ഇനിയീ പ്രണയമൊഴികൾ
……………………………..
ഇനി,
എന്റെയീ ശരീരത്തെ
നീ പ്രണയിക്കേണ്ടതില്ല.
കാരണം,
അതു വാർദ്ധക്യത്തെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
ഇനിയീ മനസ്സിനെ
നീ പ്രണയിക്കേണ്ടതില്ല.
കാരണം,
അത് അനന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
ഇനിയെന്റെ ഓർമ്മകളെ
നീ പ്രണയിക്കേണ്ടതില്ല.
കാരണം,
വിലപ്പെട്ടൊരോർമ്മയും
നിനക്കു ഞാൻ തന്നിരുന്നില്ല.
ഇനിയീ അധരങ്ങളിൽ
പ്രണയ ചുംബനങ്ങൾ വേണ്ട.
കാരണം,
തുടരെ വിതുമ്പി മരവിച്ചിരിക്കുന്നു അവ.
ഇനി തീക്ഷ്ണമാം കാന്തിക –
കടാക്ഷങ്ങൾ വേണ്ട.
കാരണം
മിഴിനീരുണങ്ങാൻ സ്മൃതികൾ അനുവദിക്കുന്നില്ല.
ഇനിയൊരു പ്രണയ-
മധുരവും നുണയേണ്ടതില്ല.
കാരണം, ജീവിത കയർപ്പിനാൽ
മടുത്തിരിക്കുന്നു രസമുകുളങ്ങൾ .
ഇനി പ്രണയ സ്വപ്നങ്ങൾ കാണേണ്ടതില്ല
കാരണം,
നിദ്രകൾ നിശ്ശൂന്യങ്ങളായിരിക്കുന്നു.
ഇനി പ്രണയ നിലാമഴകൾ നനയേണ്ടതില്ല.
കാരണം,
പലപ്പോഴും അവ നിരാശയോടെ
എന്റെയാകാശം വിട്ടു പോയിരിക്കുന്നു.
ഇനി പ്രണയോപഹാരങ്ങളാവശ്യമില്ല.
കാരണം,
നിന്റെ പ്രണയോപഹാരമൊന്നും എനിക്കുള്ളതായിരുന്നില്ല.
ഇനിയൊരു ജന്മത്തിൽ പ്രണയത്തിന്റെ കടം വീട്ടാമെന്നും പറയരുത്.
കാരണം,
ഇനിയുള്ള ജന്മങ്ങളും
പോയ ജന്മങ്ങളുടെ ചില
ആവർത്തനങ്ങൾ തന്നെയാവും….
….. കല രാജൻ …..
This post has already been read 1398 times!
Comments are closed.