കവിത
ഒരു പുലപ്പാട്ട്
ഒരുക്കൂട്ടാനോടിവായോ
ഉടുമുണ്ടുടുത്തുതായോ
ഉടുമുണ്ടുടുത്തുകൊണ്ട്
വഴിയോരക്കാഴ്ച്ച കാണാം.
വഴിയോരം തോറുമങ്ങ്
പരവതാനി വിരിച്ചിട്ട്
വഴിയോരം തോറുമങ്ങ്
വരിയായി നിന്നിടേണം.
മന്ത്രിയാള് വന്നിടുമ്പോൾ
വരയായി മാറിടേണം.
കുരുടന്മാർ വന്നിറങ്ങി
തുറുകണ്ണാൽ നോക്കുന്നേരം
വരിയായി നിന്ന് വീണ്ടും
കുഴലൂതി വിളിച്ചിടേണം.
പതിനേഴു പിറന്നോരെൻ
പെണ്ണാളെ നീയും വേണം
അതിയാനു കാണുവോണം
പെണ്ണാളേ നിന്നിടേണം –
മുലരണ്ടുമാടുവോണം
പെണ്ണാളേയാടിടേണം.
അരവയറു കാണുവോണം
പെണ്ണാളേ ചമഞ്ഞിടേണം
അതിയാന്റെ മോഹമെല്ലാം
നിന്നിലാണെന്നോർമ്മവേണം.
നിന്റെ കൃത്യമൊന്നുമാത്രം
അതിയാനേ വീഴ്ത്തിടേണം.
ഒരുക്കൂട്ടാനോടി വായോ
ഓരറ്റം പൊക്കിത്തായോ
ഒരാളു വന്നെന്നാൽ
ഒരറ്റം പൊക്കിടാമേ,
ഒരറ്റം പൊക്കിയെന്നാൽ
ഒരു കാര്യം പറഞ്ഞിടാമേ.
ഒരു കാര്യം കേൾക്കുവാനായ്
ഓനെല്ലാം വന്നിടുന്നേ.
അവിടുത്തെ മട്ടും പാട്ടും
അടിയങ്ങളറിയുന്നേ
അടിയങ്ങൾ കേട്ടു കേട്ട്
അടിവയറു കാഞ്ഞിടുന്നേ
അടിവയറു കാഞ്ഞിടുമ്പോൾ
അടിയാനുമടിയുന്നേ.
അവിടുത്തെ മട്ടും പാട്ടും
പഴകിയതറിയുന്നേ
പഴകിയ പഴങ്കഞ്ഞീ
പാറ്റ കേറി പായലായേ.
പഴങ്കഞ്ഞി കുടിക്കാനും
പഴങ്കഥ കേൾക്കുവാനും
അടിയങ്ങൾ മാത്രേയുള്ളൂ
ന്നവിടുന്നങ്ങറിയണേ…..
കാലമങ്ങു പാഞ്ഞിടുന്നേ
പല്ലവികൾ പഴകുന്നേ
അടിയാന്റെയടിയത്തി
വയറു വീർത്തു ചത്തിടുന്നേ.
സന്തോഷ് ശ്രീധർ.
This post has already been read 10779 times!
Comments are closed.