ജിപിഎസ് ബ്രൂക്‌സ് കൊച്ചി സംഘടിപ്പിച്ച വിജ്ഞാന സിദ്ധാന്ത, കലാ പ്രദർശനങ്ങൾ ശ്രദ്ധേയമായി
കൊച്ചി: ജിപിഎസ് ബ്രൂക്‌സ് കൊച്ചി വിജ്ഞാന സിദ്ധാന്ത (TOK), കലാ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ജിപിഎസ് ഉപദേശക സമിതി ചെയർപേഴ്‌സൺ ലക്ഷ്‌മി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.ഐബി ഡിപ്ലോമ പ്രോഗ്രാം – 1ന്റെ ഭാഗമായി ‘അറിവും അറിവുള്ളവരും’ എന്ന ആശയത്തിലൂന്നിയായിരുന്നു വിജ്ഞാന സിദ്ധാന്തം പ്രദർശനം.
വിജ്ഞാന രൂപീകരണം, മൂല്യനിർണ്ണയം, പ്രയോഗം, വിജ്ഞാന രൂപീകരണത്തിൽ സാമൂഹ്യ – രാഷ്ട്രീയ – സാംസ്‌കാരിക – ധാർമിക സ്വാധീനം എന്നിവ സംബന്ധിച്ച വിദ്യാർത്ഥികളുടെ അവബോധം അവതരിപ്പിക്കുന്ന വേദിയായി വിജ്ഞാന സിദ്ധാന്ത(TOK) പ്രദർശനം. നിശ്ചിത വിഷയങ്ങളുടെ വിവിധതല പരിപ്രേക്ഷ്യങ്ങളിലൂന്നിയ ഗവേഷണങ്ങളും വ്യക്തിഗത അനുഭവങ്ങളും അടിസ്ഥാനമാക്കി അന്തിമ നിഗമനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ വിദ്യാർഥികൾ പ്രകാശിപ്പിച്ചു. ജേർണലുകൾ, കരകൗശല വസ്‌തുക്കൾ, മൾട്ടിമീഡിയ എന്നിവയാണ് ആശയവിനിമയത്തിന് ഉപാധികളാക്കിയത്.
ഡിപ്ലോമ പ്രോഗ്രാം – 2 ന്റെ ഭാഗമായി അവതരിപ്പിച്ച യുഫോറിയ എന്ന കലാ പ്രദർശനം ഒരുക്കിയത് വിഷ്വൽ ആർട്ട്സ് വിദ്യാർഥികളാണ്. സർഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും ആശയാധിഷ്ഠിത ചിന്തയും പ്രേക്ഷകരിലേക്കെത്തിക്കാൻ യുഫോറിയ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി. സ്നേഹം, രൂപാന്തരീകരണം, വികാര ഭേദങ്ങൾ, കാലം, ജെൻഡർ എന്നിവയിലൂന്നിയ പുരോഗമനപരമായ ആശയങ്ങൾ വ്യത്യസ്‌ത മാധ്യമ സങ്കേതങ്ങളും പെയിന്റിംഗുകൾ സെറാമിക് ഇൻസ്റ്റലേഷനുകൾ എന്നിവയും മുഖേന പ്രദർശനത്തിൽ ആവിഷ്‌കൃതമായി. ആർട്ടിസ്റ്റുകളുടെ മനോവ്യാപാരങ്ങൾ കലാഖ്യാനങ്ങളായി രൂപമെടുത്തു.