നവൾ വിശ്വസിച്ചു.പ്രാർത്ഥിച്ചു.
മീൻ വന്നില്ല
തന്റെ കുഞ്ഞിനെ കാണാനില്ല, ആളുകൾ അറിഞ്ഞു അവർ ഓടിയെത്തി വെള്ളത്തിലേക്ക് എടുത്തുചാടി.
ആഴങ്ങളിൽ മുങ്ങി തപ്പി .ഒടുവിൽ ചേതനയറ്റ ആ കുഞ്ഞിന്റെ ശരീരം ഒരാളുടെ കയ്യിൽ തടഞ്ഞു.
ആ കുഞ്ഞു ശരീരവുമായി അയാൾ കരയിലേക്ക് കയറി. ആ സമയം ആ കുഞ്ഞിന്റെ അച്ഛനും അവിടെയെത്തിയിരുന്നു.
ആ ശരീരം വാങ്ങിയവൾ പൊട്ടിക്കരഞ്ഞു.
ചടങ്ങുകൾ കഴിഞ്ഞു.എന്നിട്ടും കൂടി നിൽക്കുന്നവർ പറഞ്ഞു അമ്മുക്കുട്ടിയുടെ അമ്മ പറഞ്ഞത് നുണയാണ് പെരുംനുണ. ഇന്നേ വരെ ആരും കേട്ടിട്ടില്ലാത്തനുണ.
തന്റെ കുഞ്ഞ് നഷ്ടപ്പെട്ട ഈ അവസരത്തിലും അയാൾക്കത് പറയാതിരിക്കാനായില്ല” നുണയല്ല മീനുണ്ടായിരുന്നു ” ” ഉണ്ടായിരുന്നോ ” ആളുകൾ ചോദിച്ചു ‘
“ഉണ്ടായിരുന്നു ” അയാൾ പറഞ്ഞു.
“എന്നിട്ടെവിടെ ” മറു ചോദ്യം.
” ആരും അറിയാതെ ആ മീനിനെ ഞാനും എന്റെ ആളുകളും കൂടി പിടിച്ച് തിന്നു”.
“എന്തിനാണ് ആർത്തി പിടിച്ച് നിങ്ങളീ ദുഷ്ടത്തരം ചെയ്തത് ” അവൾ അലമുറയിട്ട് കരഞ്ഞ് ഇരു കൈകൾ കൊണ്ട് അയാളെ അടിച്ചു.
“നാം ചെയ്യുന്ന പാപം നാം തന്നെ അനുഭവിച്ചേ മതിയാവൂ” ആളുകൾ പിരിഞ്ഞ് പോകുന്നതിനിടയിൽ ആരോ പറഞ്ഞു .
ദൃശ്യദാസ് 🏹
This post has already been read 26375 times!
Comments are closed.