അവർ തീൻമേശയിൽ
ഒന്നിച്ചിരുപ്പാണ്
ഒരു കോടി രൂപ കോഴ വാങ്ങിയ മന്ത്രിക്ക്
അഞ്ചു കോടിരൂപയുടെ സര്‍ക്കാര്‍വക സ്മാരകം!. കോഴയ്ക്കെതിരെ നിയമസഭ പൊളിച്ചു പ്രതിഷേധിച്ചവര്‍ക്കു നിയമ സഹായം. മന്ത്രിപദവി!
രണ്ടു കൂട്ടര്‍ക്കും അന്വേഷണം നേരിടാതെ ജനങ്ങള്‍ക്കു മുന്നില്‍ ആദരണീയരായി തുടരണം. രണ്ടു കൂട്ടരും അന്യോന്യും കയ്യേറിയില്ല. വെറുത്തില്ല. കണ്ടുമുട്ടിയ നേരത്തെല്ലാം ആശ്ലേഷിച്ചു. അന്യോന്യം തലോടി. മുറിവുണക്കാന്‍ ഒപ്പം നിന്നു.
നഷ്ടപ്പെട്ടത് ജനങ്ങള്‍ക്കാണ്. പൊതു മുതലാണ് നശിപ്പിക്കപ്പെട്ടത്. എല്ലായ്പ്പോഴും കൊള്ളയടിക്കപ്പെട്ടത്. പരാതിയും പ്രതിഷേധവും സമരവുമെല്ലാം വെറും കെട്ടുകാഴ്ച്ചകള്‍. ജനങ്ങളെ കബളിപ്പിക്കുന്ന കണ്‍കെട്ടുകള്‍. നിയമസഭ ആരും തല്ലിത്തകര്‍ത്തില്ല. സിംഹാസനമോ കമ്പ്യൂട്ടറോ മൈക്കോ എടുത്തെറിഞ്ഞില്ല. ക്യാമറകളും മാധ്യമങ്ങളും നുണ പറയുകയാണ്. സംശയമുണ്ടെങ്കില്‍ കെ എം മാണിയുടെ മകനോടു ചോദിക്കൂ. അല്ലെങ്കില്‍ മാണിയുടെ പാര്‍ട്ടിയോട്.
അവര്‍ തീന്‍മേശയില്‍ ഒന്നിച്ചിരിപ്പാണ്.
അവര്‍ക്കിടയില്‍ എന്തൊരു സമവായം! ഐക്യപ്പെടലിന്റെ ഉദാത്ത മാതൃക! ആര്‍ക്കുണ്ട് അസ്വാസ്ഥ്യം? മാണി കോഴ വാങ്ങിയാലെന്ത്? വാങ്ങിയില്ലെങ്കിലെന്ത്? അഴിമതിക്കാര്‍ക്കും അക്രമികള്‍ക്കും ഒരേ കാബിനറ്റോയെന്ന് ശങ്കിച്ചു നോക്കൂ. അപ്പോള്‍ കാണാം ഈ വിനീതരുടെ ശൗര്യം! അന്യോന്യം തുണയ്ക്കുന്ന ധര്‍മ്മനീതി!
ഏതാണ് കുറ്റം? ആരാണ് കുറ്റവാളി?
മാണിയുടെ മക്കള്‍ക്കും പാര്‍ട്ടിയ്ക്കും ബന്ധുക്കള്‍ക്കും അഞ്ചു കോടി മതി. അധികാരം മതി. മാണിക്കും അതൊക്കെ മതിയായിരുന്നു. ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ നേതൃമുഖവും അങ്ങനെത്തന്നെ. അധികാരമേ വേണ്ടൂ. അതിനു ചെയ്യുന്നതെന്തും ന്യായം. കൊടിസുനിമാരും ക്വട്ടേഷന്‍ അക്രമി വീരന്മാരും ഏതു കുപ്പായമിട്ടുമെത്തും. കേരള കാളിദാസനാര് എന്നു ചോദിക്കുന്ന ലാഘവത്തോടെ. നിയമസഭയിലെ കൊടിസുനിയാര് എന്നു പരീക്ഷകളില്‍ ചോദ്യം വരാം. ആ പേരില്‍ പുരസ്കാരങ്ങളുണ്ടാവും. കാലശേഷം സ്മാരകമുയരും.
കോഴയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും പൊതുസമ്മതം നേടിക്കൊടുക്കുന്ന അധികാര വ്യവഹാരങ്ങളുടെ അശ്ലീല മുഖമാണ് നാം കാണുന്നത്. ഇന്നലെ സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് തുറന്നു കാണിച്ചത് അതാണ്. പക്ഷേ നാണമറിയാത്ത ന്യായവാദങ്ങള്‍ നിലയ്ക്കാനിടയില്ല. തിന്മകളുടെ സാമാന്യവത്ക്കരണമാണ് അവരുടെ ലക്ഷ്യം. അവര്‍ക്കൊപ്പം ഇരമ്പിയെത്താനാണല്ലോ കേരളത്തിന് യുവശക്തി! അതു ന്യായീകരിക്കാനാണല്ലോ ബുദ്ധിശക്തി!
അതുകൊണ്ട് നാമാരും ഇനി കോഴകള്‍ വേണ്ടെന്നു വെയ്ക്കില്ല. അതു കഴിവായി കണക്കാക്കും. ക്രിമിനലുകളെ വെറുക്കില്ല. അവരെ ആദരിക്കും. അവര്‍ക്കു ലൈക്കുകളുടെ കൂമ്പാരം നല്‍കും. നന്മയെന്നത്, ധര്‍മ്മമെന്നത്, നീതിയെന്നത് കഴിവുകെട്ടവരുടെ പാഴ് വാക്കെന്ന് പുതുതലമുറ പഠിച്ചു വെയ്ക്കും. അധികാരം അതിന്റെ ബോധത്തിലേക്ക് കേരളത്തെ പരുവപ്പെടുത്തുന്നു. അതിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു.
അതിനാല്‍ നമ്മുടെ നേതാക്കള്‍ക്ക് സല്യൂട്ട് നല്‍കുവിന്‍. അവര്‍ ചെയ്യുന്നത് ധര്‍മ്മം! പറയുന്നത് നീതി! ഇതു പുതിയ കേരളം. ഈ നവകേരളം സൃഷ്ടിച്ച മഹാന്മാരുടെ പേരുകള്‍ കുട്ടികള്‍ പഠിക്കട്ടെ. അവരുടെ ജീവചരിത്രവും വാഴ്ത്തുപാട്ടുകളും വേഗമാവട്ടെ!
ആസാദ്
This post has already been read 7507 times!
Comments are closed.