
മാർച്ച് 14
മഹാനായ മനുഷ്യസ്നേഹി,
കാറൽ മാർക്സ്
(1818 – 1883)
സ്മരണ.
“സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം..”
മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്ത തത്ത്വചിന്തകനും ചരിത്രകാരനും, രാഷ്ട്രീയസാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ സൈദ്ധാന്തികനുമാണ് കാൾ ഹെൻറിച്ച് മാർക്സ്.
ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദനായും കവിയായും മാർക്സ് അറിയപ്പെടുന്നു.
സമൂഹത്തിന്റെ അടിസ്ഥാനശിലയായി തൊഴിലാളിവർഗ്ഗത്തെ കാണുകയും അവരോട് സംഘടിക്കാൻ ആഹ്വാനം ചെയ്യുകയും വഴി ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആധാരമായ തത്ത്വചിന്താ പദ്ധതിയായ ശാസ്ത്രീയ സോഷ്യലിസത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഭാവിയിൽ മനുഷ്യസമൂഹം എന്തെല്ലാം മാറ്റങ്ങൾക്ക് വിധേയമാവാൻ പോകുന്നു എന്ന് മാർക്സ് പ്രവചിക്കുകയും, തന്റെ നിരീക്ഷണങ്ങളെ യുക്തിപൂർവം സമർത്ഥിക്കുകയും ചെയ്തു.
മാർക്സിന്റെ സാമൂഹ്യ, സാമ്പത്തിക ആശയങ്ങളെ പൊതുവേ ‘മാർക്സിസം’ എന്നു വിളിക്കുന്നു. ചൂഷകവർഗ്ഗവും ചൂഷിതവർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാൾ മാർക്സ് നിരീക്ഷിച്ചു.
19-ാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായിരുന്ന ക്ലാസ്സിക്കൽ ജർമൻ തത്ത്വചിന്ത, ക്ലാസ്സിക്കൽ ഇംഗ്ലീഷ് രാഷ്ട്രീയ സമ്പദ് ശാസ്ത്രം, ഫ്രഞ്ച് സോഷ്യലിസം എന്നീ സുപ്രധാന ആശയധാരകൾ സ്വാംശീകരിച്ചും അവയിലെ ചില അംശങ്ങളോടു വിയോജിച്ചുമാണ് മാർക്സ് തന്റെ തത്ത്വശാസ്ത്രം രൂപപ്പെടുത്തിയത്.
പഴയ യൂറോപ്യൻ രാജ്യമായിരുന്ന പ്രഷ്യയിലായിരുന്നു ജനനം.
1835-ൽ തത്വശാസ്ത്രവും, സാഹിത്യവും പഠിക്കുന്നതിനായി ബോൺ സർവ്വകലാശാലയിൽ ചേർന്നു. ജർമ്മൻ തത്ത്വചിന്തകനായ ഹേഗലിന്റെ ആശയങ്ങളോട് വിമർശനബുദ്ധിയോടെയാണെങ്കിലും മാർക്സ് ആകൃഷ്ടനായി. ഹേഗലിന്റെ പുരോഗമന ആശയങ്ങൾ അക്കാലത്ത് യൂറോപ്പിലാകമാനം ചർച്ച ചെയ്യപ്പെട്ടിരുന്നു. മാർക്സ് ഹെഗേലിയൻ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന ‘യങ് ഹെഗേലിയൻസ്’ എന്ന രാഷ്ട്രീയ സംഘടയിൽ ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി.
1841-ൽ പുരാതന ഗ്രീക്ക് ചിന്തകരായ ഡെമോക്രിറ്റസിന്റെയും എപ്പിക്യൂറസിന്റെയും തത്വചിന്താ സമ്പ്രദായത്തെക്കുറിച്ചുള്ള പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടി.
1842-ൽ അദ്ദേഹം കൊളോണിലേക്കു പോയി, അവിടെ ‘റൈനിഷെ സൈറ്റുങ്’ എന്ന പത്രസ്ഥാപനത്തിൽ ചേർന്നു. ഇവിടെ വെച്ച് രാഷ്ട്രീയ ആശയങ്ങൾക്ക് സ്വന്തം നിലയിൽ വ്യാഖ്യാനങ്ങൾ നൽകാൻ തുടങ്ങി. യൂറോപ്യൻ സർക്കാരുകളുടെ പിന്തിരിപ്പൻ നയങ്ങളെ മാർക്സ് വളരെ നിശിതമായി വിമർശിച്ചു.
1843 ൽ പ്രഷ്യൻ സർക്കാർ ഈ പത്രം നിരോധിച്ചു.
1843 ൽ പ്രസിദ്ധീകരിച്ച ‘ഓൺ ദ ജൂയിഷ് ക്വസ്റ്റ്യൻ’ എന്ന പുസ്തകത്തിൽ, രാഷ്ട്രീയത്തേയും മനുഷ്യന്റെ വിമോചനത്തെക്കുറിച്ചും വളരെ വ്യക്തമായി താരതമ്യ പഠനം നടത്തി.
