തീവ്രാസക്തി ജ്വലിപ്പിച്ചു ‘ജ്വാലാമുഖി’
കൊച്ചി: തീവ്രാസക്തി എരിയിച്ചു ഐതിഹ്യാഖ്യാനം ‘ജ്വാലാമുഖി’ എറണാകുളം ടിഡിഎം ഹാളില്‍ അരങ്ങേറി. നര്‍ത്തകി അഡ്വ. പാര്‍വ്വതി മേനോന്‍ ആശയവും സൃഷ്ടിയും നിര്‍വ്വഹിച്ച ഏകാംഗ കുച്ചിപ്പുടി ഡ്രാമയായ ‘ജ്വാലാമുഖി’യിൽ
ശിവ പുരാണത്തിലെ സതി പ്രമേയമായി.
അഡ്വ. പാര്‍വ്വതി അവതരിപ്പിച്ച വേറിട്ട കൃതിയായി ‘ജ്വാലാമുഖി’. കുച്ചിപ്പുടിയുടെ സമസ്ത തലങ്ങളും ഉള്‍ക്കൊണ്ട സംവേദനാത്മക കൊറിയോഗ്രാഫിയില്‍ നര്‍ത്തകി തന്നെ അപൂര്‍വ്വമായ വാചിക അഭിനയം അവതരിപ്പിച്ചു. ഇത് കുച്ചിപ്പുടിയുടെ അപൂർവ്വ ചാരുതയൊരുക്കി.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെയും അഭിഭാഷക മീര മേനോന്റെയും മകളാണ് മൂന്നു വയസുമുതല്‍ നൃത്തം അഭ്യസിക്കുന്ന പര്‍വ്വതി മേനോന്‍.
സംഗീതം ഒരുക്കിയത് ബിജീഷ് കൃഷ്ണ. താളരചന കലാമണ്ഡലം ചാരുദത്തും ആര്‍എല്‍വി ഹേമന്ത് ലക്ഷ്മണും. എട്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ലൈവ് ഓര്‍ക്കസ്ട്രയിലായിരുന്നു ‘ജ്വാലാമുഖി’ അവതരണം.
കുച്ചിപ്പുടി നര്‍ത്തകി അഡ്വ. പാര്‍വ്വതി മേനോന്‍ കലാമണ്ഡലം മോഹനതുളസിയുടെയും കലാരത്‌ന എ ബി ബാലകൊണ്ടല റാവു എന്നിവരുടെ ശിഷ്യയാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ പാര്‍വ്വതി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ബിരുദാനന്തര ബിരുദത്തിന് തയ്യാറെടുക്കുകയമാണ്. കുച്ചിപ്പുടിയില്‍ ഡിപ്ലോമയും നേടിയ പാര്‍വതി യുവകലാകാരന്മാര്‍ക്കുള്ള സിസിആര്‍ടി സ്‌കോളര്‍ഷിപ്പിന് അര്‍ഹയാണ്. നിലവില്‍ പദ്മവിഭൂഷണ്‍ ഡോ. പദ്മസുബ്രഹ്‌മണ്യത്തിന്റെ കീഴില്‍ കരണങ്ങള്‍ അഭ്യസിക്കുന്നു.
സതിയുടേത് പോലെ ശക്തമത്തായ വേഷം ‘ജ്വാലാമുഖി’യില്‍ അവതരിപ്പിക്കാനായതില്‍ അതീവചാരിതാര്‍ഥ്യം ഉണ്ടെന്നു പാര്‍വ്വതി പറഞ്ഞു. ഭരതനാട്യത്തില്‍ തുടങ്ങിയ പാര്‍വ്വതിയുടെ താത്പര്യം പിന്നീട് കുച്ചിപ്പുടിയിലേക്ക് മാറുകയായിരുന്നു. കുച്ചിപ്പുടിക്ക് തനത് തലങ്ങളും ഘടനയുമുണ്ട്. അഭിനയത്തോട് ഇഷ്ടമുള്ളതിനാല്‍ അതിനവസരവും കുച്ചിപ്പുടി ഒരുക്കുന്നുണ്ടെന്നും അഡ്വ. പാര്‍വ്വതി മേനോന്‍ അഭിപ്രായപ്പെട്ടു.