പൊതു വിവരം

14 September, 2024 19:00

കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

രണ്ട് ദിവസത്തെ മത്സരങ്ങൾ കൊണ്ട് ടൂർണമെൻറിൽ ഉജ്ജ്വല തിരിച്ചു വരവുമായി തൃശൂർ ടൈറ്റൻസ്. ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയുടെ താഴത്തായിരുന്നവർ തുടരൻ വിജയങ്ങളുമായി മുന്നോട്ട്. ഇതിലൂടെ അവർ സെമി സാധ്യതകളും സജീവമാക്കി.

കഴിഞ്ഞ ദിവസം പിന്തുടർന്നത് കൂറ്റൻ സ്കോർ. വെടിക്കെട്ട്‌ ബാറ്റിംഗുമായി വിജയം ഒരുക്കിയത് ഓപ്പണർ ആയി ഇറങ്ങിയ വിഷ്ണു വിനോദും. എന്നാൽ ഇന്ന് താരതമ്യേന ചെറിയ ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിയുന്നത്. അവിടെ നിർണായകമായത് ലോവർ ഓർഡർ ബാറ്റിംഗ് നിരയുടെ പ്രകടനവും.

എന്നാൽ ഇന്നത്തെ വിജയത്തിന് ടൈറ്റൻസ് കൂടുതൽ കടപ്പെട്ടിരിക്കുന്നത് ബൗളിങ് നിരയുടെ പ്രകടനത്തിനാണ്. കൊച്ചിയുടെ മുൻ നിര ബാറ്റിംഗിനെ നിധീഷും മോനു കൃഷ്ണയും ചേർന്ന് ചുരുട്ടിക്കെട്ടിയപ്പോൾ മധ്യ നിരയെ തകർത്തെറിഞ്ഞത് മുഹമ്മദ് ഇഷാഖിന്റെ പ്രകടനമാണ്. മികച്ച ബാറ്റർമാരായ ജോബിൻ ജോബിയേയും സിജോമോൻ ജോസഫിനെയും പുറത്താക്കിയത് മുഹമ്മദ്‌ ഇഷാഖാണ്. വാലറ്റത്ത് ബേസിൽ തമ്പി, ഷൈൻ ജോൺ ജേക്കബ് എന്നിവരെയും ഇഷാഖ് തന്നെ മടക്കി. നാലോവാറിൽ 12 റൺസ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റ്. ഇഷാഖ് തന്നെയാണ് മാൻ ഓഫ് ദി മാച്ചും.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഇഷാഖ് ജോളി റോയൽസ് ക്ലബ്ബിലൂടെയാണ് കളിച്ചു വളർന്നത്. ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
പരപ്പനങ്ങാടി പുളിക്കലകത്ത് സിദ്ദിഖിന്റെയും അസ്മയുടെയും മകനാണ്.

കൊല്ലം സെയ്ലേഴ്‌സ് ആണ് അടുത്ത മത്സരത്തിൽ തൃശ്ശൂരിന്റെ എതിരാളി. തിങ്കളാഴ്ചയാണ് മത്സരം.

This post has already been read 338 times!

Comments are closed.