1844-ൽ മാർക്സ് പാരീസിൽ നിന്നും ഒരിയ്ക്കൽ മാത്രം പുറത്തിറക്കിയ “ഫ്രാങ്കോ ജർമ്മൻ ആനൽസ്” എന്ന വിപ്ലവ മാസികയിൽ രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തെപ്പറ്റി എഴുതിയ ലേഖനത്തിലൂടെ ഏംഗൽസുമായി പരിചയപ്പെട്ടു. ഇത് ചരിത്രപരമായ ഒരു ദൗത്യവും ഇരുവരും തമ്മിലുള്ള ഒരു സൗഹൃദവുമായി വളരുകയും ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമാവുകയും ചെയ്തു.
1845-ൽ പ്രഷ്യൻ സർക്കാരിന്റെ നിർബന്ധപ്രകാരം പാരീസിൽ നിന്നും മാർക്സിനെ പുറത്താക്കി.
1845 മുതൽ 1848 വരെയുള്ള കാലഘട്ടത്തിൽ മാർക്സും ഏംഗൽസ്സും ബൽജിയത്തിലെ ബ്രസ്സൽസ്സിൽ ജർമ്മൻ ‘കമ്മ്യൂണിസ്റ്റ് ലീഗ്’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിലേർപ്പെട്ടു. നേരത്തേ തന്നെ പ്രവർത്തനം അവസാനിപ്പിച്ച ‘ലീഗ് ഓഫ് ജസ്റ്റ്’ എന്ന സംഘടനയുടെ ഒരു പിന്തുടർച്ച എന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് ലീഗ് ഉദയം ചെയ്തത്.
ഈ സംഘടനാ പ്രവർത്തനത്തോടൊപ്പം തന്നെ ഇരുവരും കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ അടങ്ങുന്ന ഒരു ലഘുലേഖ തയ്യാറാക്കാൻ തുടങ്ങി. ഇതാണ് പിൽക്കാലത്ത് നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളേയും, രാഷ്ട്രങ്ങളേയും നയിച്ച 1848-ൽ പുറത്തിറങ്ങിയ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ എന്ന ചരിത്രപ്രസിദ്ധമായ പുസ്തകം.
1849-ൽ നടന്ന വിപ്ലവ മുന്നേറ്റവുമായി ബന്ധപ്പെട്ട് മാർക്സിന് പ്രഷ്യൻ പൗരത്വം നഷ്ടപ്പെടുകയും, രാജ്യം വിടേണ്ടിയും വന്നു. വീണ്ടും പാരിസിലെത്തുകയും അവിടെയുണ്ടായ തൊഴിലാളി പ്രകടനത്തെ തുടർന്ന് ബഹിഷ്കൃതനാവുകയും ചെയ്തു. പിന്നീട് ജീവിതാന്ത്യം വരെ ലണ്ടനിലാണ് കഴിഞ്ഞത്.
1857-ൽ മൂലധനം, കൂലിവേല, ഭരണകൂടം, സ്വത്ത്, വിദേശ വ്യപാരം, ലോകകമ്പോളം എന്നിവയെപ്പറ്റി ഒരു കയ്യെഴുത്തുപ്രതി തയ്യാറാക്കി. ‘ദ ഗ്രൻഡ്റിസ്’ അല്ലെങ്കിൽ ‘ദ ഔട്ട്ലൈൻസ്’ എന്നറിയപ്പെടുന്ന ഈ കൃതി പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ മരണശേഷമാണ്.
1864-ൽ ലോകവിപ്ലവം സാക്ഷാത്കരിക്കാൻ ലണ്ടനിൽ ‘ഇന്റർനാഷ്ണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ’ അഥവാ ‘ഇന്റർനാഷ്ണൽ’ രൂപീകരിച്ചു. ഇതാണ് ഒന്നാം ഇന്റർനാഷ്ണൽ. ഇക്കാലത്തു നടന്ന പ്രധാന കമ്യൂണിസ്റ്റ് മുന്നേറ്റമാണ് പാരീസ് നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ‘പാരീസ് കമ്യൂൺ’.
1867-ൽ തൊഴിലാളി വർഗ്ഗത്തിന്റെ ബൈബിൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന, ബൂർഷ്വാസിയുടെ ശിരസിനുനേരെ തൊടുത്തുവിട്ട ഏറ്റവും മാരകമായ വെടിയുണ്ടയായി കണക്കാക്കപ്പെടുന്ന ബൃഹദ് ഗ്രന്ഥം മൂലധനം (ദാസ് ക്യാപിറ്റൽ) ഒന്നാം ഭാഗം പുറത്തിറക്കി. മാർക്സിന്റെ മരണശേഷം എംഗൽസ് രണ്ടും (1885) മൂന്നും (1894) ഭാഗങ്ങൾ പുറത്തിറക്കി.
ലേഖന സമാഹാരമായ ഫിലോസിഫിക്കൽ മാനുസ്ക്രിപ്റ്റ്സ്, ജർമൻ ഐഡിയോളജി, തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്നിവയാണ് പ്രധാനപ്പെട്ട മറ്റു കൃതികൾ.
This post has already been read 2242 times!


Comments are closed.