ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മെഡ്‌സിറ്റി; ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി പ്രഖ്യാപിച്ചു
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് മാരത്തണിന്റെ ഔദ്യോഗിക മെഡിക്കല്‍ ഡയറക്ടര്‍
കൊച്ചി: ക്ലിയോനെറ്റ് ഈവന്റ്‌സ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. മേയ് 1-ന് നടക്കുന്ന മാരത്തണിന്റെ ഔദ്യോഗിക മെഡിക്കല്‍ ഡയറക്ടറായി ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിനെ നിയോഗിച്ചു.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കാനാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് തമിഴ്‌നാട് വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കൊച്ചി നഗരത്തിന്റെ ആരോഗ്യ സൂചിക ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരമാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാരത്തണ്‍ സുരക്ഷിതമാക്കുന്നതിന് ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ ബേസ് ക്യാമ്പും കടന്നുപോകുന്ന തന്ത്രപ്രധാന പ്രദേശങ്ങളില്‍ സബ്-മെഡിക്കല്‍ സ്റ്റേഷനുകളും സജ്ജീകരിക്കാനായി സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സുമായി ചേര്‍ന്ന് വിശദമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി. ആരോഗ്യകരമായ കേരളം കെട്ടിപ്പടുക്കുന്നതിന് പൊതുജനങ്ങള്‍ വലിയതോതില്‍ മാരത്തണില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ മെഡിക്കല്‍ പങ്കാളിയായി ആസ്റ്റര്‍ മെഡ്‌സിറ്റി എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്‌പോര്‍ട്‌സ് ഭാരവാഹികളായ ശബരി നായര്‍, ബൈജു പോള്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു. ഓട്ടക്കാര്‍ക്ക് പരിക്കുകള്‍ ഏല്‍ക്കാതെ മറ്റ് തടസങ്ങള്‍ ഏതുമില്ലാതെ മാരത്തണിന്റെ സുഗമമായ നടത്തിപ്പിന് മെഡിക്കല്‍ പങ്കാളി അനിവാര്യമായ ഘടകമാണ്. ഇതിന് ആസ്റ്റര്‍ പോലുള്ള പ്രമുഖ ബ്രാന്‍ഡിനെ തന്നെ ലഭിച്ചത് വലിയ സൗഭാഗ്യമായി കരുതുന്നുവെന്നും അവര്‍ വ്യക്തമാക്കി. ആസ്റ്ററിന്റെ സാന്നിധ്യം ഓട്ടക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സഹകരണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കിമി റണ്‍ എന്നിവ വിജയകരമായി ഫിനിഷ് ചെയ്യുന്ന ഓരോ ഓട്ടക്കാരന്റെയും പേരില്‍ കുട്ടികളുടെ ഗുരുതര ശസ്ത്രക്രിയകള്‍ക്കായി ഒരു ഫണ്ട് സംഭാവന ചെയ്യാന്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം അര്‍ഥവത്തായ ഉദ്യമങ്ങള്‍ നല്ല ലക്ഷ്യത്തിന്റെ ഭാഗമാകുന്നുവെന്ന സംതൃപ്തി മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്നതോടൊപ്പം ബ്രാന്‍ഡുകള്‍ക്ക് ഇത്തരം മാരത്തണുകളുമായി സഹകരിക്കുന്നതിന് പ്രചോദനമാകുകയും ചെയ്യും. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.kochimarathon.in സന്ദര്‍ശിക്കുക.
This post has already been read 1094 times!
Comments are closed.