മദ്യത്തിന് നികുതി നല്‍കിയതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് വാദം; കല്ലേറില്‍ കണ്ടക്ടര്‍ക്ക് പരിക്ക്
ടിക്കറ്റ് എടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇറക്കിവിട്ട മദ്യപൻ കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞു. ആക്രമണത്തിൽ ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റു. കോഴിക്കോട്-പാല റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടർ സന്തോഷിനാണ് കല്ലേറിൽ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണി ദേശീയപാതയിലാണ് സംഭവം.
പുത്തനത്താണിയിൽനിന്ന് മദ്യലഹരിയിലാണ് യാത്രക്കാരൻ ബസിൽ കയറിയത്. കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ടിക്കറ്റെടുക്കാൻ തയ്യാറായില്ല.
താൻ മദ്യപിച്ചപ്പോൾ വലിയൊരു തുക സർക്കാരിന് നികുതിയായി നൽകിയിട്ടുണ്ടെന്നും അതിനാൽ ടിക്കറ്റെടുക്കില്ലെന്നുമായിരുന്നു വാദം. തുടർന്ന് ഏതാനും മീറ്ററുകൾക്കപ്പുറം ബസ് നിർത്തി കണ്ടക്ടറും മറ്റുയാത്രക്കാരും ചേർന്ന് ഇയാളെ ഇറക്കിവിട്ടു. ഇതിനു പിന്നാലെയാണ് ഇയാൾ ബസിന്റെ പിന്നിൽനിന്ന് കല്ലെറിഞ്ഞത്.
കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ല് തകർന്നു. ചില്ല് തുളച്ചുവന്ന കല്ല് കൊണ്ട് പിന്നിലുണ്ടായിരുന്ന കണ്ടക്ടർ സന്തോഷിന് മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വായ്ക്കുള്ളിൽ പത്തിലധികം തുന്നലുകളുണ്ട്. ആക്രമണം നടന്നതിന് പിന്നാലെ ബസിലെ മറ്റു യാത്രക്കാർ അക്രമിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ റോഡിൽനിന്ന് ഓടി മറയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
This post has already been read 1295 times!
Comments are closed.