കവിതകൾ

ജനാലകൾ

ജനാലകൾ

വിശാലമായ ഹൃദയത്തിന്
ജനാലകൾ പണിതതാരാണ്?
അതും അകത്തു നിന്നും
മാത്രം കുറ്റിയിടാവുന്നത്.
മാറാലകൾ ഇവിടെയാളില്ലെന്നു
വിളിച്ചു പറയുമായിരുന്നു.
അതുകേട്ടു മടങ്ങിപ്പോയവരെ
പറ്റിച്ച ഭാവത്തിൽ അവൻ
ഊറിച്ചിരിക്കുമായിരുന്നു.
നിലാവിന്റെ തെളിച്ചവും
വെയിലെന്നു കരുതി
അവൻ തിരശീല
നീക്കി നോക്കിയിരുന്നില്ല.
മഴത്തുള്ളികൾ ചിതറിത്തെറിച്ചൊരുക്കിയ രേഖാചിത്രങ്ങളിൽ അവന്റെ
മിഴികളുടക്കിയിരുന്നില്ല.
പാളികൾ വൃഥാ നിനച്ചിരുന്നു
പാതിയെങ്കിലും എന്നെങ്കിലും തുറക്കുമെന്ന്.
ചില്ലുകളിൽ തട്ടിത്തിരിച്ചുപോയ
തെന്നൽ വഴിതെറ്റിയതിൽ
പിറുപിറുത്തിരുന്നു.
ഒടുവിലൊടുവിൽ അവനു
ശ്വാസം മുട്ടിത്തുടങ്ങി.
നരച്ച തിരശീല വകഞ്ഞു നോക്കി.
അഴികൾ തുരുമ്പിച്ചിരിക്കുന്നു.
വേർപിരിയാൻ കൂട്ടാക്കാത്ത കുറ്റിയും കൊളുത്തും അവനെ നോക്കി കൊഞ്ഞനം കുത്തി.
അലറിക്കരഞ്ഞെങ്കിലും..
ആൾപ്പാർപ്പില്ലാത്ത വീട്ടിലെയാർത്തനാദം
ആരുകേൾക്കാനാണ്.

റിഫായി ജിഫ്രി.

This post has already been read 9326 times!

Comments are closed.